സ്ത്രീകള്‍ക്ക് തെരുവില്‍ പൂവാലന്‍മാരുടെ ശല്യം നേരിടുന്നത് വര്‍ദ്ധിച്ചു വരികയാണല്ലോ. അതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളുടെ എണ്ണവും ശല്യക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ കാഠിന്യവും വര്‍ദ്ധിച്ചെങ്കിലും പൂവാലന്‍മാരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. തെരുവില്‍ ശല്യം ചെയ്തവരെ നേരിടാന്‍ വ്യത്യസ്തമായ രീതി തേടിയ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. സാധാരണഗതിയില്‍ ശല്യം ചെയ്യുന്നവരെ സ്ത്രീകള്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ 20കാരിയായ നോവ ജാന്‍സ്മ ഇവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
തന്നെ ശല്യപ്പെടുത്തിയവരെ വിളിച്ചു നിര്‍ത്തി സെല്‍ഫിയെടുക്കുകയായിരുന്നു ജാന്‍സ്മയുടെ രീതി. ഈ സെല്‍ഫികള്‍ പുറത്തു വന്നാലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ മനസിലാകാതെ പൂവാലന്‍മാര്‍ സ്റ്റൈലായി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ഡിയര്‍ ക്യാറ്റ് കോളേഴ്‌സ് എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു മാസം നീണ്ട പരിശ്രമത്തില്‍ തന്നെ ശല്യം ചെയ്തവരുടെയെല്ലാം ചിത്രങ്ങള്‍ ജാന്‍സ്മ പോസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ 30 പോസ്റ്റുകളാണ് നല്‍കിയത്. ഇതിനിടെ 45,000 ഫോളോവേഴ്‌സ് ഈ അക്കൗണ്ടിനുണ്ടായി.
സ്ത്രീകളെ ഉപകരണങ്ങളായി മാത്രം കാണുന്ന മനോഭാവത്തിനെതിരെയാണ് തന്റെ ഉദ്യമമെന്നായിരുന്നു ഓഗസ്റ്റ് അവസാനം ജാന്‍സ്മ ഇതേക്കുറിച്ച് എഴുതിയത്. എല്ലാ ചിത്രങ്ങളിലും ജാന്‍സ്മയ്ക്കു പിന്നിലായി പൂവാലച്ചിരിയുമായി നിരന്നു നില്‍ക്കുന്ന പുരുഷന്‍മാരെ കാണാം. വിവിധ പ്രായത്തിലുള്ള പുരുഷന്‍മാര്‍ തന്നെ ശല്യം ചെയ്യാനെത്തിയതായി ജാന്‍സ്മ പറയുന്നു. ഇവര്‍ക്ക് താന്‍ ചിത്രമെടുക്കുന്നത് എന്തിനാണെന്നു പോലും മനസിലായില്ലെന്ന് യുവതി പറഞ്ഞു. അത് വ്യക്തമാക്കുന്ന വിധത്തിലാണ് പലരും പോസ് ചെയ്യുന്നത്.
Leave a Reply