ടോം ജോസ് തടിയംപാട്

1950 നു ശേഷം നടന്നിട്ടുള്ള കുടിയേറ്റ സമൂഹങ്ങൾക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല JEEP എന്ന ഈ നാലക്ഷരം . ഭക്ഷണ സാധനങ്ങൾ നാട്ടിൽനിന്നും കൊണ്ടുവരാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഉൾപ്പെടെ ചെളികൊണ്ടു താഴ്ന്നുപോകുന്ന റോഡിലൂടെ കുടിയറ്റക്കാരുടെ സകലമാന സഹായത്തിനു൦ ഉണ്ടായിരുന്നത് ജീപ്പ് എന്ന ഈ ചെറിയ വാഹനം മാത്രമായിരുന്നു..

ഇന്ന് ടാർ റോഡുകൾ എല്ലായിടത്തും എത്തിയപ്പോൾ ബസുകളും കറുകളൂം ജീപ്പിന്റെ സ്ഥാനം ഏറ്റെടുത്തുവെങ്കിലും അതിജീവന കാലഘട്ടത്തിൽ കൂടെ നിന്നവൻ എന്ന ഖ്യാതി ഇപ്പോഴും ജീപ്പിനു തന്നെയാണ് . ഒരു കാലഘട്ടത്തിൽ ഹൈറേയിഞ്ചു മേഖലയിൽ ജീപ്പുള്ളവർ വലിയ ഭൂവുടമകൾ ആയിരുന്നു എന്നാൽ കാലം മാറിയപ്പോൾ സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനമായി ജീപ്പ് മാറി .

കഴിഞ്ഞ ദിവസം ചെസ്റ്റർ വിമാന താവളത്തിനടുത്തു പഴയ മിലിട്ടറി വിമാനങ്ങൾ സൂക്ഷിച്ചിരുന്ന മ്യൂസിയം കാണാൻ അവസരം കിട്ടി അവിടെ സൂക്ഷിച്ചിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച മിലിട്ടറി എയർ ക്രഫ്റ്റുകളും ബോംബുകളും കണ്ടു നടക്കുന്നതിനിടയിൽ ഒരു വില്ലിസ് ജീപ്പ് കാണുവാൻ ഇടയായി രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് മിലിട്ടറി ഉപയോഗിച്ച ജീപ്പ് ആയിരുന്നു അത് ,അവിടെനിന്നും ജീപ്പിന്റെ ചരിതം അന്വേഷിച്ചു പോയി .

യൂറോപ്പ് രണ്ടാം ലോകയുദ്ധത്തിൽ ആയിരുന്ന സമയത്തു യുദ്ധം മുന്നിൽ കണ്ടുകൊണ്ടു സൈനികരെയും ആയുധവും വഹിച്ചുകൊണ്ടു മലപ്രദേശത്തും കാട്ടിലും സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനം സൃഷ്ടിക്കുന്നതിനുള്ള അമേരിക്കൻ മിലട്ടറിയുടെ ചിന്തയുടെ ഭാഗമായിട്ടാണ് ജീപ്പ് കണ്ടുപിടിക്കുന്നത് . 1908 ൽ സ്ഥാപിതമായ ജോൺ വില്ലിസ് കമ്പനിയാണ് ജീപ്പ് കണ്ടുപിടിച്ചു അമേരിക്കൻ മിലട്ടറിക്കു നൽകിയത്


നിരവധി വ്യാഖ്യാനങ്ങൾക്ക് വിധേയമായ സങ്കീർണ്ണമായ ഒരു കഥയാണ് ജീപ്പിന്റെ ജനനം. എന്നാൽ 1941 ജൂലൈ 16-ന് ഓഹിയോയിലെ ടോളിഡോയിലെ വില്ലിസ്-ഓവർലാൻഡ് മോട്ടോർ കമ്പനിക്ക് അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കുന്നതിനായി ഒരു വാഹനം നിർമ്മിക്കാനുള്ള ആദ്യ കരാർ ലഭിച്ചു. ഫോർഡ് ഉൾപ്പെടെ മറ്റു രണ്ടുകമ്പനികൾ കൂടി കരാറിനു മൽസരിച്ചെങ്കിലും വില്ലിസ് കമ്പനി നിർമ്മിച്ചു പ്രദർശിപ്പിച്ച ജീപ്പിന്റെ എൻജിൻ( go devil engine )കൂടുതൽ ശക്തമായിരുന്നതുകൊണ്ടാണ് അവർക്കു കോൺട്രാക്ട് ലഭിച്ചത് .. ജീപ്പ് നിർമ്മിക്കാൻ സഹായിച്ചത് ടെൽമീർ ബാർഹൈ റൂസ് എന്ന എഞ്ചിനീയർ ആയിരുന്നു.

ജീപ്പിന്റെ ആദ്യകാല ചരിത്രം ഐതിഹാസികമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ കക്ഷികളെ വിജയിക്കാൻ സഹായിക്കുന്നതിൽ ജീപ്പിന്റെ പങ്ക് അനിഷേധ്യമാണ്. 1941 ഡിസംബർ മാസം ജപ്പാൻ നടത്തിയ പോൾ ഹാർബർ ആക്രമണത്തെ തുടർന്നു രണ്ടാം ലോകയുദ്ധത്തിൽ പ്രവേശിച്ച അമേരിക്ക അവർ ആദ്യ൦ നിർമിച്ച 8598 ജീപ്പുകളിൽ കുറെയെണ്ണം സഖ്യ കക്ഷികളായ ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവർക്ക് നൽകിയിരുന്നു.

യുദ്ധക്കളത്തിൽ, ജീപ്പ് വേഗതയേറിയതും കടുപ്പമുള്ളതുമായിരുന്നു. ഇതിന് ഏത് ഭൂപ്രദേശവും കിഴടക്കാൻ കഴിയും, എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ , സൈനികർക്ക് സ്വതന്ത്രമാക്കാൻ കഴിയുന്നത്ര ഭാരം കുറഞ്ഞതായിരുന്നു. . വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന ടാങ്ക് വിരുദ്ധ ആയുധങ്ങൾ ഏതു മലമുകളിലും എത്തിക്കാനും , കാലാൾപ്പടയോട് പോരാടുന്നതിന് ഒരു മെഷീൻ ഗൺ ഘടിപ്പിക്കാനും ഇതിന് കഴിയും.

യുദ്ധഭൂമിയിൽ ആംബുലൻസായി ജീപ്പ് പ്രവർത്തിച്ചു. അത് നദികളിലൂടെയും തടാകങ്ങളിലൂടെയും സഞ്ചരിച്ചു, ഫ്രാൻ‌സിൽ നടന്ന ഏറ്റവും ശക്തമായ ഡി-ഡേ യുദ്ധത്തിൽ വലിയ പങ്കാണ് ജീപ്പ് വഹിച്ചത് , സഖ്യകക്ഷികളെ ബെർലിനിലേക്കും ,ഗ്വാഡൽക്കനലിലേക്കും, ഇവോ ജിമയിലേക്കും, ഒടുവിൽ പരാജയപ്പെടുത്തിയ ജപ്പാന്റെ പ്രധാന കരകളിലേക്കും ജീപ്പ് എത്തിച്ചു . ഈ വാഹത്തിനു ജീപ്പ് എന്ന് പേരുകിട്ടാൻ കാരണം ജനറൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനം എന്നനിലയിൽ G P എന്ന ചുരുക്കപ്പേരിൽ നിന്നാണ് ജീപ്പ് ഉണ്ടായതു എന്നാണ് അനുമാനിക്കുന്നത് .

യുദ്ധാന്തര കാലഘട്ടത്തിൽ മിലിട്ടറി ഉപയോഗിച്ച ജീപ്പുകൾ 400 മുതൽ 600 പൗണ്ടുകൾക്കു ആളുകൾക്ക് വിറ്റു അങ്ങനെ സാധാരക്കാരുടെ കൈകളിൽ ജീപ്പ് എത്തി പിന്നീട് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ജീപ്പ് ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ നിലവിൽ വന്നു കാലക്രമേണ ജീപ്പിന്റെ രൂപങ്ങളും ഭാവങ്ങളും മാറി മാറി വന്നു അങ്ങനെ കാലത്തേ അതിജീവിച്ചു ജീപ്പ് അതിന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു .