കൊച്ചി ബ്രോഡ്‍വേയില്‍ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീ നിയന്ത്രണവിധേയം. ആളപായമില്ല. അഗ്നിശമനസേനയുടേയും നാട്ടുകാരുടേയും ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ പത്തുമണിയോടെയാണ് ക്ലോത്ത് ബസാര്‍ റോഡിലുള്ള കെ.സി.പാപ്പു ആന്‍ഡ് സണ്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. തയ്യല്‍ മെഷീനും അനുബന്ധ യന്ത്രങ്ങളും വില്‍ക്കുന്ന കടയായിരുന്നു ഇത്.
തുടര്‍ന്ന് സമീപത്തെ ഭദ്ര ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണിലേക്ക് തീ പടര്‍ന്നു. പിന്നാലെ സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. മൂന്നു കടകളും കത്തിനശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ബ്രോഡ്‍വേയിലെ ഇടുങ്ങിയ റോഡുകളും വാഹനത്തിരക്കും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.
ഉപജീവനമാർഗം ഒരുനിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ബ്രോഡ് വേയിൽ കത്തി നശിച്ച കടകളിലെ ജീവനക്കാർ. രാവിലെ ജോലിക്ക് കയറിയ ഉടനെയാണ് തീപിടുത്തം ഉണ്ടായത്. തീ പടർന്ന ഉടൻ എല്ലാവരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
രാവിലെ ജോലി ചെയ്ത കട കത്തിയമർന്ന് പോയെന്ന് ഇവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ജോലിക്കിടെ അപ്പുറത്തെ കടയിലെ ജീവനക്കാരാണ് തീ പടരുന്ന വിവരം വിളിച്ചു പറഞ്ഞത്. വലിയ തീ ആണെന്ന് മനസിലാക്കിയതോടെ എല്ലാവരും വേഗം തന്നെ കടകൾക്ക് പുറത്തേക്ക് ഓടി.
ഇനി എന്ത് എന്ന വലിയ ചോദ്യ ചിഹ്നമാണ് ഇവർക്കു മുന്നിൽ. കത്തിയമർന്ന കടകളിലേക്ക് നോക്കി നിൽക്കുന്പോൾ ഇവരുടെ നെഞ്ചിൽ ആശങ്കയുടെ നെരിപ്പോടാണ് എരിയുന്നത്.
Leave a Reply