ജോജി തോമസ്.

അടുത്തകാലത്ത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണവും, സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്ളാറ്റുകളുടെ പൊളിച്ചുനീക്കലും. ചർച്ചകളിലേറെയും നിറഞ്ഞുനിന്നത് നിയമവിരുദ്ധ നിർമ്മാണത്തിൽ ഉണ്ടായ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിലുപരിയായി ഭവനരഹിതരാക്കപെട്ട ഒരു പറ്റം നിരപരാധികളായ കുടുംബങ്ങളുടെ രോദനങ്ങളാണ്. മരടിലെ ഫ്ലാറ്റുടമകൾ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ നിരവധി കുടുംബങ്ങൾ ഭവനരഹിതരാക്കപ്പെടും എന്ന ധാർമിക വശം അതിനുണ്ടായിരുന്നു. എന്നാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിലും പരിസ്ഥിതി ദുർബല മേഖലകളിലുമുണ്ടായിരിയ്ക്കുന്ന ആയിരക്കണക്കിന് അനധികൃത കൈയേറ്റങ്ങൾക്കും, നിർമാണപ്രവർത്തനങ്ങൾക്കും നേരെ നടപടിയെടുക്കാൻ സർക്കാരിനോ കോടതിക്കോ ഈ ധാർമിക വശം പരിഗണിക്കേണ്ടതില്ല. കാരണം ഈ അനധികൃത കൈയേറ്റങ്ങളിൽ ഏറെയും നടത്തിയിരിക്കുന്നത് സമ്പന്ന രാഷ്ട്രീയ വർഗ്ഗവും, വൻകിട ബിസിനസ് ഗ്രൂപ്പുകളുമാണ്. അതുകൊണ്ടുതന്നെ മരടിലെ ഭവനരഹിതരാക്കപ്പെട്ട കുടുംബങ്ങളുടെ രോധനത്തിന് നേരെ കണ്ണടച്ച സുപ്രീം കോടതിയും സർക്കാരും ഈ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെങ്കിൽ അത് ചരിത്രത്തോടും വഴിയാധാരമാക്കപ്പെട്ട ഒരുപറ്റം കുടുംബാംഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും.

ലോകപ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ഡഗളസ് മാഗ് ഗ്രിഗോറി നിയമ അച്ചടക്ക ലംഘനങ്ങളെ കൈകാര്യം ചെയ്യുന്നതിനായി “ഹോട്ട് സ്റ്റൗ അപ്പോറോച്ച് “എന്നപേരിൽ വികസിപ്പിച്ചെടുത്ത ഒരു തിയറിയുണ്ട്. നിയമലംഘനങ്ങളുടെ ആധിക്യമനുസരിച്ച് ശിക്ഷയുടെ ആധിക്യം കൂടുമെന്നും , മുഖം നോക്കാതെയുള്ള നടപടികൾ ആയിരിക്കണം നിയമലംഘനം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ടതെന്നുമാണ് പ്രസ്തുത തിയറിയുടെ രത്നചുരുക്കം . അങ്ങനെയാണെങ്കിൽ മരടി
നേക്കാൾ വലുതും പഴക്കം ചെന്നതുമായ നൂറുകണക്കിന് നിയമലംഘനങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. അതിനെതിരെ നിയമസംവിധാനങ്ങൾ കണ്ണടയ്ക്കുന്നത് എന്തു കൊണ്ടാണന്ന ചോദ്യം സ്വാഭാവികമായും ഉയരും. മരടിൽ ശിക്ഷ അനുഭവിച്ചതും, വഴിയാധാരമാക്കപ്പെട്ടതും നിയമലംഘനം നടത്തിയവരോ അതിനു കുട പിടിച്ചവരോ അല്ലന്നുള്ളത് ഇവിടെ പ്രസക്തമാണ്.

കേരളത്തിലേ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടേണ്ടതുമാണ് . അതുകൊണ്ടുതന്നെ നിയമലംഘനങ്ങൾ നടത്തിയിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ വമ്പൻ സ്രാവുകളുടെ മേൽ കണ്ണടച്ചാൽ മരടിൽ വഴിയാധാരമായ കുടുംബങ്ങളോടു ചെയ്യുന്ന അനീതിയായിരിക്കുമത്. സർക്കാരിനും നിയമവ്യവസ്ഥയ്ക്കും ഈ വമ്പൻ സ്രാവുകളുടെ അനധികൃത കയ്യേറ്റങ്ങളേയും, നിയമലംഘനങ്ങളുടെമേലും നടപടിയെടുക്കാനുള്ള ആർജ്ജവമുണ്ടോയെന്നാണ് ഇനിയും അറിയാനിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.