സല്ലാപം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് നടി മഞ്ജു വാര്യർക്കൊപ്പം ഫോട്ടോ എടുത്തതിന്റെ രസകരവും അല്പം നൊമ്പരമുള്ളതുമായ അനുഭവം പങ്കുവെച്ച് സംവിധായകനും നടനുമായ എംബി പത്മകുമാർ. ഒരു സുഹൃത്തിന്റെ അപ്രതീക്ഷിത ‘എത്തിനോട്ടം’ കാരണം മഞ്ജുവിനൊപ്പമുള്ള തന്റെ ‘കപ്പിൾ ഫോട്ടോ’ സ്വപ്നം പൊലിഞ്ഞുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. 1996-ൽ എടുത്ത ആ ചിത്രത്തിനൊപ്പം തന്നെ കുറിപ്പും പത്മകുമാർ പങ്കുവെച്ചിട്ടുണ്ട്.
സല്ലാപം പുറത്തിറങ്ങിയതിനു പിന്നാലെ മഞ്ജു വാര്യർ ശ്രദ്ധേയയായ കാലഘട്ടത്തിലാണ് സംഭവം. കേബിൾ ടിവിക്കായി ഒരു വീക്ക്ലി പരിപാടി ഒരുക്കുന്നതിനിടെയാണ് ഷൂട്ടിങ് ലൊക്കേഷനിലെത്തിയതെന്നും, അവിടെ മഞ്ജുവിനൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ ഇരുവർക്കിടയിലെ ചെറിയ ഇടവേളയിലൂടെ സുഹൃത്ത് മഹേഷ് കയറി നോക്കിയതോടെ ചിത്രം ‘ട്രാജഡി’യായി മാറിയെന്നാണ് ഓർമപ്പെടുത്തൽ.
മുപ്പത് വർഷങ്ങൾക്കിപ്പുറം ടെക്‌നോളജിയുടെ സഹായത്തോടെ ഫോട്ടോ പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് പുതിയ തിരിച്ചറിവിലെത്തിയതെന്ന് പത്മകുമാർ പറയുന്നു. പഴയൊരു ചിത്രം തിരുത്തുന്നതിൽ സമയം കളയുന്നതിനു പകരം പുതിയ കാലത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. പിന്നിൽ നിന്നുള്ള ‘എത്തിനോക്കുന്നവർ’ ചരിത്രത്തിൽ ശേഷിക്കാമെങ്കിലും, മുന്നിൽ നിന്ന് നയിക്കുന്നവർ സ്വയം അടയാളപ്പെടുത്തണം എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.











Leave a Reply