25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം കേരളത്തിൽ വലിയ വിവാദമായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് അവാർഡിന് അർഹമായത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നതാണ്​ ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്റെ ഏർപ്പെടുത്തിയ ഈ പുരസ്കാരം. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്. 2 കൃതികള്‍ വിവര്‍ത്തനങ്ങളും. അവയിലൊന്നാണ് മലയാളത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീശ.