സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ ഇതൊരു നല്ല തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ ദുബായിയിൽ പറഞ്ഞു. യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും യുഎഇ ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.

‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.’

WhatsApp Image 2024-12-09 at 10.15.48 PM

‘ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ.’–മീര ജാസ്മിൻ പറഞ്ഞു.

2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.