കലാഭവൻ മണിയുടെ ദുരൂഹ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയെന്നു സൂചന. ഇതു സംബന്ധിച്ചുള്ള നിർണ്ണായക തെളിവുകൾ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു ലഭിച്ചതായും നിർണ്ണായക സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസും കലാഭവൻ മണിയുടെ മരണം തമ്മിലുള്ള ബന്ധവും അന്വേഷണ വിധേയമാക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെ സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് കലാഭവൻ മണിയുടെ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയണെന്നു വെളിപ്പെടുത്തിയിരുന്നു. ഇത് പിൻതുടർന്ന് സിബിഐ നടത്തിയ അന്വേഷണമാണ് ഇപ്പോൾ നിർണ്ണായക സൂചന ലഭിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ സംവിധായകൻ ബൈജു കൊട്ടാരക്കരയെ കോഴിക്കോട് നിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു. കലാഭവൻ മണിയുടെ മരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്നു വ്യക്തമാക്കിയാണ് ഈ പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ടത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബൈജു സിബിഐയ്ക്കു മണിയുടെ മരണത്തിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ബന്ധങ്ങൾ സംബന്ധിച്ചു മൊഴി നൽകിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടി ബൈജു കൊട്ടാരക്കരയ്ക്കു വാട്‌സ് അപ്പിൽ അയച്ച ഓഡിയോ സന്ദേശവും തെളിവായി സിബിഐയ്ക്കു മുന്നിൽ ബൈജു കൊട്ടാരക്കര സമർപ്പിച്ചിട്ടുണ്ട്.
ബൈജുകൊട്ടാരക്കരയുടെ ആരോപണങ്ങൾ സിബിഐയ്ക്കു കൈമാറിയത് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനായിരുന്നു. ബൈജു കൊട്ടാരക്കരയിൽ നിന്നു മൊഴിയെടുത്ത സിബിഐ സംഘം, ബൈജുവിനു വിവരങ്ങൾ കൈമാറിയ യുവതിയിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്.