ലോകകപ്പ് സൂപ്പർ ഓവറിലെ അവസാന പന്തിൽ ഡബിൾ എടുക്കാനുള്ള ഓട്ടത്തിനിടെ കിവീസ് താരം മാർട്ടിൻ ഗപ്ടിലിനു വേഗം അൽപം കുറഞ്ഞിരുന്നോ? വേഗം കുറവായിരുന്നു എന്നതാണു വാസ്തവം. ഗപ്ടിലിന്റെ ഇടതു കാലിൽ രണ്ടു വിരലുകളേയുള്ളു! 13–ാം വയസ്സിൽ, ഇടതുകാലിൽ ട്രക്ക് കയറിയപ്പോൾ ചതഞ്ഞരഞ്ഞ 3 വിരലുകൾ പിന്നീടു മുറിച്ചു നീക്കുകയായിരുന്നു.
എന്നാൽ പഴയതുപോയ ഓടാനും നടക്കാനും ഇടതു കാലിൽ അവശേഷിച്ച രണ്ടുവിരലുകൾ മതി എന്ന തിരിച്ചറിവ് മാർട്ടിൻ ഗപ്ടിൽ എന്ന പോരാളിയെ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിൽ എത്തിച്ചു. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു കിവീസ് ബാറ്റ്സ്മാനെന്ന റെക്കോർഡുകാരനായ ഗപ്ടിലിന് പക്ഷേ, ലോകകപ്പ് ഫൈനലിലെ സൂപ്പർ ഓവറിൽ കിവീസിനെ വിജയലക്ഷ്യത്തിൽ എത്തിക്കാനായില്ല.
സൂപ്പർ ഓവറിലെ അവസാന പന്തു മാത്രമാണു ഗപ്ടിൽ നേരിട്ടത്. അപ്പോൾ കിവീസ് വിജയത്തിനു വേണ്ടിയിരുന്നത് 2 റൺസ്. ഗപ്ടിൽ ആദ്യ റൺ ഓടിയെടുത്തപ്പോഴേക്കും ഡീപ് മിഡ് വിക്കറ്റിൽനിന്നു വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈകളിലേക്കു ത്രോ എത്തി. ക്രീസിലേക്കുള്ള മുഴുനീളൻ ഡൈവിനും ഗപ്ടിലിനെ രക്ഷിക്കാനായില്ല. ബൗണ്ടറിക്കണക്കിൽ ലോകകപ്പ് നഷ്ടമായതോടെ കണ്ണീരണിഞ്ഞ ഗപ്ടിലിനെ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ എത്തിയാണ് ആശ്വസിപ്പിച്ചത്.
കിവീസിനു ലോകകപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഗപ്ടിലിന്റെ ഫീൽഡിങ് മികവിന്റെ കൂടി പേരിലാകും ഈ ലോകകപ്പ് ഓർമിക്കപ്പെടുക. ഓസീസിന് എതിരായ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഇടംകൈ ഡൈവിങ് ക്യാച്ച്, സെമിയിൽ എം.എസ്. ധോണിയെ റണ്ണൗട്ടാക്കിയ ഡയറക്ട് ഹിറ്റ്. ഇവ രണ്ടും ഈ ലോകകപ്പിന്റെ ഓർമച്ചിത്രങ്ങളാണ്!
ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ന്യൂസീലൻഡ് താരമാണ് മാർട്ടിൻ ഗപ്ടിൽ. വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയ ഗപ്ടിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 2009 ജനുവരി 10ന് ഓക്ലൻഡിൽ നടന്ന ഈ മൽസരം മഴമൂലം പൂർത്തിയാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. ഓപ്പണറായെത്തിയ ഗപ്ടിൽ 135 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 122 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസ് 10.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസെടുത്തു നിൽക്കെ മൽസരം മഴ മുടക്കി.
ഏകദിനത്തിൽ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ മാർട്ടിൻ ഗപ്ടിലിന്റെ പേരിലാണ്. 2015 ലോകകപ്പ് ക്വാർട്ടറിൽ വെസ്റ്റിൻഡീസിനെതിരെ ഗപ്ടിൽ നേടിയത് പുറത്താകാതെ 237 റൺസ്! 163 പന്തിൽ 24 ബൗണ്ടറിയും 11 സിക്സും സഹിതമാണ് ഗപ്ടിൽ 237 റൺസെടുത്ത്. ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 393 റൺസെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 250ൽ അവസാനിച്ചു. ഏകദിനത്തിൽ ന്യൂസീലൻഡ് താരങ്ങളുടെ ഏക ഇരട്ട സെഞ്ചുറി കൂടിയാണിത്. ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോറും ഇതുതന്നെ. ഏകദിനത്തിൽ ഗപ്ടിലിനേക്കാൾ ഉയർന്ന വ്യക്തിഗത സ്കോർ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കു (264) മാത്രം.
Leave a Reply