ജോജി തോമസ്
നരേന്ദ്രമോദി ഗവൺമെൻറിനെ പോലെ ഇത്രയധികം ജനവികാരത്തെ മാനിക്കാത്തതും, ജനദ്രോഹപരമായ നടപടികൾക്ക് യാതൊരു ഉളുപ്പുമില്ലാതെ നടപ്പിലാക്കുന്നതുമായ ഒരു ഭരണം സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലെന്നുള്ളതിന് യാതൊരു സംശയവുമില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ കാര്യത്തിലായാലും സാധാരണ ജനജീവിതത്തെ എല്ലാവിധത്തിലും ദുസ്സഹമാക്കുന്ന ഇന്ധന വിലവർദ്ധനവിന്റെ കാര്യത്തിലാണെങ്കിലും ജനവികാരം നരേന്ദ്രമോദിയെന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേഛാധിപതിയ്ക്കും, ഭരണകക്ഷിക്കും പുല്ലുവിലയാണ്. അമിതമായ ദേശീയതയും, വർഗ്ഗീയ ചിന്താഗതിയും കൊണ്ട് എങ്ങനെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ആധുനിക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ലോകമാകെ ഇന്ധനവില കൂപ്പുകുത്തിയപ്പോൾ അതിൻറെ പ്രയോജനം അല്പം പോലും ലഭിക്കാത്ത ഒരു ജനത ഇന്ത്യയിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇന്ധനവില തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കിയത് സർക്കാരും കോർപ്പറേറ്റുകളും മാത്രമാണ്. 30 രൂപയിൽ താഴെ മാത്രം ഉൽപാദന വിതരണ ചിലവുള്ള ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ അധികം താമസിയാതെ 100 രൂപയിൽ എത്താൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ക്രൂഡോയിൽ വില താഴ്ന്നപ്പോൾ അതിൻറെ പ്രയോജനം ജനങ്ങൾക്ക് നൽകാതിരുന്ന എണ്ണകമ്പനികൾ, വാക്സിൻ ലോകവിപണിയിൽ ഉണ്ടാക്കിയ സാമ്പത്തിക ഉണർവിന് തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പെട്രോൾ ഡീസൽ വിലകളിലൂടെ ജനങ്ങളെ കൊള്ളയടിച്ച കോർപ്പറേറ്റുകളും സർക്കാരും കാർഷിക നയത്തിലൂടെ ചൂഷണത്തിനുള്ള പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനുള്ള അത്യാഗ്രഹത്തിലാണ്. കർഷകർക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ വേണ്ടെന്ന നിലപാട് കർഷകർ തന്നെ എടുത്തിട്ടും, നടപ്പാക്കിയേ തീരൂ എന്ന വാശി കാട്ടുന്നത് ആർക്കുവേണ്ടിയെന്നെന്ന ചോദ്യം അവശേഷിക്കുന്നു. ഞങ്ങളെ ഒത്തിരി സ്നേഹിച്ച് കൊല്ലരുതേ എന്നാണ് കർഷകർക്ക് കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്.
ഇന്ത്യയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി ഒരു സേച്ഛാധിപതി നടത്തുന്നതായി തീർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാർഷിക ബില്ല് ഒരു ചർച്ച പോലും ഇല്ലാതെ പാർലമെൻറ് പാസാക്കിയത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പാർലമെൻറിൻെറ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയുണ്ടായി. ആ പ്രണാമത്തിൻെറ സമയത്ത് മോദിയുടെ മനസ്സിൽ ഇന്ത്യൻ ജനാധിപത്യവും, ജനതയും അല്ലായിരുന്നു മറിച്ച് അംബാനിയും അദാനിയും മാത്രമായിരുന്നു എന്നാണ് കാലം തെളിയിക്കുന്നത്.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
Leave a Reply