ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ചുള്ള പാര്‍ലമെന്റ് വോട്ടെടുപ്പ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ച് പ്രധാനമന്ത്രി. മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടത്താനാണ് പുതിയ തീരുമാനം. അറബ് ലീഗുമായുള്ള യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്റ്റിലെ ഷരം എല്‍ ഷെയിഖില്‍ എത്തിയപ്പോളാണ് മേയ് ഈ പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിക്കുകയും പാര്‍ലമെന്റ് തള്ളുകയും ചെയ്ത കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ബ്രെക്‌സിറ്റിന് രണ്ടാഴ്ച മാത്രം മുമ്പ് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിലൂടെ പ്രധാനമന്ത്രി നടത്തുന്നതെന്ന് വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റ് നീട്ടണമെന്ന വിഷയത്തിലും മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടക്കും. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലുള്ള കടുത്ത ബ്രെക്‌സിറ്റ് അമുകൂലികള്‍ ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്ന ചര്‍ച്ചയിലാണ്.

ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന വിഷയത്തിലാണ് രണ്ടാമത് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് കരാര്‍ വോട്ടു ചെയ്ത് പരാജയപ്പെടുത്തണോ എന്ന് ഇവര്‍ ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആര്‍ട്ടിക്കിള്‍ 50 നീട്ടണമെന്നും ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട മൂന്ന് ക്യാബിനറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മേയ് അംഗീകരിച്ചിട്ടില്ല. ആംബര്‍ റഡ്, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നീ യൂറോപ്പ് അനുകൂല മന്ത്രിമാരാണ് ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ബാക്ക്‌ബെഞ്ച് ആവശ്യത്തിന് പിന്തുണ നല്‍കിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നായിരുന്നു ഇവര്‍ വിശദീകരിച്ചത്.

എന്നാല്‍ ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായില്ലെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് തെരേസ മേയ് പിന്‍മാറിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ ആശാവഹമാണെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതിനാല്‍ത്തന്നെ ഉപാധികളോടെയുള്ള ബ്രെക്‌സിറ്റ് ഉറപ്പാണെന്നാണ് മേയ് പറയുന്നത്. പാര്‍ലമെന്റ് വോട്ട് വൈകിപ്പിക്കുന്നതിലൂടെ തന്റെ കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നാണ് മേയ് കരുതുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കാനായി രണ്ട് മുന്‍ ക്യാബിനറ്റ് മന്ത്രിമാരാണ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. കണ്‍സര്‍വേറ്റീവിലെ ഒലിവര്‍ ലെറ്റ്വിനും ലേബറിലെ യിവറ്റ് കൂപ്പറുമാണ് പ്രമേയം അവതരിപ്പിച്ചത്.