ന്യൂസ് ഡെസ്ക്
ഇന്റർനാഷണൽ വർക്കേഴ്സ് ഡേയിൽ യുകെയിൽ സമരകാഹളം മുഴങ്ങും. മക്ഡൊണാൾഡ്സിലെ ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തും. ബ്രിട്ടന്റെ പല ഭാഗങ്ങളിലുമുള്ള റെസ്റ്റോറൻറുകളുടെ പ്രവർത്തനം തടസപ്പെടുമെന്നാണ് കരുതുന്നത്. സ്ഥിരമായി മക്ഡൊണാൾഡ്സിൽ നിന്നും ബ്രേക്ക്ഫാസ്റ്റും ലഞ്ചും പതിവാക്കിയവർ ഇന്ന് പായ്ക്ക്ഡ് ഫുഡ് കൈവശം കരുതുകയോ മറ്റ് റസ്റ്റോറന്റുകളെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരും. ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് ഇന്നു ജീവനക്കാർ വാക്കൗട്ട് നടത്തുന്നത്. സെപ്റ്റംബറിൽ നടന്ന പണിമുടക്കിന്റെ തുടർച്ചയായാണ് ഇന്നത്തെ പണിമുടക്ക്.
മണിക്കൂറിന് മിനിമം വേജസ് 10 പൗണ്ടായി വർദ്ധിപ്പിക്കണമെന്നും സീറോ അവർ കോൺട്രാക്റ്റ് അവസാനിപ്പിക്കണമെന്നുമാണ് മക്ഡൊണാൾഡ്സ് ജീവനക്കാർ ആവശ്യപ്പെടുന്നത്. അഞ്ച് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളിലെ മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കും. ബേക്കേഴ്സ് യൂണിയനിൽ പെട്ട അംഗങ്ങൾ ശമ്പളത്തിലെ വിവേചനത്തിനെതിരെയും ഫിക്സഡ് കോൺട്രാക്ടിനു വേണ്ടിയും വളരെ നാളുകളായി മക്ഡൊണാൾഡ്സ് മാനേജ്മെൻറിനോട് നടപടി ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നത്.
ജീവനക്കാർക്ക് പത്തു വർഷത്തിലെ ഏറ്റവും കൂടിയ ശമ്പള വർദ്ധന ലഭിച്ചെങ്കിലും പ്രായം, ജോലിയിലെ പൊസിഷൻ, റീജിയൺ എന്നിവ അടിസ്ഥാനമാക്കിയായതിൽ അവർ അതൃപ്തരാണ്. ലോകത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മക്ഡൊണാൾഡ്സ് ജീവനക്കാരുടെ മാനുഷി അവകാശങ്ങൾ സംരക്ഷിക്കണമെന്നും മെച്ചപ്പെട്ട വർക്കിംഗ് കണ്ടീഷൻ ഒരുക്കാൻ തയ്യാറാകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. പണിമുടക്കുന്ന ജീവനക്കാർ വാറ്റ് ഫോർഡിൽ പ്രകടനം നടത്തും. വളരെ കുറച്ചു ജീവനക്കാർ മാത്രമേ പണിമുടക്കുന്നുള്ളൂ എന്നും റെസ്റ്റോറന്റുകളുടെ പ്രവർത്തനം സുഗമമായി നടക്കുമെന്നും മാനേജ്മെൻറ് പറയുന്നു.
Leave a Reply