വീടിനുള്ളിൽ നിന്നും വൻതോതിൽ കഞ്ചാവും ചാരായവും പിടിച്ച കേസിൽ യുവതി അറസ്റ്റിൽ. മാവേലിക്കര തഴക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന നിമ്മിയാണ് അറസ്റ്റിലായത്. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽനിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പൊലീസ് പിടിച്ചെടുത്തത്.

മാവേലിക്കരയില്‍ വാടകവീട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ നിമ്മിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് പോനകം എബനേസർ പുത്തൻ വീട്ടിൽ ലിജു ഉമ്മൻ. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ലിജു ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും കുട്ടികളെയും മുൻനിർത്തിയാണ്. വീടിന്റെ താഴത്തെ നില വാടകയ്ക്കെടുത്തു നിമ്മിയും 2 കുട്ടികളുമാണു താമസിച്ചിരുന്നത്.

ലിജു സ്ഥിരമായെത്തി ഇവിടെ താമസിച്ചിരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നെങ്കിലും ഭാര്യാ ഭർത്താക്കന്മാർ ആണെന്നാണ് കരുതിയിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവശ്യക്കാരെ കണ്ടെത്തുന്നത് ലിജുവായിരുന്നു. സാധനങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചിരുന്നത് നിമ്മിയും. സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്നൊഴിവാകാനാണു കാരിയറായി നിമ്മിയെ ഉപയോഗിച്ചതെന്നാണു പൊലീസിന്റെ നിഗമനം.

നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്നതെന്നാണു വിവരം.

രഹസ്യ വിവരത്തെത്തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ആണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായാണ് 29 കിലോ കഞ്ചാവ്, നാലര ലീറ്റർ ചാരായം, 30 ലീറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്നു വാറ്റുപകരണങ്ങൾ എന്നിവയാണു പിടിച്ചെടുത്തത്.