ജോജി തോമസ്

രാജ്യവും ജനങ്ങളും ഒത്തിരി പ്രതീക്ഷകളോടെ കണ്ടതാണ് കേരളത്തിലെ ഇടതുരാഷ്ട്രീയവും ഭരണവും. ആ പ്രതീക്ഷകളുടെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വളരെ മികച്ച ഭൂരിപക്ഷത്തോടെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തിലെത്താന്‍ സാധിച്ചത്. പക്ഷെ അടുത്ത കാലത്തായി കേരളത്തിലെ ഇടതുപക്ഷത്തുനിന്നു കേള്‍ക്കുന്നത് അസുഖകരവും വലതുപക്ഷത്തെപ്പോലും നാണിപ്പിക്കുന്നതുമായ വാര്‍ത്തകളാണ്. അധികാരത്തിന്റെ വഴികളിലൂടെ നേടിയെടുത്ത പണത്തിലും അതിന്റെ ധാരാളിത്വത്തിലും അഭിരമിക്കുന്ന നേതാക്കന്മാരും അവരുടെ കുടുംബങ്ങളും ഇടതുപക്ഷത്തിനും നല്‍കുന്ന പ്രതിച്ഛായ വളരെ മോശവും ജനമനസുകളില്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുത്തുന്നതുമാണ്.

ഇടതുപക്ഷത്തിന്റെ വലത്തോട്ടുള്ള ഈ യാത്ര അപകടകരവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തന്നെ നാശത്തിന് കളമൊരുക്കുന്നതുമാണ്. എതിര്‍ ശബ്ദങ്ങളും വിയോജിപ്പുകളും ധാരാളമുണ്ടെങ്കിലും കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യ മൊത്തത്തിലെടുത്താല്‍ നിര്‍ണായകമായൊരു രാഷ്ട്രീയ ശക്തിയാകാന്‍ സാധിച്ചിട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ധാര്‍മികതയുടെ ശബ്ദമാകാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നു. ആ ധാര്‍മികതയുടെ നാവാണ് ഇടതുപക്ഷമെന്ന പേരില്‍ പൊതു ഖജനാവവില്‍ നിന്നുള്ള പണമുപയോഗിച്ച് വാങ്ങിയ വിലയേറിയ കണ്ണടകളുമായെത്തിയ അഴകിയ രാവണന്മാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സ്തുതി പാഠകര്‍ക്ക് പാടി നടക്കാന്‍ സഹനത്തിന്റേയും സമരത്തിന്റെയും ത്യാഗോജ്വലമായ ഇന്നലകള്‍ ഉണ്ടായിരിക്കാമെങ്കിലും ആ ഇന്നലെകളെ വിസ്മൃതിയിലാക്കാന്‍ പൊതുഖജനാവിലെ പണമുപയോഗിച്ച് വാങ്ങിയ ഒരു കണ്ണടയ്ക്കായെന്നത് നിസ്സാര കാര്യമല്ല. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരും അവരുടെ കുടുംബങ്ങളും ജീവിതശൈലിയിലും ഏര്‍പ്പെടുന്ന തൊഴിലുകളിലും വച്ചുപുലര്‍ത്തേണ്ട മുന്‍കരുതലുകളെക്കുറിച്ച് സാമാന്യ ബോധമില്ലായ്മയാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ നേതൃത്വത്തിന് അവമതിയുണ്ടാക്കിയത്.

കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും അതിന്റെ നേതൃത്വമാണ് പലപ്പോഴും വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായിത്തീരുന്നത് എന്നത് അതിശയോക്തിപരമാണ്. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പലപ്പോഴും പ്രതിരോധത്തിലായത് കണ്ണൂര്‍ ജില്ലയില്‍ നടന്ന അക്രമണങ്ങളുടെ പേരിലാണ്. സിപിഎം എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയല്ലെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ന്യായങ്ങള്‍ ആരുടെ പക്ഷത്തായാലും കണ്ണൂരിലെ അതിക്രമങ്ങളുടെ പേരില്‍ സിപിഎം ഇന്ത്യയൊട്ടാകെ കേള്‍ക്കുന്ന പേരുദോഷം അത്ര വലുതാണ്. ആധുനിക കാലഘട്ടത്തിന് പറ്റിയ രാഷ്ട്രീയ മുറയല്ല. സിപിഎം ഉള്‍പ്പെടെ പല രാഷ്ട്രീയ പാര്‍ട്ടികളും കണ്ണൂരില്‍ പയറ്റുന്നത്.

രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണങ്ങളും ന്യായങ്ങളും പലതുകണ്ടെത്താമെങ്കിലും സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് നേതാക്കന്മാരുടെയും കുടുംബാംഗങ്ങളുടെയും ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളുമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബമായി ബന്ധപ്പെട്ട് അടുത്തയിട ഉയര്‍ന്ന വിവാദങ്ങള്‍. പ്രായപൂര്‍ത്തിയായ മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അച്ഛന് പരിമിതികളുണ്ടെന്ന വാദമുയര്‍ത്താമെങ്കിലും നാടുനീളെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി വളര്‍ത്താന്‍ ഓടിനടക്കുന്ന അച്ഛന്റെ മക്കള്‍ മുതലാളിത്വത്തിന്റെ സുഖലോലുപതയില്‍ നീരാടുന്നതിന്റെ യുക്തി സാമാന്യ ജനത്തിന് മനസിലാകുന്നതല്ല. മക്കളുടെ പല ബിസിനസുകളും അച്ഛന്റെ അധികാരത്തിന്റെയും സ്വാധീനത്തിലും തണലിലുമാണെന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സംശയങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുവാന്‍ വ്യവസായികള്‍ കോടികള്‍ വാരിയെറിഞ്ഞെങ്കില്‍ അവര്‍ അതിന്റെ ലാഭം എവിടെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. അടുത്ത ദിവസം സമാപിച്ച സംസ്ഥാന സമ്മേളനതതില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് കാര്യമായ ചര്‍ച്ച പോലും ഉണ്ടാകാതിരുന്നത് സിപിഎമ്മിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് സംഭവിച്ച സാരമായ തകരാറിന് ഉദാഹരണമാണ്. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ചെറുഗ്രഹങ്ങളായി പാര്‍ട്ടി ഘടകങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കില്‍ വീണ്ടും സെക്രട്ടറി പദത്തിലെത്താന്‍ കോടിയേരി വിഷമിച്ചേനെ. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നയിക്കുമ്പോള്‍ തന്നെ മക്കളെ ലക്ഷക്കണക്കിന് ഫീസ് നല്‍കി വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നത് പല നേതാക്കന്മാര്‍ക്കും ആശയങ്ങളോടും ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളോടുമുള്ള പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടാന്‍ കാരണമായി.

ഇടതുമന്ത്രിസഭ അധികാരമേറ്റതു മുതല്‍ മൂന്നു മന്ത്രിമാര്‍ക്ക് വിവിധ കാരണങ്ങളാല്‍ രാജിവെച്ച് ഒഴിയേണ്ടി വന്നു. വലതുമന്ത്രിമാരെപ്പോലെ കള്ളത്തരങ്ങള്‍ കാട്ടാനും പിടിച്ചു നില്‍ക്കാനയുമുള്ള കഴിവില്ലായ്മയുമാവാം ഒരു പക്ഷേ ഇത്രയധികം മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ചത്. പക്ഷേ ഒരു ഇടതുപക്ഷ മന്ത്രിസഭയിലെ അംഗങ്ങളില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഈ മൂന്നു മന്ത്രിമാരില്‍ നിന്നും ഉണ്ടായത്. ഇതില്‍ ഏറ്റവും വിരോധാഭാസമായിട്ടുള്ളത് എന്‍സിപി പ്രതിനിധി എ കെ ശശീന്ദ്രന്റെ മടങ്ങി വരവാണ്. വാദി പരാതി പിന്‍വലിച്ചാലും, കോടതിയില്‍ നിന്ന് കുറ്റവിമുക്തനായാലും അധികാരത്തിന്റെ തണലില്‍ ശശീന്ദ്രന്‍ കാട്ടിക്കൂട്ടിയ വൈകൃതങ്ങള്‍ കേരള ജനതയുടെ മുഴുവന്‍ കാതുകളില്‍ എത്തിയതാണ്. കെണിയില്‍ പെടുത്തിയതാണെന്ന് വാദിക്കാമെങ്കിലും ഒരു ഭരണാധികാരിയുടെ ബലഹീനതയാണ് അവിടെ തുറന്നുകാട്ടപ്പെട്ടത്. കാര്യസാധ്യത്തിനുവേണ്ടി നാളെയും ആരെങ്കിലും സമീപിച്ചാല്‍ മന്ത്രിയുടെ ബലഹീനത വീണ്ടും തലപൊക്കില്ലെന്ന് എന്താണ് ഉറപ്പ്. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം കണ്ടാല്‍ തോന്നുക അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും എന്‍സിപിയുടെ രണ്ട് നിയമസഭാ അംഗങ്ങളുടെ പിന്തുണയും ഇല്ലെങ്കില്‍ ഇടതുഭരണം മുന്നോട്ട് പോകില്ലെന്നാണ്. ശശീന്ദ്രന് പകരം കുറഞ്ഞ കാലത്തേയ്ക്ക് മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടിക്കെതിരെ നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംരക്ഷിക്കാന്‍ നടത്തിയ കസര്‍ത്തുകള്‍ കേരള ജനതയ്ക്ക് മുമ്പില്‍ ഇടതുപക്ഷത്തെ പരിഹാസ്യരാക്കി.

അഴിമതിക്കെതിരായ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളിലെല്ലാം വെള്ളം ചേര്‍ക്കപ്പെട്ടു. അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് എടുത്ത പല കേസുകളും ഫയലില്‍ ഒതുങ്ങി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ സാരമായ കുറവുണ്ടായി. അഴിമതി കുറഞ്ഞതുകൊണ്ടാണ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതെങ്കില്‍ നന്നായിരുന്നു.

അഴിമതിക്കേസില്‍ ജയിലില്‍ പോയി കേരള ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ഈ ഭരണത്തില്‍ കാബിനറ്റ് റാങ്കുള്ള മുന്നോക്ക് വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്. ഇടതുപക്ഷത്തിന്റെ സമുന്നത നേതാവ് വി എസ് അച്യുതാനന്ദനാണ് ബാലകൃഷ്ണപിള്ളയുടെ അഴിമതിക്കെതിരെ നിയമയുദ്ധം നയിച്ചത് എന്നത് നിലവിലെ സാഹചര്യത്തില്‍ തികഞ്ഞ വിരോധാഭാസമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് മന്ത്രിയായിരിക്കെ സ്ത്രീ വിഷയത്തില്‍ തല്ലുകൊണ്ട് പുറത്തുപോകേണ്ടി വന്ന അദ്ദേഹത്തിന്റെ മകന്‍ ഗണേഷ് കുമാര്‍ കുറുക്കുവഴികളിലൂടെ മന്ത്രിസഭയിലെത്താനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റവുമധികം കോളിളക്കം സൃഷ്ടിക്കുകയും സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്ത ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ എം മാണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍.

പാരിസ്ഥിതിക പ്രശ്‌നങ്ങളോട് കാലകാലങ്ങളായി ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം വ്യക്തമാണ്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അന്തരം കുറഞ്ഞുവരുമ്പോള്‍ ഇടതുപക്ഷ അനുഭാവികളായിരുന്ന വലിയൊരു ജനവിഭാഗം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. വലതുപക്ഷ നേതൃത്വത്തിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടിയും അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സജീവമാക്കിയും ഇടതുനേതൃത്വത്തിന് തലയൂരാന്‍ സാധിക്കില്ല. കാരണം വലതുപക്ഷത്തുള്ള നേതാക്കന്മാരെ പിന്തുണയ്ക്കുന്നവര്‍ അവര്‍ എന്താണെന്ന് മനസിലാക്കി തന്നെയാണ് പിന്തുണ നല്‍കുന്നത്. ഇടതു നേതൃത്വത്തിന്റെ നയപരവും ആശയപരവുമായ വ്യതിയാനങ്ങളെ ഇതുപോലെ ഇടതുപക്ഷ അനുഭാവികള്‍ ഉള്‍ക്കൊള്ളണമെന്നില്ല. വി എസ് അച്യുതാനന്ദന് ശേഷം ഒരു ജനകീയ നേതാവ് ഇടതുപക്ഷത്തുനിന്ന് ഉയര്‍ന്നുവരാത്തത് തെരഞ്ഞെടുപ്പുകളില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും. ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രവര്‍ത്തനശൈലി പിന്തുടരുന്ന നേതാക്കള്‍ ജനാധിപത്യവ്യവസ്ഥിയില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പുകളില്‍ ശോഭിക്കില്ല. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രതാപ കാലത്ത് കേരളത്തിലെ ഇടതുപക്ഷ അനുഭാവികള്‍ ആഗ്രഹിച്ചിരുന്നത് കേരളവും ബംഗാളും പോലെ ഭരണത്തുടര്‍ച്ചയുള്ള ഒരു സംസ്ഥാനമാക്കണമെന്നായിരുന്നു. ഇടതുനേതൃത്വം പ്രവര്‍ത്തനങ്ങളിലും ശൈലിയിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇന്ന് ബംഗാളില്‍ എന്താണോ സംഭവിച്ചത് അതാവും നാളെകളില്‍ കേരളത്തിലും സംഭവിക്കുക.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.