ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനന്തരാവകാശ നികുതിക്കെതിരെ വൻ കർഷക പ്രതിഷേധം ലണ്ടനിലും അരങ്ങേറി. അനന്തരാവകാശ നികുതിയിൽ ഒക്ടോബർ 30 – ന് അവതരിപ്പിച്ച ബഡ്ജറ്റിൽ വരുത്തിയ മാറ്റങ്ങൾ കടുത്ത വഞ്ചനയാണെന്ന് നാഷണൽ ഫാർമേഴ്‌സ് യൂണിയൻ (എൻഎഫ്‌യു) ആരോപിച്ചു. ഇന്നലെ നടന്ന പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് ആളുകൾ നേരെത്തെ രജിസ്റ്റർ ചെയ്തിരുന്നുവെന്ന് സംഘാടകരിൽ ഒരാളായ ക്ലൈവ് ബെയ്‌ലി പറഞ്ഞു. പ്രതിഷേധ റാലി വൈറ്റ്ഹാളിലെ റിച്ച്മണ്ട് ടെറസിലാണ് നടന്നത് . കർഷകനും ബ്രോഡ്കാസ്റ്ററുമായ ജെറമി ക്ലാർക്സൺ ഉൾപ്പെടെയുള്ളവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു . തങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടെന്നും ആ റാലിയുടെ സഹസംഘാടകനായ സ്റ്റാഫോർഡ്‌ഷെയർ കർഷകനായ ക്ലൈവ് ബെയ്‌ലി പറഞ്ഞു.


ഇന്നത്തെ രൂപത്തിൽ അനന്തരാവകാശ നികുതി നിയമം നടപ്പിലാക്കുകയാണെങ്കിൽ തൻറെ ഫാം വിൽക്കേണ്ടി വരുമെന്ന് കന്നുകാലി കർഷകനായ ഡേവിഡ് ബാർട്ടൺ പറഞ്ഞു. പല കർഷകരും തങ്ങൾ അടയ്ക്കേണ്ടി വരുന്ന ഭാരിച്ച നികുതിയോർത്ത് മാനസിക പ്രശ്നങ്ങളെ നേരിടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . എന്നാൽ ഓരോ വർഷവും ഏറ്റവും സമ്പന്നമായ എസ്റ്റേറ്റുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളുവെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ NFU യും കൺട്രി ലാൻഡ് ആൻഡ് ബിസിനസ് അസോസിയേഷനും (CLA) മൊത്തം 70,000 ഫാമുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ സർക്കാരിൻറെ സമീപകാല ബഡ്ജറ്റിലെ നടപടികളെ കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസംഗിക്കുന്നതിനിടെ വൻ പ്രതിഷേധവുമായി കർഷകർ കഴിഞ്ഞ ആഴ്ച്ച വെയിൽസിൽ രംഗത്ത് എത്തിയിരുന്നു . വെൽഷ് ലേബർ കോൺഫറൻസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ ഫാമുകളുടെ അനന്തരാവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തുകൊണ്ട് ആണ് പ്രതിഷേധം സംഘടിപ്പിച്ചത് . ബഡ്ജറ്റിലെ അനന്തരാവകാശ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസൻ കണക്കിന് ട്രാക്ടറുകളും കാർഷിക വാഹനങ്ങളും പാർക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത് . ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് അനന്തരാവകാശ നികുതി നിയമങ്ങളിലെ മാറ്റങ്ങളെ കോൺവി കൗണ്ടി കർഷകനും ബ്രോഡ്‌കാസ്റ്ററുമായ ഗാരെത് വിൻ ജോൺസ് വിശേഷിപ്പിച്ചത് . അനന്തരാവകാശ നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാൻ പോകുന്നതെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ലേബർപാർട്ടി ഗവൺമെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി വെൽഷ് ഫസ്റ്റ് മിനിസ്റ്ററും റൂറൽ അഫയേഴ്സ് സെക്രട്ടറിയുമായ ഹ്യൂ ഇറാങ്ക-ഡേവിസ് കർഷകരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും കർഷക യൂണിയനുകളുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ സർ കെയർ പ്രതിഷേധക്കാരെ കാണുകയോ തൻ്റെ പ്രസംഗത്തിൽ അവരെ പരാമർശിക്കുകയോ ചെയ്തില്ല.