ലണ്ടന്‍: യുകെ അഞ്ചാംപനി വിമുക്തമായി പ്രഖ്യാപിച്ചു. അഞ്ചാംപനിക്ക് ഉള്‍പ്പെടെയുള്ള എംഎംആര്‍ പ്രതിരോധ വാക്‌സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് തെളിയിച്ചതിനു ശേഷം നടന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് യുകെ ഈ രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടിയതായി പ്രഖ്യാപിക്കപ്പെടുന്നത്. 20 വര്‍ഷം മുമ്പാണ് എംഎംആര്‍ ഓട്ടിസത്തിനു കാരണമാകുമെന്ന് ഗവേഷണം തെളിയിക്കുന്നതായി പ്രചരിപ്പിക്കപ്പെട്ടത്. ഇത് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും പലരും ഈ പ്രചാരണങ്ങളുടെ സ്വാധീനത്തിലായിരുന്നു.

ലോകാരോഗ്യ സംഘടനയാണ് യുകെ മീസില്‍സ് മുക്ത രാജ്യമായി പ്രഖ്യാപിച്ചത്. റൂബെല്ല മുക്തമായി യുകെ മാറിക്കൊണ്ടിരിക്കുകയാണെന്നും സംഘടന അറിയിച്ചു. 1998ല്‍ ആന്‍ഡ്രൂ വേക്ഫീല്‍ഡ് എന്ന ഡോക്ടറായിരുന്നു എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് സമര്‍ത്ഥിച്ചത്. വാക്‌സിനേഷന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നുവെന്ന് വേക്ക്ഫീല്‍ഡ് പറഞ്ഞു. ബ്രിട്ടനിലെ വാക്‌സിനേഷന്‍ പരിപാടികളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. എന്തായാലും ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ആശ്വാസകരമെന്നാണ് ബ്രിട്ടനിലെ ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേക്ക്ഫീല്‍ഡിന്റെ പഠനഫലം ലാന്‍സെറ്റിലായിരുന്നു പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷം എംഎംആര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം 90 ശതമാനം കുറഞ്ഞിരുന്നു. ലേഖനം പ്രസിദ്ധീകരിച്ച് 5 വര്‍ഷത്തിനു ശേഷവും ചില സ്ഥലങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം 70 ശതമാനത്തില്‍ താഴെയായിരുന്നു. ഇതാണ് മീസില്‍സ് പോലെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായും തുടച്ചുനീക്കുന്നത് വൈകാന്‍ കാരണം. ഇത്തരത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് ലാന്‍സെറ്റ് പിന്നീട് പ്രതികരിച്ചത്.