പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ രംഗത്ത്. ജോൺസന്റെ ഈയൊരു നീക്കത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിനാളുകൾ ബ്രിട്ടന്റെ വീഥികളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പാർലമെന്റ് അടച്ചുപൂട്ടലിനെ തടയുന്നതിനായി ‘ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് ‘ ജനങ്ങൾ പ്രതിജ്ഞയെടുത്തു. ഒപ്പം ” അട്ടിമറി നിർത്തുക ” എന്ന് ആക്രോശിക്കുകയും ലണ്ടനിൽ യൂറോപ്യൻ യൂണിയൻ പതാകകൾ ഉയർത്തുകയും ചെയ്തു. മാഞ്ചസ്റ്റർ, ഗ്ലാസ്‌കോ, ബർമിംഗ്ഹാം, ബ്രൈടൻ, സ്വാൻസി, ബ്രിസ്റ്റോൾ, ലിവർപൂൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഡസൻകണക്കിന് സ്ഥലങ്ങളിൽ ആണ് ആളുകൾ പ്രതിഷേധ പ്രകടനം നടത്തുന്നത്. ബ്രെക്സിറ്റ്‌ വിരുദ്ധ പ്രചാരണ ഗ്രൂപ്പ്‌ ആയ ‘അനതർ യൂറോപ്പ് ഈസ്‌ പോസ്സിബിൾ ‘, ഇംഗ്ലണ്ടിലും, സ്കോട്ലൻഡിലും, വെയിൽസിലും പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അഞ്ചാഴ്ച പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള ജോൺസന്റെ ശ്രമത്തെ പ്രതിപക്ഷ എംപിമാർ ശക്തമായി എതിർക്കുന്നുണ്ട്. ഒരു നിർത്തിവെക്കൽ ഉണ്ടായാൽ തുടർച്ചയായ 23 പ്രവൃത്തി ദിനങ്ങൾ പാർലമെന്റ് അടച്ചിടേണ്ടി വരും. യൂകെയിലുടനീളമുള്ള മുപ്പതിൽ അധികം നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ഓക്സ്‌ഫോഡിൽ ജോൺസൻ പഠിച്ച ബല്ലിയോൾ കോളേജിന് പുറത്തും പ്രതിഷേധക്കാർ തടിച്ചുകൂടി. ഷാഡോ ചാൻസിലർ ജോൺ മക്‌ഡൊണേൽ, ഷാഡോ ഹോം സെക്രട്ടറി ഡിയാൻ അബോട്ട് എന്നിവർ ലണ്ടനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. “ജോൺസണെ പാർലമെന്റ് അടച്ചുപൂട്ടാൻ അനുവദിക്കില്ല. ബ്രിട്ടീഷ് ജനതയുടെ ശബ്ദം ഇല്ലാതാക്കുവാനും ഞങ്ങൾ അനുവദിക്കില്ല ” അബോട്ട് പറഞ്ഞു. ജോൺസനെ ഏകാധിപതി എന്ന് മുദ്രകുത്തികൊണ്ട് മക്‌ഡൊണേൽ പറഞ്ഞു ” ഈയൊരു നീക്കത്തിലൂടെ ജോൺസൻ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്. ” പ്രധാനമന്ത്രിയുടെ പാർലമെന്റ് സസ്പെൻഷൻ തീരുമാനം, ബ്രിട്ടനെ നയിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.