രണ്ടുമാസത്തെ വാടക കുശ്ശികിക നൽകിയില്ലെന്ന് ആരോപിച്ച് പൂർണ്ണ ഗർഭിണിയെയും നാലവയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ടു. കല്ലുമല ഉമ്പർനാടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ഷെർലാക് (വിനോദ്-35), ഭാര്യ സൗമിനി (31), നാലരവയസ്സുള്ള മകൻ എന്നിവരെയാണ് ഞായറാഴ്ച സന്ധ്യക്ക് ഏഴോടെ വാടകവീട്ടിൽനിന്ന് വീട്ടുമടസ്ഥൻ ഇറക്കിവിട്ടത്.
ശേഷം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുടുംബത്തിന് മാവേലിക്കര ശരണാലയത്തിൽ താത്കാലിക അഭയമൊരുക്കിയത്. എന്നാൽ, ഫെബ്രുവരി 20-ന് ഒഴിയാമെന്ന മുൻധാരണപ്രകാരം ഷെർലാകും കുടുംബവും സ്വയം ഒഴിഞ്ഞുപോയതാണ്. ബലം പ്രയോഗിച്ച് ഇറക്കിവിട്ടതല്ലെന്നും വസ്തു വിൽക്കാൻ തീരുമാനിച്ചതിനാൽ ഒഴിയണമെന്ന് രണ്ടുമാസം മുൻപേ അവരെ അറിയിച്ചിരുന്നെന്നും വീട്ടുടമ സംഭവത്തിൽ വിശദീകരണം നൽകി.
സംഭവം ഇങ്ങനെ;
ഷെർലാകിനെയും കുടുംബത്തെയും പുറത്തിറക്കി വീടുപൂട്ടി ഉടമ പോയി. കല്ലുമല ജങ്ഷനു തെക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ എങ്ങോട്ടുപോകണമെന്നറിയാതെ നിന്ന കുടുംബത്തെക്കണ്ട് സമീപവാസി പോലീസിൽ അറിയിച്ചു. അന്നു രാത്രി കുറത്തികാട് സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അടുത്ത ദിവസം കൊച്ചിക്കലിൽ പ്രവർത്തിക്കുന്ന ശരണാലയത്തിന്റെ ഭാരവാഹികൾ കുടുംബത്തിനു താത്കാലിക അഭയം നൽകാൻ തയ്യാറായി.
അന്തേവാസികളായ രണ്ടു വയോധികരെ മറ്റൊരു വീട്ടിലേക്കു മാറ്റിയാണ് കുടുംബത്തിന് ഒരുമുറി ഒരുക്കി കൊടുത്തത്. ഗർഭിണിയായ സൗമിനിക്ക് ബുദ്ധിമുട്ടും ക്ഷീണവുമുണ്ട്. മാർച്ച് എട്ടാണ് പ്രസവത്തീയതി. ശരണാലയം ട്രഷറർ ജെ. ശോഭാകുമാരിയുടെ പരിചരണത്തിലാണ് സൗമിനിയിപ്പോൾ. ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയായ ഷെർലാകും എറണാകുളം ചേരാനെല്ലൂർ സ്വദേശിനിയായ സൗമിനിയും പത്തുവർഷംമുൻപ് പ്രണയിച്ചു വിവാഹിതരായവരാണ്.
വീട്ടുകാരുമായി സഹകരണമില്ലാത്തതിനാൽ വാടകവീടുകളിലായിരുന്നു താമസം. മേസ്തിരിപ്പണിക്കാരനായിരുന്ന ഷെർലാകിന് വെരിക്കോസ് വെയിൻ അസുഖത്തെത്തുടർന്ന് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമായി. ഇടയ്ക്കു ഭാര്യയുടെ മാല പണയംവെച്ച് ലോട്ടറിക്കച്ചവടം തുടങ്ങിയെങ്കിലും കോവിഡ് മൂലം പരാജയമായി. ദാരിദ്ര്യവും പട്ടിണിയും മൂലമാണ് വാടക കുടിശ്ശികയായതെന്നു ഷെർലാക് പറയുന്നു.
Leave a Reply