ജോജി തോമസ്

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളം. രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധികമായ ഉയര്‍ന്ന നിലവാരവും കേരള ജനതയില്‍ ഇടതുപക്ഷ ആശയങ്ങള്‍ക്ക് പ്രിയമേറി. ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായ അടിത്തറ സൃഷ്ടിക്കുന്നതിലും, രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നതിനും പ്രധാന കാരണങ്ങളിലൊന്ന് കേരളമാണ്. ഇടതുപക്ഷത്തിന്റെ വര്‍ത്തമാന കാലഘട്ടത്തിലെ പ്രശ്നങ്ങളോടുള്ള സമീപനത്തിലും നിലപാടുകളിലും വെള്ളം ചേര്‍ക്കപ്പെടുന്നുണ്ടോ, രാഷ്ട്രീയ ധാര്‍മ്മികത തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ എന്ന ഒരു സന്ദേഹം കേരള ജനതയിലും പ്രത്യേകിച്ച് ഇടതുപക്ഷ അനുഭാവികളിലും ഉയര്‍ന്നു വരുന്നുണ്ട്. കേരള സംസ്ഥാനത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു വിലയിരുത്തലിന് പ്രസക്തിയേറുകയാണ്. കാരണം വിവാദപരമായ പല വിഷയങ്ങളിലും ഇടതുപക്ഷത്തിന്റെയും ഇടതുപക്ഷ ഗവണ്‍മെന്റിന്റെയും പല നിലപാടുകളുടെയും ധാര്‍മ്മികവശം പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതായിരുന്നു.

അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ മെയ് 25-ാം തീയതി ഒന്നാം വാര്‍ഷികം ഇടതുപക്ഷ ഗവണ്‍മെന്റ് ആഘോഷിച്ചപ്പോള്‍ അടിസ്ഥാന മേഖലകളിലും ജനജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്ന പല പുരോഗമനപരമായ നടപടികള്‍ ഉണ്ടായെങ്കിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ക്ക് അര്‍ഹിക്കുന്ന തിളക്കം ലഭിക്കാതെ പോയത്.

ഇടതുപക്ഷ സര്‍ക്കാരിനെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിടിച്ചുകുലുക്കിയതും, രണ്ട് മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ചതുമായ വിഷയങ്ങള്‍ ഇടതുപക്ഷ നേതാക്കളുടെ രാഷ്ട്രീയ ധാര്‍മ്മികതയും സദാചാര ബോധവും ചോദ്യം ചെയ്യുന്നതായിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വോട്ടുതേടി അധികാരത്തിലെത്തിയ ഇടതുപക്ഷത്തുനിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതല്ല സംഭവിച്ചത്. ബന്ധക്കാരെയും സ്വന്തക്കാരെയും കാലാകാലങ്ങളില്‍ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് വലതുഭരണകാലത്ത് പതിവാണെങ്കിലും ഒരു ഇടതുപക്ഷ ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങളത് പ്രതീക്ഷിക്കുന്നില്ല. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജയരാജന് മാത്രമേ രാജിവെയ്ക്കേണ്ടി വന്നുവെങ്കിലും മുഖ്യമന്ത്രിയടക്കം പല പ്രമുഖരുടെയും ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും പല വകുപ്പുകളിലും നിയമനം ലഭിച്ചിട്ടുണ്ട്. എ. കെ ശശീന്ദ്രന്റെ രാജിയാണെങ്കില്‍ സദാചാരപരമായ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. വ്യക്തി ജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടം നടന്നതായും മറ്റും ചിത്രീകരിച്ച് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് മുഖം തിരിക്കാന്‍ ശ്രമമുണ്ടായെങ്കിലും രാഷ്ട്രീയത്തിലെ സദാചാര ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ഒരു മുന്നണിയില്‍ നിന്ന് ജനങ്ങള്‍ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്.

എ.കെ.ശശീന്ദ്രന്‍ വിഷയത്തില്‍ പ്രശ്നങ്ങളുടെ കാര്യത്തിലേയ്ക്ക് കടക്കാതെ, അത് ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമത്തെ ഭരണത്തിന്റെ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതൊരു ഫാസിസ്റ്റ് സമീപനമാണെന്ന് പറയാതിരിക്കാനാവില്ല. വാര്‍ത്ത ശേഖരിച്ച രീതി പ്രസ്തുത മാധ്യമം പൊതുജനസമക്ഷം വെളിപ്പെടുത്തിയില്ല എന്നത് വസ്തുതയാണെങ്കിലും മന്ത്രിയുടെ വൈകൃതവും ദുര്‍ബലതയും മനസിലാക്കി തന്നെയാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടന്നത്.

ക്രമസമാധാനവും സ്ത്രീ സുരക്ഷയുമെല്ലാം കൈകാര്യം ചെയ്യപ്പെട്ട രീതി ഇടതിന്റെയും ഭരണപക്ഷത്തിന്റെയും ദുര്‍ബലത വെളിവാക്കുന്നതായിരുന്നു. പോലീസിനെ നിയന്ത്രിക്കുന്നതിലും ക്രമസമാധാന പ്രശ്നങ്ങളിലും പലപ്പോഴും ഭരണപക്ഷം പ്രതിസ്ഥാനത്തും പ്രതിരോധത്തിലുമായിരുന്നു. സ്ത്രീ സുരക്ഷ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്ത് പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാക്കിയ ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രമാദമായ കേസില്‍ സുതാര്യത ഉറപ്പുവരുത്താനാവാത്തത് നാണക്കേടുണ്ടാക്കി.

സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ കോടതി ഇടപെടലുകളാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കാരണമായതെങ്കിലും, പ്രസ്തുത കാര്യം ഫലപ്രദമായി പൊതുജനങ്ങളുടെ ഇടയില്‍ വിശദീകരിക്കാന്‍ സാധിച്ചില്ല.

ജിഷ്ണുവിന്റെ അമ്മ മഹിജയുടെയും ബന്ധുക്കളുടെയും സമരത്തോടുള്ള പോലീസ് സമീപനം ഇടതുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ജയില്‍പുള്ളികളെ മാനദണ്ഡങ്ങള്‍ ലംഘിച്ച് മോചിപ്പിക്കുവാനുണ്ടായ ശ്രമം നീതിനിര്‍വഹണത്തോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിലും പോലീസും സര്‍ക്കാരും പൊതുജന ദൃഷ്ടിയില്‍ പ്രതിസ്ഥാനത്തായി.

വലതുപക്ഷ ഭരണകാലത്തെ അഴിമതിക്കെതിരെ പോരാടി അധികാരത്തിലെത്തിയ ഇടതുപക്ഷം തങ്ങളുയര്‍ത്തിയ പല അഴിമതി ആരോപണങ്ങളോട് ഇന്ന് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാനുള്ള തീരുമാനവും കെ എം മാണിയോടുള്ള വിജിലന്‍സ് കോടതിയിലെ നിലപാടുമെല്ലാം ഇതിനുദാഹരണമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സിപിഎം നിലപാട് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. കേരളത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക മുന്‍ മന്ത്രിയായ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാനുള്ള തീരുമാനം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമാക്കി. ഇടതുപക്ഷത്തിന്റെ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ജനകീയ നേതാവായ വി എസ് അച്യുതാനന്ദന്‍ 20 വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ ലഭിച്ചതെന്ന് ഇവിടെ പ്രസക്തമായ കാര്യമാണ്.

മൈക്രോഫിനാന്‍സ് കേസില്‍ ആരോപണ സ്ഥാനത്ത് ഉണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയും മകനെ ബിജെപി പക്ഷത്ത് നിലനിര്‍ത്തിയും അധികാരമുള്ള പാര്‍ട്ടികളെ പ്രീതിപ്പെടുത്തി നടത്തിയ ഞാണിന്മേല്‍ കളിയില്‍ മൈക്രോഫിനാന്‍സ് കേസിന്റെ കാര്യവും പവനായി ശവമായ മട്ടായി. സോളാറും സരിതയും ഇപ്പോള്‍ ചരിത്രത്തിലെ ഇല്ല. ഇത് രാപ്പകല്‍ സമരകാലത്ത് ഉണ്ടാക്കിയ ഭരണ പ്രതിപക്ഷ ധാരണ ഇപ്പോഴും നിലനില്‍ക്കുന്നോ എന്ന സന്ദേഹം ജനങ്ങളില്‍ ജനിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.

മൂന്നാറുള്‍പ്പെടെ പല വന്‍കിട ഭൂമി കയ്യേറ്റങ്ങൾക്കും ഭരണപക്ഷത്തെ പല പ്രമുഖരും ആരോപണവിധേയരാണ്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ജനകീയ പ്രതിരോധത്തിന്റെ ശബ്ദമായി ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഇടുക്കി എം പി ജോയ്സ് ജോര്‍ജ്, മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രനുമെല്ലാം കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്.

സര്‍ക്കാര്‍ നയത്തിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരുന്ന എം കെ ദാമോദരന്‍ ചില തല്‍പര കക്ഷികള്‍ക്കായി കോടതിയില്‍ ഹാജരായത്, സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥന്റെ നിയമനം, പോലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയുടെ നിയമനം ഇങ്ങനെ തൊട്ടതെല്ലാം വിവാദമാക്കുന്ന ഒരു സര്‍ക്കാരിനെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി കേരളം കണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശക്തമായ ഒരു നിലപാടെടുക്കാന്‍ ഭരണകൂടത്തിന് സാധിച്ചില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പോലീസ് സംവിധാനം പരാജയപ്പെട്ടു.

ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയായ സിപിഐയുടെ നിലപാടുകള്‍ യുഡിഎഫ് ഭരണകാലത്തെ പി സി ജോര്‍ജിന്റേതുപോലെയായത് ഭരണപക്ഷത്തിന്റെ പ്രതിരോധം ദുര്‍ബലമാക്കി. പി സി ജോര്‍ജ് ചെയ്തതുപോലെ ഭരണത്തിന്റെ ശീതളിമ ആവോളം അനുഭവിക്കുകയും പുറത്തിറങ്ങി വിമര്‍ശനത്തിലൂടെ കയ്യടി നേടാനുമാണ് സിപിഐ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ ഇടതുപക്ഷം വലിയ രാഷ്ട്രീയശക്തി അല്ലായിരിക്കും. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ സദാചാര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിലും ഒരു വേറിട്ട ശബ്ദമാകുവാന്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ധാര്‍മികതയില്‍ പുഴുക്കുത്തുകള്‍ വീഴുമ്പോള്‍, ആ ശബ്ദം ദുര്‍ബലമാകുമ്പോള്‍ അവര്‍ ഉയര്‍ത്തിപിടിച്ച രാഷ്ട്രീയ സദാചാരമൂല്യങ്ങളാണ് ദുര്‍ബലമാകുന്നത്.

ജനങ്ങള്‍ ഇടത്തേയ്ക്ക് ചിന്തിക്കുന്നതും ഇടതിനെ സ്നേഹിക്കുന്നതും അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പേരിലാണ്. ഇടതുപക്ഷത്തിന് സംഭവിക്കുന്ന നയപരവും ഭരണപരവുമായ വീഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല. കാരണം അത് ലോകമാകെ തീവ്രവലതു ചിന്താഗതിക്കാര്‍ക്കുണ്ടാക്കുന്ന മുന്നേറ്റത്തെ സഹായിക്കാനും ഇന്ത്യയിലെ മതേതര സങ്കല്പങ്ങളെ തകര്‍ത്ത് ഫാസിസ്റ്റ് ശക്തികളുടെ സമഗ്രാധിപത്യത്തിനും കാരണമാകും.

വേക്ക് ഫീൽഡിൽ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.