പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ പ്രത്യേകമായി ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്ന മാസമാണല്ലോ മെയ് മാസം. ഇതിലൂടെ അമ്മയെ വണക്കുകയാണ് നാമോരോരുത്തരും. മാതാവിന്റെ വണക്കമാസത്തിലെ ചിന്തകള്‍ ഒരുപാട് ഉണര്‍വ്വുകള്‍ ചെറുപ്പ കാലം മുതലേ ലഭിച്ചിട്ടുണ്ട്.

ഇന്നത്തെ ചിന്ത പരിശുദ്ധ അമ്മയുടെ മരണത്തെപ്പറ്റിയാണ്. കന്യകാമറിയത്തിന്റെ മരണത്തെപ്പറ്റി സുവിശേഷങ്ങളില്‍ വ്യക്തമായ പരാമര്‍ശങ്ങളില്ല. ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ പരിശുദ്ധ അമ്മയുടെ ഉറക്കതിരുന്നാള്‍ പൗരസ്ത്യ സഭാ സമൂഹങ്ങളില്‍ ആഘോഷിച്ചിരുന്നതായി കാണാം. ഓഗസ്റ്റ് 15 ന് കൊണ്ടാടിയിരുന്ന ഈ തിരുന്നാള്‍ പാശ്ചാത്യ സഭയില്‍ സ്വര്‍ഗ്ഗാരോഹണ തിരുന്നാളായി ആചരിച്ചിരുന്നു. ജെറുസലേമിലെ സഭയില്‍ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. അപ്പസ്‌തോലന്മാരുടെ സാന്നിധ്യത്തില്‍ മറിയത്തിന്റെ കബറടക്കം നടക്കുമ്പോള്‍ തോമസ്സ് അപ്പസ്‌തോലന്‍ അവിടെ ഇല്ലായിരുന്നു. തോമസ്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൂന്നാം ദിവസം കല്ലറ തുറന്നപ്പോള്‍ കബറിടത്തില്‍ മറിയത്തിന്റെ ശരീരം കണ്ടില്ല. വിശ്വാസവും വസ്തുതയും ഭാവനയും കൂടിയ ഒരു വിവരണമാണിത്. എട്ടാം നൂറ്റാണ്ടില്‍ വി. ജോണ്‍ ഡമഫീന്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖയില്‍ സഭയുടെ വിശ്വാസം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. അമലോത്ഭവ മറിയം ഉദ്ഭവപാപക്കറയില്‍ നിന്ന് സ്വതന്ത്രയാക്കപ്പെട്ടു. തന്റെ ഭൗതീക ജീവിതത്തിന് ശേഷം സ്വര്‍ഗ്ഗീയ തെജസ്സിലേയ്ക്ക് ആത്മാവോടും ശരീരത്തോടും കൂടി എടുക്കപ്പെട്ടു. എല്ലാത്തിന്റെയും റാണിയായി നാഥന്‍ ഉയര്‍ത്തപ്പെട്ടു.

ഏതു തരം ശരീരമാണ് ഉത്ഥാനംചെയ്യുന്നത്? പൗലോസ് ശ്ലീഹാ ഇപ്രകാരം വിവരിക്കുന്നുണ്ട്. ‘നീ വിതയ്ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ അത് പുനര്‍ജീവിക്കുന്നില്ല. ഇപ്രകാരം തന്നെയാണ് മരിച്ചവരുടെ പുനരുത്ഥാനവും. വിതയ്ക്കുന്നത് ഭൗതീക ശരീരം. പുനര്‍ജീവിക്കുന്നത് ആത്മീയ ശരീരവും’ ( 1 കൊറി. 15:4244) രൂപാന്തരപ്പെട്ട ശരീരമായതുകൊണ്ടാണല്ലോ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ ശിഷ്യന്മാര്‍ അവരെ തിരിച്ചറിയാതെ പോയത്. യേശു മരിച്ച് രൂപാന്തരപ്പെട്ട് ഉത്ഥിതനായി. മറിയവും മരിച്ച് രൂപാന്തരപ്പെട്ട് സ്വര്‍ഗ്ഗാരോപിതനായി എന്ന് വിശ്വസിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നന്മ നിറഞ്ഞവളായി വചനം തന്നില്‍ രൂപം കൊള്ളാന്‍ സമ്മതം കൊടുത്തു. കര്‍ത്താവിന്റെ അമ്മ എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശു യോഹന്നാന്‍ തുള്ളിച്ചാടി. യേശുവിന്റെ മനുഷ്യാവതാരം മുതല്‍ കുരിശുമരണം വരെ യേശുവിനോട് കൂടി സഞ്ചരിച്ചു. കുരിശില്‍ വെച്ച് മറിയത്തെ അമ്മയായി താന്‍ സ്‌നേഹിക്കുന്ന ശിഷ്യനു കൊടുത്തു. അതു കൊണ്ടായിരിക്കാം യേശു സ്‌നേഹിക്കുന്ന ശിഷ്യന്റെ പേര് ഒരിടത്തും പറയാത്തത്. നമ്മുടെ ഓരോരുത്തരുടെയും പേര് അവിടെ എഴുതണം. വിശ്വാസികളുടെ എല്ലാം സഭയുടെ അമ്മയായിരിക്കുകയാണ് മറിയം. ഈ വെളിപ്പെടുത്തലിലൂടെ യോഹന്നാന്റെ സുവിശേഷത്തിലെ വലിയ മരിയന്‍ രഹസ്യ മാണിത്. യേശുവിന്റെ കൂടെ ചിന്തിച്ച്, ധ്യാനിച്ച്, സഹിച്ച്, ദൈവതിരുമനസ്സ് നിറവേറ്റി നടന്നാല്‍ നാമും രൂപാന്തരപ്പെടും.

ഈ രൂപാന്തരപ്പെടലിന് നാം തയ്യാറാകുന്നുണ്ടോ? ക്രിസ്തു മരിയന്‍ രഹസ്യങ്ങള്‍ ധ്യാനിക്കുന്ന ഈ ദിവസങ്ങളില്‍ രൂപാന്തരപ്പെടാനായി നമുക്കും തയ്യാറെടുക്കാം. എന്റെ ശരീരവും ആത്മാവും അതിനുള്ളതാണ്. അത് വികലമാക്കാതിരിക്കാം. അനീതിയും വിദ്വേഷവും ശത്രുതയും അശുദ്ധിയും നമ്മുടെ ശരീരത്തേയും അത്മാവിനെയും കളങ്കിതമാക്കാതെ സൂക്ഷിക്കാം. പരിശുദ്ധ അമ്മയുടെ സഹായം യാചിക്കാം.

പ്രാര്‍ത്ഥന.
പ. കന്യകയെ, അങ്ങയുടെ മരണം ഒരു സ്‌നേഹ നിദ്രയായിരുന്നുവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണമായിരുന്നു. നാഥേ, ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ
ദിവ്യകുമാരനോടും കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കേണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്തു നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ.

സുകൃതജപം.
ദൈവമാതാവേ, ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.