കടം വീട്ടാനുള്ള പണം കണ്ടെത്താനായി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഡോക്ടര്‍ നടത്തിയ നാടകം പൊളിഞ്ഞു. സംഭവത്തില്‍ പിടിയിലായ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന് എട്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. പക്ഷേ ഇയാളുടെ ഡോക്ടര്‍ കൂടിയായ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. ഡോ.ആന്തണി മക്ഗ്രാത്തിനാണ് ലൂട്ടണ്‍ ക്രൗണ്‍ കോടതി തടവു വിധിച്ചത്. ആയിരക്കണക്കിന് പൗണ്ട് കടമുണ്ടായിരുന്ന ഡോക്ടര്‍ അവ വീട്ടുന്നതിന് പണം കണ്ടെത്തുന്നതിനാണ് തട്ടിപ്പു നാടകം നടത്തിയത്. തന്റെ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള പുരാവസ്‌സ്തു ശേഖരം കൊള്ളയടിക്കപ്പെട്ടുവെന്ന് ഇയാള്‍ പോലീസില്‍ അറിയിച്ചു. പിന്നീട് 180,000 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം ഇയാള്‍ സമര്‍പ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട വസ്തുക്കളുടേതെന്ന് വ്യക്തമാക്കി ഫോട്ടോകളും ഇയാള്‍ നല്‍കിയിരുന്നു.

പഴയകാല ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, കലാശില്പങ്ങള്‍ തുടങ്ങിയവ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു ഇയാ ള്‍ അവകാശപ്പെട്ടത്. 30,000 പൗണ്ട് മൂല്യമുള്ള 19-ാം നൂറ്റാണ്ടിലെ റോകോകോ റെഡ് മാര്‍ബിള്‍ ഫയര്‍പ്ലേസും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായി ഇയാള്‍ അറിയിച്ചു. ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ സെയിന്റ് അല്‍ബാന്‍സില്‍ ഇയാളും ഭാര്യയും പുതുതായി വാങ്ങിയ 1.1 മില്യന്‍ പൗണ്ട് വിലയുള്ള വീട് പുതുക്കിപ്പണിയാനും ഇന്‍ഷുറന്‍സ് തുക ഉപയോഗിക്കാമെന്നായിരുന്നു മക്ഗ്രാത്ത് പദ്ധതിയിട്ടത്. എന്നാല്‍ മോഷണം നടന്നുവെന്ന് പരാതിയില്‍ പറഞ്ഞ വാടകവീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കള്ളി വെളിച്ചത്താകുകയായിരുന്നു. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഹണിമൂണിന് താമസിച്ച വീടാണ് ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിശോധനയില്‍ ഇയാളുടെ കടങ്ങള്‍ എന്തുമാത്രമുണ്ടെന്ന് പോലീസിന് വ്യക്തമായി. മക്ഗ്രാത്തിന്റെയും ഭാര്യയുടെയും വരുമാനം സംബന്ധിച്ച് നല്‍കിയ തെറ്റായ വിവരങ്ങളും മൂന്ന് മോര്‍ഗിജുകളെക്കുറിച്ചുള്ള വ്യാജ വിവരങ്ങളും പോലീസ് വെളിച്ചത്തു കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് നാല് കൗണ്ട് ഇന്‍ഷുറന്‍സ് തട്ടിപ്പ് കുറ്റങ്ങളാണ് ഇയാളുടെ മേല്‍ കോടതി ചുമത്തിയിരിക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്ങിയാലും ഇനി ചികിത്സിക്കാനുള്ള അനുമതിയും ഇയാള്‍ക്കില്ലെന്ന് കോടതി അറിയിച്ചു. വിധിപ്രസ്താവത്തിനിടെ ജഡ്ജിയോട് കയര്‍ത്ത മക്ഗ്രാത്തിനെ സെല്ലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടികളെയും പ്രായമായ അമ്മയെയും നോക്കാനുള്ളതിനാല്‍ കുടുംബത്തിന്റെ സ്വത്തു സംബന്ധിച്ചുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും എല്ലാം ഭര്‍ത്താവായിരുന്നു നോക്കിനടത്തിയിരുന്നതെന്നുമാണ് മക്ഗ്രാത്തിന്റെ ഭാര്യയും ജിപിയുമായ ആന്‍ ലൂയിസ് മക്ഗ്രാത്ത് കോടതിയെ അറിയിച്ചത്. ഈ വാദം മുഖവിലക്കെടുത്ത കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.