ലണ്ടന്‍: നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രം മെനയുന്നു. ഇതിനായി പ്ലാന്‍ ബി നടപ്പിലാക്കുമെന്നാണ് മെയ് പ്രസ്താവിച്ചിരിക്കുന്നത്. പിന്നാലെ പ്ലാന്‍ ബി നേരത്തേ പരാജയപ്പെട്ട ഡീലിനു സമാനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് പ്ലാന്‍ ബിയുമായി മേയ് രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ നോ ഡീല്‍ ബ്രക്സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്ലാന്‍ ബിയും പരാജയപ്പെടുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്ലാന്‍ ബിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന നിര്‍ദേശങ്ങള്‍ ആദ്യത്തെ കരട് രേഖയ്ക്ക് സമാനമാണ്. ബ്രസല്‍സുമായി പുനര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് നേരത്തെ മേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ നടന്നാലും നോ ഡീല്‍ സാധ്യതകള്‍ ഇല്ലാതാവില്ല. കൂടാതെ മറ്റൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യതയും മേയുടെ പുതിയ കരടില്‍ ഇല്ല. സമാനമായ രൂപരേഖയാണ് പാര്‍ലമെന്റില്‍ വീണ്ടും സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ മേയ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടോറികളിലെ വിമതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്ലാന്‍ ബി അംഗീകരിക്കപ്പെടുകയാണെങ്കില്‍ മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും.

താന്‍ കൊണ്ടുവരാന്‍ പോകുന്ന കരാറിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയോ മാത്രമാണ് മൂന്നിലുള്ള ഏക വഴിയെന്ന് മേയ് എം.പിമാരോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലേബര്‍ എം.പിമാരുടെയും ടോറിയിലെ വിമതരുടെയും പിന്തുണ ലഭിക്കാനാവും മേ ആദ്യം ശ്രമിക്കുക. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സമര്‍പ്പിക്കപ്പെട്ട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പ്ലാന്‍ എയുടെ പേര് മാറ്റി പ്ലാന്‍ ബി എന്നാക്കുക മാത്രമാണ് മേ ചെയ്തിട്ടുള്ളതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പരിഹസിച്ചു. എന്നാല്‍ ടോറികളും ഡിയുപിയും മേയ്ക്ക് പിന്തുണ നല്‍കിയാല്‍ പ്ലാന്‍ ബി പാസാവാനുള്ള സാധ്യത തെളിയും. ഇതിനാവും മേ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.