ലണ്ടന്‍: രോഗനിര്‍ണ്ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന രീതി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വസാധാരണമാകുമെന്ന് എന്‍എച്ച്എസ്. എക്‌സ്‌റേ ഫലങ്ങള്‍ വിശകലനം ചെയ്യാനും കാന്‍സര്‍ നിര്‍ണയത്തിന് ഉപയോഗിക്കുന്നതുപോലെ രോഗബാധിതമായ കലകള്‍ പരിശോധിക്കുന്നതിനും കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ വളരെ പെട്ടെന്നുതന്നെ ശേഷി കൈവരിക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം പറയുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

120 ബില്യന്‍ പൗണ്ട് ബജറ്റില്‍ നല്ലൊരു പങ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാണ് രോഗനിര്‍ണ്ണയം കൂടുതല്‍ വ്യക്തമായി നടത്താന്‍ കഴിയുകയെന്നാണ് ഒന്നിലേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സര്‍.ബ്രൂസ് കിയോ പറഞ്ഞു. എക്‌സ്‌റേകള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന നിരവധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ഹിസ്‌റ്റോപാത്തോളജി സ്ലൈഡുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല. ഇത്തരം സങ്കേതങ്ങള്‍ ചികിത്സാ മേഖലയില്‍ പുതിയൊരു മേഖല തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ശരീര കലകളില്‍ നടത്തുന്ന പരിശോധനയാണ് ഹിസ്‌റ്റോപാത്തോളജി പരിശോധനകള്‍. മാഞ്ചസ്റ്ററില്‍ നടന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ ഇന്നവേഷന്‍ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.