വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ചനിലയില്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.

വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം നല്‍കി. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.

സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതുനല്‍കിയാണ് കഴിഞ്ഞിരുന്നത്. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളില്‍നിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടത്തിലാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവില്‍ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജന്‍ ഭാര്യക്കും മക്കള്‍ക്കും വിഷംനല്‍കി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. അതേസമയം ഒരുമാസം മുമ്പ് വീട്ടില്‍ താമസത്തിനെത്തിയ ബിന്ദുവിന്റെ 85 വയസ്സുള്ള അമ്മ കനിയമ്മ രാവിലെയാണ് സംഭവം അറിഞ്ഞത്.

മരിച്ചവരുടെയുള്ളില്‍ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. അര്‍ജുന്‍ ഗുളികകള്‍ ഛര്‍ദിച്ചതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു. ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അഭിരാമി. കാര്യവട്ടത്ത് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അര്‍ജുന്‍.

വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ഹര്‍ഷകുമാര്‍, ജി.വിനോദ്, സീനിയര്‍ സി.പി.ഒ. വിനിത കുമാരി എന്നിവര്‍ പുല്ലാനിമുക്കിലെ വീട്ടിലെത്തി ശിവരാജന്റെയും അഭിരാമിയുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കല്ലുവെട്ടാന്‍കുഴിയിലെ സമുദായ ശ്മശാനത്തില്‍ വൈകീട്ട് ആറോടെ സംസ്‌കാരം നടത്തി.