ജോജി തോമസ്
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയാണ് മലയാളികൾ യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേയ്ക്ക് കുടിയേറിയത്. പക്ഷേ കുടിയേറ്റത്തിന്റെ സമയത്ത് നമ്മളാരും കൊറോണക്കാലം പോലെ ഒരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ കൊറോണാ പോലൊരു മഹാമാരി മനുഷ്യകുലത്തെ മുഴുവൻ പിടിച്ചുലുയ്ക്കുന്ന സാഹചര്യത്തിൽ ജോലിസ്ഥലത്തും കുടുംബങ്ങളിലും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ ആവാത്തതാണ്. മലയാളി കുടുംബങ്ങളിലെ ഭൂരിഭാഗത്തിന്റെയും കുട്ടികൾ ചെറിയ പ്രായത്തിലാണെന്നതും, കുട്ടികളുടെ സംരക്ഷണത്തിന് മറ്റു കുടുംബാംഗങ്ങളൊന്നും ഇല്ലെന്നതും നേരിടുന്ന പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. ഇതിനുപുറമേയാണ് ജോലിസ്ഥലത്ത് അന്യനാട്ടുകാരായതിനാൽ നേരിടുന്ന വംശീയമായ വെല്ലുവിളികൾ. കോവിഡ് -19 നെ നേരിടുന്നതിന്റെ ഭാഗമായി പലരുടെയും ജോലി സ്ഥലങ്ങളിൽ മാറ്റമുണ്ടായതിനാൽ തികച്ചും അപരിചിതരായ ആളുകൾക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നത് വംശീയമായ വെല്ലുവിളികൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പല മലയാളി സുഹൃത്തുക്കളും വളരെയേറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

കോവിഡ് – 19 നെ നേരിടുന്ന വാർഡുകളിൽ, രോഗികളെ അഡ്മിറ്റു ചെയ്തിരിയ്ക്കുന്ന വാർഡുകളിൽ തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ പല മലയാളി സുഹൃത്തുക്കളും ഈ അപകടകരമായ ജോലികൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് കിട്ടിയിരിയ്ക്കുന്ന വിവരം .

ഇതിനുപുറമേ കോവിഡ് – 19 നെ പ്രതിരോധിക്കുവാൻ ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസികപിരിമുറുക്കം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ചെകുത്താനും കടലിനും നടുവിലെന്നതാണ് പല മലയാളികളുടെയും അവസ്ഥ. ഈയൊരു സാഹചര്യത്തിൽ നമ്മൾ പരസ്പരം ആശ്വസിപ്പിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു സമൂഹമെന്ന നിലയിൽ ഒരുമയും കൂട്ടായ്മയും കാണിക്കേണ്ട സമയമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ മാനസികമായി അടുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം.കോവിഡ് പ്രതിരോധത്തിന്റെ അറിവുകൾ പങ്കു വെച്ചും മാനസിക പിന്തുണ നൽകിയും ഈ വെല്ലുവിളി നമുക്ക് മറികടക്കാൻ സാധിക്കട്ടെ….

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.












Leave a Reply