കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ ഉഗ്രസ്ഫോടനം. വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ചിത്രദാസന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി വലിയ സ്ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്‍റെ വീടിന് സമീപത്തായി നിർമിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്‌ഫോടനമുണ്ടായത്.

സ്ഫോടനത്തെ തുടർന്ന് താല്‍കാലികമായി നിർമിച്ച മുറി പൂർണമായും തകർന്നു. സ്ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാൽ സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികൾ പറയുന്നു. പൊലീസ് സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രദാസന്‍റെ ഇരുനില വീടിനും മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസന്‍റെ സഹോദരൻ സുനിലിന് ജാലകത്തിന്‍റെ ചില്ല് തെറിച്ച് മുറിവുകൾ പറ്റിയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കി.

സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്താണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലം രാത്രിയിൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലം പോലീസിന്‍റെ നിരീക്ഷണത്തിലാണ്.