ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടി നടത്തിയതിൻെറ പേരിൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് ഗവൺമെന്റ് അധികൃതർ പാർട്ടികൾ നടത്തിയ വിവാദത്തിൽ അന്വേഷണത്തെ തുടർന്ന് പിഴ ഈടാക്കുവാൻ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞതിന് പിന്നാലെയാണിത്. നിയമങ്ങളൊന്നും താൻ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ് ജോൺസൺ എംപിമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആരോപിച്ചു. അതേസമയം അന്വേഷണമായി മുന്നോട്ടുപോകാൻ പോലീസിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും മെട്രോപൊളിറ്റൻ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ബോറിസ് ജോൺസനെതിരെയും അദ്ദേഹത്തിന്റെ ഗവൺമെന്റിനെതിരെയും ഈ വിവാദത്തിൽ വൻ വിമർശനങ്ങൾ ഉണ്ടായിരുന്നു. ചില കൺസർവേറ്റീവ് എംപിമാരും ബോറിസ് ജോൺസന്റെ രാജിക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു.

 

അടുത്തിടെ യുക്രൈൻ യുദ്ധമാരംഭിച്ചതിനുശേഷം ഈ വിഷയത്തിൽ നിന്നും ശ്രദ്ധ വ്യതിചലിക്കപ്പെട്ടിരുന്നു. സീനിയർ സിവിൽ സർവെന്റ് ആയിരുന്ന സ്യു ഗ്രെയുടെ സ്വതന്ത്ര അന്വേഷണത്തിന് ശേഷമാണ് മെട്രോപൊളിറ്റൻ പോലീസ് കേസ് ഏറ്റെടുത്തത്. പോലീസ് അന്വേഷണം പൂർത്തിയായ ശേഷം ഗ്രെയുടെ റിപ്പോർട്ട് പൂർണമായ തോതിൽ പ്രസിദ്ധീകരിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയത്. ഓപ്പറേഷൻ ഹിൽമാൻ എന്ന് പേരിട്ടിരിക്കുന്ന പോലീസ് അന്വേഷണത്തിൽ 12 പാർട്ടികളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രധാനമായുള്ള ചോദ്യം. ഇതിൽ മൂന്ന് പാർട്ടികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നിരുന്നാൽ തന്നെയും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് ഈ വിവാദം.