ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടുംബത്തിനൊന്നാകെ കോവിഡ് പിടിപെട്ടപ്പോൾ ചികിത്സയുടെ അവസാനഘട്ടങ്ങളിൽ 49 കാരിയായ മകൾക്കും 76 കാരിയായ അമ്മയ്ക്കും ഐസിയുവിൽ അടുത്തടുത്ത് കിടക്കകൾ പങ്കിടാൻ എൻ എച്ച് എസ് ജീവനക്കാർ സഹായിച്ചു. ശ്വസന സഹായികളുടെ സഹായത്തോടെ ഇരുവരും ഐസിയുവിൽ കൈകോർത്തുപിടിച്ച് കിടക്കുന്ന ചിത്രമെടുത്ത് 24 മണിക്കൂറുകൾക്കകം അമ്മ മരണപ്പെട്ടു. 76 കാരിയായ മരിയ ആണ് മരണപ്പെട്ടത്. 49 കാരിയായ മകൾ അനബൽ ശർമ, ചെറിയ ഒരു അശ്രദ്ധ കൊണ്ട് പോലും ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ്.
കോവിഡ് ഞങ്ങൾക്ക് ബാധിക്കില്ല എന്നാണ് കരുതിയത്. ആരെങ്കിലും നിയമം ലംഘിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കിലോ അശ്രദ്ധരായി നടക്കുന്നുണ്ടെങ്കിലോ എന്റെ കഥ കേൾക്കണം, മൂന്നുമക്കളുടെ മാതാവായ അനബൽ പറയുന്നു. സെപ്റ്റംബറിൽ സ്കൂളിൽ നിന്നുമാണ് 12 വയസ്സുകാരൻ മകൻ ഐസക്കിന് കോവിഡ് ബാധിച്ചത്. പിന്നീട് രണ്ടു മക്കൾക്കും ഭർത്താവ് ഭരത്തിനും രോഗം പകർന്നു.
അവസാനമായി രോഗം ബാധിച്ചത് അമ്മയ്ക്കായിരുന്നു. നവംബർ ഒന്നിന് അമ്മ മരിച്ചു. അമ്മയോട് യാത്ര പറയാൻ ഓക്സിജൻ മാസ്ക് മാറ്റേണ്ടി വന്നു.
അമ്മയും മകളും ആശുപത്രിയിലെത്തുമ്പോൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കകൾ ഒഴിവുണ്ടായിരുന്നില്ല, തത്ക്കാലം മുറിയിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി നാലു രോഗികൾ മരണപ്പെട്ടതിനാൽ ഇരുവർക്കും ഐസിയുവിൽ കിടക്കകൾ ലഭിച്ചു. നാല് ആഴ്ച തുടർച്ചയായി 24 മണിക്കൂറും ശ്വാസകോശത്തിലേക്ക് ഓക്സിജൻ പമ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം പ്ലാസ്റ്റിക് ഹുഡിന്റെ വശത്ത് കൂടി നൽകും. 30 മൈൽ വേഗത്തിൽ പോകുന്ന കാറിൽ തല വെളിയിൽ ഇട്ട് യാത്ര ചെയ്യുന്നത് പോലെ ആയിരുന്നു അത്. ഒന്നും കാണാനോ കേൾക്കാനോ കഴിയില്ല എപ്പോഴും ഒരു മുരൾച്ച മാത്രം. ഞാൻ രക്ഷപ്പെടുമോ എന്ന് ഇടയ്ക്കിടെ നഴ്സുമാരോട് ചോദിക്കുമായിരുന്നു, അറിയില്ല എന്നാണ് മറുപടി ലഭിക്കുക.
അമ്മ മരിച്ചപ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ലൈവ് സ്ട്രീം കാണുകയായിരുന്നു. കുടുംബത്തിൽ ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. എല്ലാവരും ഒറ്റപ്പെട്ടതുപോലെ. ഒരിക്കൽ നിങ്ങൾ എൻ എച്ച് എസ് ബെഡിൽ അകപ്പെട്ടാൽ പിന്നീട് ഒരിക്കലും ജീവിതം പഴയതുപോലെ ആകില്ല. ജീവനോടെ തിരിച്ചു വന്നാൽ പോലും പ്രഷർ ജീവിതത്തിൽ അവശേഷിക്കും. രോഗം ഭേദമായിട്ടും ജീവിതകാലം മുഴുവൻ തളർന്നുപോയ ശ്വാസകോശവുമായി ഞാൻ തള്ളി നീക്കണം. 10 അടി നടന്നാൽ കിതയ്ക്കാൻ തുടങ്ങും. ഈ രോഗാവസ്ഥ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും മുൻകരുതൽ പാലിക്കണം. ഹൃദയം തകർന്നാണ് ഞാനിത് പറയുന്നത്. അനബൽ പറയുന്നു.
Leave a Reply