ജോജി തോമസ്

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ളൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ലോകം നിശ്ചലമായി, ജീവിതക്രമങ്ങൾ മാറിമറിഞ്ഞും. കോവിഡ് – 19 പ്രവാസജീവിതത്തിൽ തീർത്ത പ്രതിസന്ധികളും പ്രത്യാഘാതങ്ങളും മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രവാസ ജീവിതത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലെ പ്രവാസികളും, അവരുടെ കുട്ടികളും നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് സ്വത്വപ്രതിസന്ധിയാണ് . വീടിനുള്ളിൽ നമ്മൾ കാണുന്നതും, ശീലിക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുറംലോകം. ഭക്ഷണം തുടങ്ങി എല്ലാം ജീവിതശൈലികളിലും ഇത് പ്രകടമാണ് .ഇന്ത്യക്കാർ പൊതുവെ മലയാളികൾ പ്രത്യേകിച്ചും സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിൽ തത്പരാണ്. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നല്ല വശങ്ങൾ തലമുറകൾക്ക് കൈമാറപ്പെടട്ടേ എന്ന ചിന്താഗതി ആവാം ഇതിൻറെ പിന്നിൽ. ഈ ലക്ഷ്യത്തോടെ എല്ലാവർഷവും കുട്ടികളുമായി നാട്ടിൽ പോകുന്നവർ വരെയുണ്ട്. ഈയൊരു സ്വത്വസംരക്ഷണ പ്രക്രിയയിൽ വളരെ സുപ്രധാന പങ്കാണ് മലയാളി കൂട്ടായ്മകൾക്ക് ഉള്ളത് . യു.കെ പോലുള്ള രാജ്യങ്ങളിൽ മലയാളികളുടേതായ ഒത്തുചേരലുകൾ നിരവധിയുണ്ട്. ആത്മീയമായ ആവശ്യങ്ങൾക്കായുള്ള കൂടിച്ചേരലുകളും, അസോസിയേഷൻ പരിപാടികൾ മുതലായ ബഹുജന പങ്കാളിത്തമുള്ളവ തുടങ്ങി രണ്ടോ മൂന്നോ കുടുംബങ്ങൾ പങ്കെടുക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്ക് വരെ സാമൂഹിക ഇടപെടലിലൂടെ ലഭിക്കുന്ന പാഠങ്ങൾക്കും, മാനസിക ഉല്ലാസത്തിനും വളരെ വലിയ സ്ഥാനമാണ് ഉള്ളത്.

കുട്ടികൾ പ്രത്യേകിച്ച് കൗമാരക്കാരിൽ ലോക്ക്ഡൗൺ കാലഘട്ടം കാര്യമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സോഷ്യലൈസേഷന് മാനസിക വളർച്ചയിൽ വളരെ നിർണായകമായ സ്ഥാനമാണ് ഉള്ളത് .സാധാരണ കുട്ടികളെ അപേക്ഷിച്ച് പ്രവാസികളായ മാതാപിതാക്കളുടെ കുട്ടികൾക്ക് സാമൂഹിക ഇടപെടലുകൾക്കുള്ള സാധ്യതകൾ കുറവാണ് . കൊറോണയുടെ വരവോടുകൂടി ഉണ്ടായിരുന്ന പരിമിതമായ സാധ്യതകൾക്കുകൂടിയാണ് മങ്ങലേറ്റിരിക്കുന്നത് . യു.കെ പോലുള്ള രാജ്യങ്ങളിൽ ഭൂരിഭാഗം ക്ലാസ്സുകളും സെപ്റ്റംബറിലേ പുനരാരംഭിക്കുകയുള്ളൂ. ഏതാണ്ട് ആറ് മാസത്തോളം വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ നിർബന്ധിതരായ കുട്ടികൾ നിരവധിയുണ്ട്. ഭൂരിഭാഗം മലയാളി കുടുംബങ്ങളിലും മാതാപിതാക്കളിൽ ഒരാളെങ്കിലും ആരോഗ്യമേഖലയിൽ ആണ് ജോലി നോക്കുന്നത് . ഇത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം കുട്ടികളെയും പ്രതികൂലമായി ബാധിക്കും.

കൊറോണനന്തര കാലഘട്ടത്തിൽ പ്രവാസികൾ നേരിടാൻ പോകുന്ന മറ്റൊരു കനത്ത വെല്ലുവിളിയാണ് തൊഴിൽ നഷ്ടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളും. യുകെ പോലുള്ള രാജ്യങ്ങളിൽപ്പോലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കടക്കുന്നതിന്റെ മുമ്പുതന്നെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. നിലവിൽ ഗവൺമെൻറിൻറെ ഭാഗത്തു നിന്നുള്ള പിന്തുണ ഉള്ളതിനാൽ തൊഴിൽനഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെന്തെന്ന് ജനംമറിഞ്ഞിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ബിസിനസുകൾ പൂർവസ്ഥിതിയിൽ എത്തുമ്പോൾ മാത്രമേ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലോക്ക്ഡൗൺ കാലഘട്ടത്തേയും അതിനെത്തുടർന്ന് വരുന്ന സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിക്കാൻ സാധിക്കുമെന്ന് വ്യക്തമാകും.

കോവിഡാനന്തര പ്രവാസ ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിശേഷിപ്പിക്കാവുന്നത് ജീവിതത്തിലെ അനിശ്ചിതത്വമാണ്. പ്രവാസികളുടെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ ജന്മനാട്ടിലേയ്ക്കുള്ള യാത്രയും, ബന്ധുക്കളേയും മിത്രങ്ങളായുമുള്ള സന്ദർശനവുമെല്ലാം അനിശ്ചിതത്വത്തിലാണ്. യു.കെ യിലുള്ള നിരവധി മലയാളികളാണ് ഓഗസ്റ്റിൽ കേരളത്തിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് അനിശ്ചിതത്വത്തിൽ കഴിയുന്നത്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഭാവിയിൽ തുടരുകയാണെങ്കിൽ ഒരു സാധാരണ മലയാളി കുടുംബത്തിന് കുടുംബാംഗങ്ങളൊന്നിച്ചുള്ള നാട്ടിൽ പോക്ക് തന്നെ സ്വപ്നമായി തീരും. കാരണം ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് അത്രയധികം വർദ്ധിക്കാൻ സാധ്യതയുണ്ട് .

കോവിഡാനന്തര പ്രവാസജീവിതം തീർച്ചയായും ഒത്തിരിയേറെ മാറ്റങ്ങൾ നിറഞ്ഞതായിരിക്കും. പല മാറ്റങ്ങളും ദീർഘനാൾ പ്രവാസ ജീവിതത്തെ സ്വാധീനിക്കാൻ പ്രാപ്തി ഉള്ളതായിരിക്കും. എന്തായാലും കൊറോണ വൈറസിനെതിരെ ഒരു വാക്സിൻ കണ്ടെത്തുന്നതുവരെ സോഷ്യലൈസിംഗ് സോഷ്യൽ മീഡിയയിലൂടെ ആകാനാണ് സാധ്യത.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.