ജോജി തോമസ്

ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷപാർട്ടിയായ ബിജെപി മതാധിഷ്ടിതവും ദേശീയതയിൽ മാത്രം ഊന്നിയ പ്രചാരണ രീതികളിലൂടെ വീണ്ടും തേരോട്ടം നടത്തിയപ്പോൾ ഇന്ത്യൻ ജനാധിപത്യം അടുത്ത അഞ്ചു വർഷങ്ങൾ കൂടി കാവി രാഷ്ട്രീയത്തിൻറെ നിഴലിൽ ആയിരിക്കുമെന്ന  സൂചനകളാണ് പുറത്തു വരുന്നത്. കാർഷിക രംഗത്ത് തകർച്ച, അഴിമതി, ചെറുകിട വ്യാപാരരംഗത്തിന്റെ കിതപ്പുകൾ അതിലൂടെ ഉണ്ടായ അതി ഭീമമായ തൊഴിൽ നഷ്ടം, കഴിഞ്ഞ അഞ്ചു വർഷങ്ങളായി   ഫാസിസ്റ്റ്     മുഖമുള്ള ഭരണകക്ഷിയുടെ തണലിൽ സവർണ ലോബി  നടത്തിയ ദളിത് പീഡനം, പശു രാഷ്ട്രീയത്തിന്റെ പേരിൽ നടന്ന ആൾകൂട്ട വിചാരണങ്ങളും കൊലപാതകങ്ങളും തുടങ്ങിയവ ഒരു പരിധിവരെ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവന്ന ദേശിയ സുരക്ഷയെ  കുറിച്ചുള്ള ആശങ്കകളും മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കപടതകളും  കൊണ്ട് മറക്കാനായപ്പോൾ ബിജെപി നേതൃത്വം തന്നെ പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് അവർക്ക് ലഭിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന റാഫേൽ ഇടപാടിനെ കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലേയേ പൊതുജനത്തിന് അനുഭവപെടാറുള്ളൂ.  ഇതിനു പ്രധാന കാരണം രണ്ടാം യുപിഎ ഗവണ്മെന്റ്റിന്റെ ഭരണകാലത്തു നടന്ന അഴിമതിയുടെ കഥകൾ ഇപ്പോഴും പൊതു ജനത്തിന്റെ മനസ്സിൽ നിറം മാറാതെയിരിക്കുന്നതുകൊണ്ടാണ് .

മൂന്നാം ലോക രാജ്യങ്ങളിൽ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളായ രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടലുകൾ നടത്തുന്നത് സർവ്വസാധാരണമെങ്കിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ വിദേശ ഇടപെടൽ ആദ്യമാണ്. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും, ശ്രീലങ്കൻ തെരഞ്ഞെടുപ്പിലെ ഇന്ത്യ നടത്തിയ നീക്കങ്ങളും ഇത്തരത്തിലുള്ള വൈദേശിക കൈകടത്തലുകൾക്ക് ഉദാഹരണമാണ്. അഗസ്റ്റിയ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ പ്രതിയായ ക്രിസ്റ്റിൻ മിഷലിനെ  അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് യുഎഇ ഇലക്ഷന് തൊട്ടുമുൻപ് ഇന്ത്യക്കു കൈമാറിയത് ഇലക്ഷൻ പ്രചാരണത്തിന് നരേന്ദ്ര മോദിക്ക് ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പു വരുത്തി. പ്രചാരണത്തിൻെറ മൂർദ്ധന്യത്തിൽ ജയ്‌ഷ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുമെല്ലാം അമേരിക്ക ഉൾപ്പെടെ ഉള്ള പാശ്ചാത്യ ശക്തികളുടെ ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ഇടപെടലിനു ഉദാഹരണമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപ്പിക്കാൻ ഇന്ത്യ വർഷങ്ങളായി ശ്രമിക്കുന്നതായിരുന്നു. ഇന്ത്യയുടെ ചിരകാല സുഹൃത്തും, രാജ്യത്തിൻെറ ഇന്ധനാവശ്യത്തിനു പ്രധാനമായി ആശ്രയിക്കുന്ന ഇറാനെതിരെ അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്ന നീക്കങ്ങൾക്കു മോദിയുടെ പിന്തുണയാണ് ഇതിലൂടെ പാശ്ചാത്യ ശക്തികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിൽ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്കു ഏറ്റവും അനുയോജ്യനായ വ്യക്തിയായാണ് പാശ്ചാത്യ ശക്തികൾ നരേന്ദ്ര മോദിയെ കണക്കാക്കുന്നത്.

ലോക സാമ്പത്തിക ശക്തികളുടെയും, കോർപറേറ്റുകളുടെയും മാനസപുത്രനായ നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാജ്യതാത്പര്യങ്ങൾക്ക് പലപ്പോഴും രണ്ടാം സ്ഥാനമേ ഉള്ളൂ. കോർപറേറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന കഴിഞ്ഞ കാല ഭരണ പരിഷ്‌കാരങ്ങൾ  ഇതിന് തെളിവാണ്. കോർപറേറ്റുകളുടെ താത്പര്യാർത്ഥം ചെറുകിട വ്യാപാരമേഖല തകർന്നതാണ്‌  ഇന്ത്യയിലെ തൊഴിലില്ലായ്മ കുതിച്ചുയരാൻ കാരണമായത്. നോട്ട് നിരോധനത്തിൻെറ പ്രധാന ഗുണഭോക്താക്കൾ കോർപ്പറേറ്റ് മേഖലയായിരുന്നു. ബാങ്കുകളിൽ പണം കുന്നുകൂടിയപ്പോൾ വായ്പകളിലൂടെ കുറഞ്ഞ പലിശക്ക് വൻ വ്യവസായ ഗ്രൂപ്കൾക്കു പണം ലഭ്യമായി.രാജ്യത്തു കർഷക ആത്മഹത്യകൾ പെരുകുമ്പോൾ കോർപ്പറേറ്റ് വായ്പയിലെ നല്ലൊരു ശതമാനം കിട്ടാകടമായി അവശേഷിക്കുകയാണ്.

എന്തായാലും അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റിയുള്ള കാവി രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നയിക്കുന്നത്. ദുർബലമായ പ്രതിപക്ഷം ഐക്യമില്ലായ്മയിലും ആശയദാരിദ്രത്തിലും ഇരുട്ടിൽ തപ്പുകയാണ്. പ്രതിപക്ഷത്തെ പ്രധാന ശബ്ദമായ രാഹുൽ ഗാന്ധിക്ക് അമേഠിയിലെ ആഘാതത്തിൽനിന്ന് മോചിതനാവാൻ സമയമെടുക്കും.  അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ കണ്ണുകെട്ടി കളി ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറേ കാലം കൂടി തുടരാനാണ് സാധ്യത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.