ജോജി തോമസ്

പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും ആധുനിക കേരള ചരിത്രത്തിലെ ചരിത്ര വിഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കാവുന്നതും നാളെയുടെ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടാവുന്നതുമായ ചില സംഭവ വികാസങ്ങളാണ് കേരള സമൂഹത്തില്‍ യാദൃശ്ചികമായി ആണെങ്കിലും അടുത്ത കാലത്ത് നടന്നത്. ഒന്ന് സ്ത്രീത്വത്തിന്റെ അഭിമാന സംരക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് സ്ത്രീ ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ അധികാരത്തിന്റെ കോട്ടകളെയും ഭേദിക്കാനാവാത്തതെന്ന് പരമ്പരാഗതമായി ധരിച്ചിരുന്ന സമ്പന്ന രാഷ്ട്രീയ സാമുദായിക കൂട്ടുകെട്ടുകളെയും മുട്ടുകുത്തിച്ചതുമാണ്. യുവനടിക്ക് പ്രമാണിയായ സഹപ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടായ തിക്താനുഭമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിണിതിയും അതിനെ തുടര്‍ന്ന് രൂപീകൃതമായ സിനിമയിലെ സ്ത്രീ കൂട്ടായ്മയും സ്ത്രീ ശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു ലേബര്‍ ക്ലാസിന്റെ ശക്തമായ പ്രതിരോധത്തിലൂടെ നേടിയ വിജയവും ശരിയായി വിലയിരുത്തപ്പെടേണ്ടതാണ്. സ്ത്രീപക്ഷത്ത് നിന്നുള്ള ഈ രണ്ട് വാര്‍ത്തകളും ആധുനിക കേരളത്തില്‍ കാര്യമായ സാമൂഹിക പരിവര്‍ത്തനത്തിനും സ്ത്രീകളോടുള്ള മനോഭാവത്തിലെ മാറ്റത്തിനും കാരണമാകുമെന്ന് തീര്‍ച്ചയാണ്.

സ്ത്രീകളെയും സ്ത്രീത്വത്തെയും വെറുമൊരു ഉപഭോഗവസ്തുവായോ, സമൂഹത്തിന്റെ പൊതുഭാഷയില്‍ പറഞ്ഞാല്‍ ” ചരക്കായോ ” കാണുന്ന പുരുഷമേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ കാഴ്ചപ്പാടിനുള്ള തിരിച്ചടിയുടെ പ്രതീകമാണ് യുവനടിക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഇടയായ സെലിബ്രിറ്റിയും സമൂഹത്തില്‍ നാട്ടുരാജാവുമായി വാണിരുന്ന വ്യക്തിയുടെ ജീവിതം വരച്ചുകാട്ടുന്നത്. പ്രതിയായ വ്യക്തിയോടെ അനുഭാവപൂര്‍വ്വം (സോഷ്യല്‍ മീഡിയായുടെ സ്വാധീനത്തിലാണെങ്കിലും) ചില സ്ത്രീ സുഹൃത്തുക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷ മേധാവിത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ എത്രമാത്രം ആഴത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. ആ ചിന്താഗതിക്ക് കിട്ടിയ തിരിച്ചടിയാണ് ഇരുമ്പഴിക്കുള്ളിലായ സെലിബ്രിറ്റിയുടെ ജീവിതം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ തെറ്റു ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന തത്വത്തിന്റെ മറവില്‍ പണവും സ്വാധീനവും ഉള്ളവര്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപ്പെടാറാണ് പതിവ്. പ്രമുഖ നടിക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്തിമവിധിയും ഇത്തരത്തില്‍ പ്രവചനാതീതമാണ്. പക്ഷേ ഇവിടെ കുറ്റാരോപിതനായ വ്യക്തയെ കുറഞ്ഞത് നിയമ വ്യവസ്ഥിതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ ഇതിനുമുമ്പ് വാര്‍ത്താപ്രാധാന്യം നേടിയ സ്ത്രീപീഡനക്കേസുകളില്‍ ആരോപണ വിധേയരായ പ്രമുഖരെ നിയമത്തിന്റെ മുമ്പിലെത്തിക്കാനോ, കേസന്വേഷണ ഈയ്യൊരു രൂപത്തിലെത്തിക്കാനോ സാധിച്ചിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍, സൂര്യനെല്ലി തുടങ്ങിയ സ്ത്രീ പീഡനക്കേസുകള്‍ ഇതിനുദാഹരണമാണ്. ഈയൊരു സാഹചര്യത്തില്‍ ചിന്തിക്കുമ്പോഴാണ് സമീപകാല സംഭവവികാസങ്ങളില്‍ പരോക്ഷമായിട്ടാണെങ്കിലും ഒളിഞ്ഞിരിക്കുന്ന സാമൂഹികമാറ്റം കാണുന്നത്. സ്ത്രീയൊരു ഉപഭോഗ വസ്തുവാണെന്നും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയമത്തിന്റെ മുമ്പിലെത്തിയാലും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാമെന്ന സ്ഥിര ശൈലിക്കാണ് ഇവിടെ തിരിച്ചടിയേറ്റിരിക്കുന്നത്. യുവനടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ രൂപീകൃതമായ ”വുമണ്‍ സിനിമാ ഇന്‍ കലക്ടീവും” സമൂഹത്തില്‍ കാലകാലങ്ങളായി നിലനിന്ന പുരുഷ മേധാവിത്വത്തിനുള്ള തിരിച്ചടിയാണ്. പുരുഷ മേധാവിത്വം നിറഞ്ഞ സിനിമാ വ്യവസായ സാമ്രാജ്യത്തില്‍ സ്ത്രീകള്‍ നാട്ടുരാജാക്കന്മാരുടെ തോഴിമാരോ വെപ്പാട്ടിമാരോ മാത്രമാണെന്നുള്ള മനോഭാവമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മുല്ലപ്പൂ വിപ്ലവത്തിനുശേഷം സ്ത്രീ പക്ഷത്തുനിന്നുള്ള ശക്തമായ ചെറുത്തുനില്‍പാണ് നഴ്സിംഗ് മേഖലയിലെ സമരത്തിലൂടെയും അതിന്റെ വിജയകരമായ പരിസമാപ്തിയിലൂടെയും സംഭവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സാമൂഹിക മുന്നേറ്റത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീ ജനം ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്ത തൊഴില്‍ മേഖലയാണ് ആരോഗ്യ പരിപാലനം. പരമ്പരാഗതമായി തൊഴില്‍ സാധ്യതയും വിദേശാവസരങ്ങളും ഉള്ളതുകൊണ്ടാണ് മലയാളികള്‍ നഴ്സിങ്ങിലേയ്ക്ക് തിരിഞ്ഞത്. പക്ഷേ ഈ തൊഴില്‍ മേഖല ഇന്ത്യയില്‍ മൊത്തത്തിലും, കേരളത്തിലും സ്ത്രീകളെ തൊഴില്‍പരമായ ചൂഷണം ചെയ്യുന്നതിന്റെ വേദിയായി മാറിയിരിക്കുകയാണ്. ഇതിന് നഴ്സിംഗ് സമരത്തിലൂടെ ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിലും ഒരു തൊഴില്‍ വര്‍ഗമെന്ന നിലയില്‍ സ്ത്രീകളെ സാമ്പത്തികമായ ചൂഷണം ചെയ്യുന്നതിന്റെ ആഴം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനും ചര്‍ച്ചയാക്കാനും നഴ്സിംഗ് സമരത്തിന് സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. മനുഷ്യത്വരഹിതമായ തൊഴില്‍ സാഹചര്യങ്ങളും ഷിഫ്റ്റ് പാറ്റേണും മാസശമ്പളവുമാണ് ഇന്ന് നഴ്സിംഗ് രംഗത്തുള്ളത്. ഇതിനൊരു പരിഹാരമുണ്ടാവണമെങ്കില്‍ തീര്‍ച്ചയായും ശക്തമായ നിയമങ്ങളും ഗവണ്‍മെന്റ് ഇടപെടലും ആവശ്യമാണ്. ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീ സമൂഹം സംഘടിക്കുകയും അതിലൂടെ ഗവണ്‍മെന്റിന്റെയും ജനപ്രതിനിധികളുടെയും മനോഭാവത്തിലുള്ള മാറ്റവും ഉണ്ടാകേണ്ടിയിരിക്കുന്നു.

ജനസംഖ്യാനുപാതികമായി വിലയിരുത്തുകയാണെങ്കില്‍ കേരളത്തില്‍ സ്ത്രീകളാണ് കൂടുതല്‍. 2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ കേരളത്തിന് പുറമേ പോണ്ടിച്ചേരിയില്‍ മാത്രമേ സ്ത്രീ ജനസംഖ്യ പുരുഷന്‍മാരെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നുള്ളൂ. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരവും, ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ്. എങ്കിലും വളയിട്ട കൈകള്‍ക്ക് ഭരണയന്ത്രം തിരിക്കുന്നതിലുള്ള പ്രാതിനിധ്യം വളരെ കുറവാണ്. നിയമസഭാ സാമാജികരുടെ എണ്ണത്തിലാണെങ്കിലും, മന്ത്രിസഭയിലാണെങ്കിലും പ്രാതിനിധ്യത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നത്. സ്ത്രീപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇതൊരു പോരായ്മയായി നമ്മുടെ സമൂഹത്തില്‍ മുഴച്ചു നില്‍ക്കുന്നു.

എന്തായാലും നഴ്സിംഗ് മേഖലയിലെ സമരവും യുവനടിയെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് പല പ്രമുഖരും നേരിടുന്ന അന്വേഷണവും സ്ത്രീ സമൂഹത്തിന് ആശ്വാസകരമായ മാറ്റങ്ങളാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമത്തിന് മുതിരുന്നത് ഏത് ഉന്നതനായാലും കുടുങ്ങുമെന്ന സാഹചര്യം വരും നാളുകളില്‍ സ്ത്രീ സുരക്ഷയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. യുവനടിക്കെതിരെ നടന്ന അതിക്രമത്തിനുശേഷം രൂപീകൃതമായ ‘വിമന്‍ കളക്ടീവ് ഇന്‍ സിനിമയും’ നഴ്സിംഗ് സമരവും നാളെകളില്‍ ഒരു സാമൂഹിക മാറ്റത്തിന് കാരണമായേക്കുമെന്ന് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.