ജോജി തോമസ്

വളരെ അസാധാരണമായ നടപടികളിലൂടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജനുവരി 12-ാം തീയതി സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയപ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചില അപായമണികള്‍ മുഴങ്ങുകയായിരുന്നു. ജനാധിപത്യം അപകടത്തിലായപ്പോള്‍ നിശബ്ദരായിരുന്നെന്ന് നാളെകളില്‍ കുറ്റപ്പെടുത്തരുതെന്ന ജസ്റ്റിസ് ചെലമേശ്വറുടെ വാക്കുകള്‍ ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധി വെളിവാക്കുന്നു. ഇന്ത്യന്‍ ജനതയുടെ ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ രണ്ടാം സ്ഥാനക്കാരനും ഉപചാപങ്ങളുടെ രാജകുമാരനുമായ അമിത്ഷായുള്‍പ്പെടുന്ന വിവാദങ്ങളാണ് പ്രസ്തുത സംഭവവികാസങ്ങളിലേയ്ക്ക് നയിച്ചത് എന്നത് സംഭവങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. പക്ഷെ ഇവിടെ കൂടുതല്‍ ഭയപ്പെടുത്തുന്നത് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇത്ര വലിയ ഒരു നീക്കം നടത്തിയിട്ടും അവര്‍ ഉയര്‍ത്തിയ പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് ലഭിച്ച പ്രതികരണം ദുര്‍ബലമോ, അര്‍ഹിക്കുന്നതോ അല്ലായിരുന്നു എന്നതാണ്. മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും പൊതുജനങ്ങളുടെയും പൊതുപ്രവര്‍ത്തകരുടേയും ഭാഗത്തുനിന്നുണ്ടായത് പ്രതികരണത്തേക്കാള്‍ ഏറെ നിശബ്ദതയാണ്. ഈയൊരു നിശബ്ദത അപകടകരവും ഇന്ത്യ ഒരു കാലത്തു കാണാത്തതുമാണ്. മുന്‍ കാലങ്ങളില്‍ ഇത്തരമൊരു വെളിപ്പെടുത്തലോ സംഭവമോ നടന്നാല്‍ രാജ്യം ഇളകി മറിഞ്ഞേനെ. ഫാസിസവും ഏകാധിപത്യ പ്രവണതകളും അതിന്റെ രീതികളുമായി രാജ്യവും ജനതയും പൊരുത്തപ്പെടുന്നതിന്റെ സൂചനയാണോ ഈ നിശബ്ദതയെന്നത് ആശങ്കയുളവാക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്തുപോലും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഇതിലും പതിന്മടങ്ങ് ശക്തമായിരുന്നു.

 

സിബിഐ ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പരാതികളില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യത്തോടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണമാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. സുപ്രീംകോടതിയുടെ അകത്തളങ്ങളില്‍ കുറേ നാളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആരോപണ വിധേയനായ സൊഹ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണക്കിടെയാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംഭവിച്ചത്. പ്രസ്തുത കേസ് ഒതുക്കി തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ലോയയ്ക്ക് ധാരാളം സമ്മര്‍ദ്ദങ്ങളും 200 കോടി രൂപ വരെ കൈക്കൂലിയും വാഗ്ദാനം ചെയ്യപ്പെട്ടതായുള്ള കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുകയും സംശയത്തിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. കഴിഞ്ഞ കുറേ കാലഘട്ടങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയം പരിശോധിക്കുകയാണെങ്കില്‍ എതിര്‍ സ്വരങ്ങളെയും പ്രതിപക്ഷ ശബ്ദങ്ങളെയും ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നടക്കുന്നത് വ്യക്തമാണ്. എതിര്‍ സ്വരങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നായാല്‍ പോലും ഇല്ലായ്മ ചെയ്യുക എതാണ് രീതി. ഭാരതീയ ജനതാപാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അഹോരാത്രം പരിശ്രമിച്ച എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ നിശബ്ദരാക്കാനും സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റുവാനും 75 വയസ് എന്ന പ്രായപരിധി കൊണ്ടുവന്ന രീതി തന്നെ പരിശോധിച്ചാല്‍ ചിത്രം വ്യക്തമാകും. അവരുടെ കാലഘട്ടം കഴിഞ്ഞു എന്ന് വ്യക്തമായപ്പോള്‍ അടുത്തയിടെ ബിജെപി നേതാക്കന്മാര്‍ക്ക് പ്രായപരിധി സംബന്ധമായ ഈ മാനദണ്ഡം എടുത്തു കളഞ്ഞിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍നിരയില്‍ സ്ഥാനം നല്‍കാത്തതു സംബന്ധിച്ചുണ്ടായ വിവാദം ഭരണപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ പ്രതിപക്ഷത്തെ ഏതുവിധത്തിലാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാകും. പ്രതിപക്ഷ ബഹുമാനവും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ശ്രവിക്കാനുമുള്ള കഴിവും ഒരു ഭരണാധികാരിക്ക് അത്യാവശ്യം വേണ്ട ഘടകങ്ങളാണ്.

സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളായ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. ഗുജറാത്ത് കേഡറില്‍ ജോലി ചെയ്തിരുന്ന ഗുജറാത്തില്‍ മോദി സര്‍ക്കാരില്‍ ചീഫ് സെക്രട്ടറി അടക്കം ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതിക്ക് വോട്ടിംഗ് മെഷീന്‍ സംബന്ധമായ പരാതികള്‍ സുതാര്യമായി പരിഹരിക്കാന്‍ സാധിക്കാതിരുന്നത് ജനാധിപത്യത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാക്കി. അടുത്ത കാലത്ത് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഭരണകക്ഷിയുടെ മുന്‍ഗണന മോദിയുടെ പ്രഭാവത്തിന് മങ്ങലേല്‍ക്കുന്ന സ്ഥാനാത്ഥികള്‍ ഉണ്ടാവരുത് എന്നതായിരുന്നു. ഒരു ആകാശത്ത് രണ്ട് സൂര്യന്മാര്‍ ആവശ്യമില്ല എന്നാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പിന്നണിയില്‍ ചരടുവലിച്ചവര്‍ കണക്കുകൂട്ടിയത്. മുതിര്‍ന്ന നേതാവും ദക്ഷിണേന്ത്യക്കാരനുമായ വെങ്കയ്യ നായിഡുവിന് ഉപരാഷ്ട്രപതി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് മോദിയിലേക്ക് അധികാരത്തിന്റെ പ്രഭാവം മുഴുവന്‍ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പലഭാഗത്തും വര്‍ധിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ തന്നെ നാല്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടങ്ങളുടെ നീതി നടപ്പാക്കലിലൂടെയാണ്. ഇതെല്ലാ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യ മൂല്യങ്ങളുടെ മേല്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളാണ്. പത്രപ്രവര്‍ത്തകരും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സാമൂഹിക സാംസ്‌കാരിക നായകന്മാരും രാജ്യത്തിന്റെ പലഭാഗത്തു ആക്രമിക്കപ്പെടുകയും വധഭീഷണിയിലുമാണ് കഴിയുന്നത്. ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഇനിയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖനും വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റുമായ പ്രവീണ്‍ തൊഗാഡിയ ഗുജറാത്തിലെയും രാജസ്ഥാനിലെയും ബിജെപി സര്‍ക്കാരും പോലീസും തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൂടി വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മോദി വിരുദ്ധനാണ് പ്രവീണ്‍ തൊഗാഡിയ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ തൊഗാഡിയയെ രണ്ടു ദിവസത്തിനുശേഷം ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയില്‍ ഒരു പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു. ബിജെപിക്കും മോദിക്കുമെതിരെ തൊഗാഡിയ പുറത്തിറക്കുന്ന പുസ്തകം രാജ്യത്ത് ഭൂകമ്പം സൃഷ്ടിക്കുമെന്നാണ് പിന്നാമ്പുറ വാര്‍ത്ത.

അടിയന്തരാവസ്ഥ കാലത്തു പോലും കാണാത്ത ഭയവും നിശബ്ദതയുമാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ മേല്‍ ഏകാധിപത്യം പിടിമുറുക്കുകയാണ്. ജനാധിപത്യത്തിനും മതേതര മൂല്യങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുകയും പ്രതികരിക്കുകയും ചെയ്യേണ്ടവര്‍ നിശബ്ദരാക്കപ്പെടുകയോ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുകയോ ചെയ്യുന്നുണ്ട്. പ്രതിപക്ഷത്തെ പ്രധാനപ്പെട്ട പല നേതാക്കളെയും അവര്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ചെയ്ത അഴിമതി കഥകള്‍ പിന്തുടരുുണ്ട്. മോദിക്ക് അഴിമതിക്കെതിരെ ആത്മാര്‍ത്ഥമായ സമീപനമുണ്ടെങ്കില്‍ ബ്ലാക്‌മെയില്‍ ചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കാതെ നിയമ നടപടികള്‍ സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നതുപോലുള്ള ജനകീയ പ്രതിരോധങ്ങളാണ് ഇതിന്റെ ആവശ്യം. ജനങ്ങളെ അതിനായി അണിനിരത്താന്‍ രാഷ്ട്രീയവും ധാര്‍മ്മികവുമായി ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം ഉയര്‍ന്നുവരേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. ഇക്കണണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ആഗോള ജനാധിപത്യ സൂചികയില്‍ ഒരു വര്‍ഷം കൊണ്ട് പത്ത് സ്ഥാനമാണ് താഴേയ്ക്ക് പോയത്. യാഥാസ്ഥിതിക ചിന്തകളുടെ കടന്നുകയറ്റവും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണവുമാണ് കഴിഞ്ഞ വര്‍ഷം ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ 32-ാം സ്ഥാനമുണ്ടായിരുന്നു ഇന്ത്യയെ 42-ാം സ്ഥാനത്താക്കിയത് ഇതൊരു സൂചന മാത്രമല്ല മുന്നറിപ്പുമാണെ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.