മലയാളം യു കെ ന്യൂസ് ടീം
പ്രവാസി മനസ്സുകളില്‍ കുളിര്‍മ പകര്‍ന്ന് രാഗസന്ധ്യ 2017 ഡെര്‍ബിയില്‍ നടന്നു. വോയ്‌സ് ഓഫ് ഡെര്‍ബിയാണ് ഈ സംഗീതനിശ സംഘടിപ്പിച്ചത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാഗ സന്ധ്യ 2017 നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും മലയാളം യു കെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. പ്രവാസികളിലെ കലാകാരന്മാര്‍ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെയും അവര്‍ക്ക് വേദികള്‍ ഉണ്ടാകേണ്ടതിന്റേയും ആവശ്യകത ജോജി തോമസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡെര്‍ബി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നി മുന്‍ പ്രസിഡന്റ് സ്റ്റീവി ചാക്കോ, സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ മാനേജര്‍ ഷൈന്‍ കള്ളിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡെര്‍ബിയിലെ റെയ് കണ്ട് കമ്മ്യൂണിറ്റി സെന്ററിലാണ് നൂറ് കണക്കിന് ആസ്വാദകരെ പങ്കെടുപ്പിച്ചു കൊണ്ട് രാഗസന്ധ്യ 2017 അരങ്ങേറിയത്. കലയും സംഗീതവും പ്രോത്സാഹിക്കപ്പെടുക എന്ന ലക്ഷ്യവുമായി സംഘടിക്കപ്പെട്ട രാഗ സന്ധ്യ 2017 ന്റെ മീഡിയ പാട്ണര്‍ മലയാളം യുകെ യാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വോയ്‌സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.

വ്യത്യസ്ഥ ഭാഷകളിലായി അമ്പതില്‍പ്പരം ഗാനങ്ങള്‍ ആസ്വാദകരെ പുളകമണിയ്ച്ചു. മണ്‍മറഞ്ഞതുള്‍പ്പെടെ അറിയപ്പെടുന്ന ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവതരിക്കപ്പെട്ടു. പഴയ കാല മലയാളഗാനങ്ങളാണ് കൂടുതല്‍ കൈയ്യടി നേടിയത്. വളരെ നല്ല പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിച്ചത്.
ജിനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട രാഗസന്ധ്യ 2017 ന് മാറ്റുകൂട്ടി. നാടന്‍ വിഭവങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു തട്ടുകടയില്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഗ സന്ധ്യ 2017 അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ വൈകിട്ട് 9 മണിയോടെ സമാപിച്ചു. പരിപാടിയുമായി സഹകരിച്ച ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും സംഘാടകരായ ബിജോ ജേക്കബും അനില്‍ ജോര്‍ജ്ജും നന്ദി അറിയ്ച്ചു. വളരെ വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളില്‍ രാഗ സന്ധ്യ നടത്താന്‍ സംഘാടകരൊരുങ്ങുന്നു.