അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്നലെ നടന്ന ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവത്തിൻ്റെ സമ്മാനദാന വേദി അച്ഛൻറെയും മകളുടെയും സാന്നിധ്യംകൊണ്ട് കൗതുകമായി. മുതിർന്നവരുടെ പ്രസംഗമത്സരത്തിൽ റീജനൽ തലത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ലീഡ്സിൽ നിന്നുള്ള ജോജി തോമസും 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളുടെ പ്രസംഗമത്സരത്തിൽ റീജനൽ , നാഷണൽ തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ദിയാ ജോജിയുമാണ് ഈ അച്ഛനും മകളും . ഒരേ ഇനത്തിൽ തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും മത്സരവിഭാഗത്തിൽ ഇരുവരും സമ്മാനാർഹരായതാണ് കൗതുകകരമായത്. ദിയാ മുൻപ് നടന്ന ബൈബിൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനത്തിലൂടെ വിജയിക്കുകയും ചെയ്തിരുന്നു. ലീഡ്സിനടുത്തുള്ള വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന ജോജിയും ഭാര്യ മിനി മോളും സെൻ്റ് മേരിസ് സീറോ മലബാർ കാത്തലിക് മിഷനിലെ അംഗങ്ങളാണ്. ദിയയ്ക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരി ആൻ ഇയർ 10ലും ഇളയ സഹോദരി ലിയ ഇയർ 2വിലും വിദ്യാർഥിനികളാണ്. തൻ്റെ പ്രസംഗകലയിലെ കഴിവുകൾ പുറത്തെടുക്കാനും വളർത്താനും സഭാവേദികളും പ്രത്യേകിച്ച് ബൈബിൾ കലോത്സവവും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ദിയ മലയാളംയു കെയോട് പറഞ്ഞു.

യുകെയുടെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന് വിജയികളടങ്ങിയ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചത്. രൂപത രൂപീകൃതമായതിനുശേഷം നടന്ന മൂന്നു ബൈബിൾ കലോത്സവങ്ങളും ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമാകുകയും യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച കലാ സംഗമവേദിയായി മാറുകയും ചെയ്തിരുന്നു.