ജോജി തോമസ്

ഏതാണ്ട് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന, ലോകത്തിലേ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് അതിലേ ഏറ്റവും പ്രമുഖ രാജ്യമായ ഗ്രേറ്റ് ബ്രിട്ടൻ പുറത്തു വരുമെന്ന് ഉറപ്പായതോടുകൂടി യൂറോപ്യൻ യൂണിയനിലാകെയും, പ്രത്യേകിച്ച് ബ്രിട്ടണിലും പരക്കെ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളാണ് കാണപ്പെടുന്നത്. 1993, നവംബർ ഒന്നിന് ആണ് യൂറോപ്യൻ യൂണിയൻ ഔപചാരികമായി ആരംഭിച്ചത്. 28 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയൻ ലോകത്തിലേ ഏറ്റവും ശക്തമായ രാഷ്ട്രീയ-സാമ്പത്തിക കൂട്ടുകെട്ടായും, സിംഗിൾ മാർക്കറ്റായുമാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും ശക്തമായ രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിവാദങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളുമാണ് യുകെയിൽ കഴിഞ്ഞമാസം നടന്ന പൊതു തെരഞ്ഞെടുപ്പിന് കാരണമായത്. ചരക്കുകളുടെയും, ആളുകളുടെയും നിയന്ത്രണങ്ങളില്ലാതെ അംഗരാജ്യങ്ങളിലെവിടെയുമുള്ള സഞ്ചാരം സാധ്യമാക്കിയിരുന്ന യൂറോപ്യൻ യൂണിയൻ നിലവിൽ വന്നതോടുകൂടി ജീവിതനിലവാരതോതിൽ മുന്നിൽ നിന്നിരുന്ന യുകെയിലേയ്ക്ക് മറ്റ് അംഗരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കനത്ത ഒഴുക്കാണ് ഉണ്ടായത്.

വോൾട്ടയർ പറഞ്ഞിട്ടുണ്ട് പണക്കാരന്റെ സുഖസൗകര്യങ്ങൾ നിലനിൽക്കുന്നത് പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയെ അനുസരിച്ചാണെന്ന് അതുകൊണ്ട് തന്നെ മുതലാളിത്ത രാഷ്ട്രങ്ങളുടെ പതാക വാഹകരായ ബ്രിട്ടൻ മനുഷ്യവിഭവശേഷിയുടെ ഒഴുക്കിന് ശരിക്കും ആസ്വദിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ തന്റെ പൗരന്മാർക്കു കൊടുക്കുന്ന ബെനിഫിറ്റുകൾ യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവർ കൈപ്പറ്റാൻ തുടങ്ങിയതോടുകൂടിയാണ് യൂറോപ്യൻ യൂണിയൻ എന്ന ആശയത്തിൽ കല്ലുകടി തുടങ്ങിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ബ്രെക്സിറ്റ് ബ്രിട്ടണിൽ തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വമാണ് സമ്മാനിച്ചത്. ഡേവിഡ് കാമറൂൺ, തെരേസാ മെയ് തുടങ്ങിയ രാഷ്ട്രീയ അതികായകരുടെ പതനത്തിനും മൂന്നോളം പൊതുതെരഞ്ഞെടുപ്പുകൾക്കും വഴിയൊരുക്കിയതും ബ്രെക്സിറ്റ് മാത്രമാണ്. അവസാനം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലൂടെ ബോറിസ് ജോൺസൺ എന്ന പ്രവചനാതീതമായ നേതാവിന്റെ കീഴിൽ ബ്രെക്സിറ്റ് സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ. ബ്രെക്സിറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാടുകൾ ഇല്ലാതിരുന്ന ലേബർ പാർട്ടിക്കും അതിന്റെ നേതാവ് ജെർമി കോർബിനും പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ യുകെയ്ക്ക് വിജയകരമായ ബ്രെക്സിറ്റ് സാധ്യമാകുമെന്നു തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പക്ഷെ ബ്രിട്ടന്റെ അഭിമാനവും, ലോകത്തിനു മാതൃകയുമായ നാഷണൽ ഹെൽത്ത് സർവീസും, ആരോഗ്യ പദ്ധതികളും യു എസിനെ അടിയറ വെയ്ക്കുമോ എന്ന സന്ദേഹം പരക്കെയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോറിസ് ജോൺസന്ന് നൽകുന്ന അകമഴിഞ്ഞ പിന്തുണ ഈ കച്ചവടകണ്ണ് ലക്ഷ്യമാക്കിയാണന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിലേ അംഗരാജ്യങ്ങളുമായിട്ട് മികച്ച ഒരു കരാർ നേടാൻ അമേരിക്കൻ പിന്തുണ ബോറിസ് ജോൺസനേ സഹായിക്കും. പക്ഷെ അതിന് ബ്രിട്ടൻ കൊടുക്കേണ്ട വില ബ്രിട്ടീഷ് ജനതയുടെ അഭിമാനമായ എൻ.എച്ച്.എസ് ആണെങ്കിൽ അതൊരു കനത്ത നഷ്ടമായിരിക്കും. മാത്രമല്ല ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എൻ.എച്ച്.എസ്സിലേ തൊഴിൽ സാഹചര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾക്ക് ഇത് കാരണമാകും.

എന്തായാലും മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇനി ബ്രിട്ടനിൽ വരാൻ പോകുന്നത്. ഈ ദൗർലഭ്യം ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നു തരുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ ബ്രെക്സിറ്റും പുതിയ ഭരണ നേതൃത്വവും കൊണ്ട് മലയാളിക്കുണ്ടാകാവുന്ന നേട്ടവും അതു തന്നെയായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.