അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. മധ്യപ്രദേശിൽ കേവലഭൂരിപക്ഷം നേടാത്ത കോൺഗ്രസ്, ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവർണർ ആനന്ദിബെൻ പട്ടേലിനെ കാണാൻ അവർ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു.
എന്നാൽ മുഴുവൻ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ഗവർണറുടെ നിലപാട്. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റിന്‍റെ കുറവുണ്ട്. രണ്ടു സീറ്റ് നേടിയ ബിഎസ്പിയുടെയും ഒരു സീറ്റുനേടിയ എസ്.പിയുടെയും പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു. ജയിച്ച നാലു സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി.
അതോടൊപ്പം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ബി.എസ്.പിയുടെ പിന്തുണ. ബിജെപി ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. അവശ്യമെങ്കില്‍ രാജസ്ഥാനിലും ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു.
ഇന്ന് ഭോപ്പാലിലെത്തുന്ന എ.കെ ആന്റണി കോൺഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ പങ്കെടുക്കും. വിമതരും സ്വതന്ത്രരും ഒപ്പം നില്‍ക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ. നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഓജ പറഞ്ഞു.
ബിജെപിയും ഇവിടെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്. 109 സീറ്റുള്ള ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് ഗവര്‍ണറെ കാണും. ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിെജപി നേതാക്കള്‍ യോഗം ചേർന്നു.
രാജസ്ഥാനിൽ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തും. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാൽ മുഖ്യമന്ത്രി ചർച്ചകൾക്ക് ചൂടുപിടിക്കും.
ഛത്തീസ്ഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോൺഗ്രസിനുള്ള വെല്ലുവിളി.
അതേസമയം, മിസോറമിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനൽ ഫ്രണ്ട് അംഗങ്ങൾ ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു. എംഎൻഎഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്.
തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന. സത്യപ്രതിജ്‍ഞ നാളെത്തന്നെയുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിച്ചു.
തെലങ്കാന തൂത്തുവാരിക്കൊണ്ടാണ് ചന്ദ്രശേഖര റാവുവിന്റെ അധികാര തുടർച്ച. സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും തുടങ്ങിവച്ച ജലസേചന പദ്ധതികളടക്കം ഉടൻ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പു വിജയശേഷം കെസിആർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് – ബിജെപി ഇതര മൂന്നാം മുന്നണിക്കായി പ്രയത്നം തുടരും. തെലങ്കാനയിലെ വികസന – സാമ്പത്തിക-കാർഷിക നയങ്ങൾ രാജ്യം മാതൃകയാക്കണമെന്നും കെ.സി.ആർ പറഞ്ഞു.
അതേ സമയം തോൽവി ചർച്ച ചെയ്യാൻ മഹാകൂട്ടമി നേതാക്കൾ ഇന്ന് യോഗം ചേർന്നേക്കും. വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാൻ മഹാകൂട്ടമി നേതൃത്വം സ്ഥാനാർഥികളായിരുന്നവരോട് ആവശ്യപെട്ടിട്ടുണ്ട്.
Leave a Reply