ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലേർണർ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾസ്‌ സ്റ്റാൻഡേർഡ്സ്‌ ഏജൻസി അറിയിച്ചിരിക്കുകയാണ്. ഒരു ഡ്രൈവിംഗ് ടെസ്റ്റിനു വേണ്ടി ലേർണർ ഡ്രൈവറുമാരുടെ പക്കൽ നിന്നും 200 പൗണ്ടിലധികം തുകയാണ് കമ്പനികൾ ഈടാക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് സാധാരണ ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ്. കോവിഡ് മൂലം ഉണ്ടായ ബാക്ക് ലോഗ് മൂലം നിരവധിപേർക്കാണ് ടെസ്റ്റ് നടക്കാനായിട്ടുള്ളത്. ഈ സാഹചര്യം മുതലെടുത്ത് കമ്പനികൾ കൂടുതൽ പണം ഈടാക്കി പെട്ടെന്ന് തന്നെ ടെസ്റ്റ് നൽകുമെന്ന വാഗ്ദാനമാണ് നൽകുന്നത്. ബ്രിട്ടനിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഔദ്യോഗികമായി നടത്തുന്നത് ഡ്രൈവിംഗ് ആൻഡ് വെഹിക്കൾസ്‌ സ്റ്റാൻഡേർഡ്സ്‌ ഏജൻസി ആണ്. ഡി വി എസ് എ യുടെ ബുക്കിംഗ് സംവിധാനത്തിൽ ഒരു പ്രത്യേക സിസ്റ്റം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്കായി നിലവിലുണ്ട്. ഇത് ഇത്തരം ഇൻസ്ട്രെക്ടറുമാർ ദുരുപയോഗം ചെയ്യുന്നതായി ഡി വി എസ് എ കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരനടപടികൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡി വി എസ് എ ചീഫ് എക്സിക്യൂട്ടീവ് ലവ്ഡെ റയ്ഡർ വ്യക്തമാക്കി. പുതിയ രജിസ്ട്രേഷനുകൾ വളരെയധികം ശ്രദ്ധിച്ചു മാത്രമേ ഇനി സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അവസരങ്ങൾ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.