ഷിബു മാത്യൂ , ന്യൂസ് ഡെസ്ക് മലയാളം യുകെ.
യുകെ മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയത് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിലെത്തിയ നവാഗത മലയാളി സംഘടനയായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. മലയാളികളുടെ ഓണാഘോഷങ്ങളിൽ തിരുവാതിരയ്ക്കുള്ള സ്ഥാനം പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും പ്രവാസ ലോകത്ത് മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരുവാതിര തന്നെ.

കോവിടിൻ്റെ പരിമിതികളിൽ നിന്ന് പുറത്ത് വന്നതിന് ശേഷമുള്ള യുകെ മലയാളികളുടെ ആദ്യ ഓണാഘോഷങ്ങളായിരുന്നു സെപ്റ്റംബറിലെ വാരാന്ത്യങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള മലയാളി കൂട്ടായ്മകളിൽ നടന്നത്. യുകെയിൽ ചെറുതും വലുതുമായി ആയിരത്തിലധികം മലയാളി അസ്സോസിയേഷനുകളും മലയാളി കൂട്ടായ്മകളുമുള്ളതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ കൂട്ടായ്മകളുടെ ആഘോഷങ്ങളുടെ പ്രധാന ഇനവും തിരുവാതിര തന്നെയായിരുന്നു.

ഈ വർഷത്തെ ഓണക്കാല തിരുവാതിരകളിൽ ഏറ്റവും ജനശ്രദ്ധയാകർച്ചിച്ചത് യോർക്ഷയറിലെ കീത്തിലിയിൽ അടുത്തിടെ രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. പത്ത് പേരിൽ താഴെ പങ്കെടുക്കുന്ന തിരുവാതിരകളിയാണ് സാധാരണ പലയിടങ്ങളിലും കണ്ടുവരാറുള്ളത്. ജോലിയും കുടുംബത്തിലെ മറ്റുള്ള തിരക്കുകളുമായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ട് ഒരുമിച്ച് കൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പലപ്പോഴും തിരുവാതിരയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായിട്ടാണ് ‘പ്രതീക്ഷ’യുടെ മെഗാ തിരുവാതിര നടന്നത്.

മുപ്പത്തിയാറോളം മലയാളി മങ്കമാരാണ് പ്രതീക്ഷയുടെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.
ഒരു അസ്സോസിയേഷനിൽ നിന്ന് ഇത്രയധികം ആളുകൾ പങ്കെടുക്കുക എന്നതുതന്നെ അതിശയത്തിന് വകയേകുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള മെഗാ തിരുവാതിര സെറ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച്ച കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറി. കാണികളെ ഒന്നടംങ്കം ഹരം പിടിപ്പിക്കുന്ന അവതരണമായിരുന്നു അസ്സോസിയേഷനിലെ പെൺപടകൾ കാഴ്ച്ചവെച്ചത്. ശ്രുതിയും താളവും തെറ്റാതെ ഒരേ നൃത്തച്ചുവടുകളിൽ തിരുവാതിര കളത്തിൽ മലയാളി മങ്കമാർ നിറഞ്ഞാടിയ ധന്യ മുഹൂർത്തം അക്ഷരാർത്ഥത്തിൽ കാണികളുടെ ഹൃദയം കവരുന്നതായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമ്പോൾ ചുവടുകൾ പിഴയ്ക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അങ്ങനെ ഒരു ചെറു പിഴവു പോലും ഈ മെഗാ തിരുവാതിരയിൽ സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഓണാഘോഷത്തിന് ആഴ്ച്ചകൾക്ക് മുമ്പ് തന്നെ പ്രതീക്ഷയുടെ പെൺപടകൾ മെഗാ തിരുവാതിരയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. കീത്തിലിയിൽ നിന്ന് പതിനെട്ടും, സ്റ്റീസ്റ്റണിൽ നിന്ന് പത്തും പാർക്ക് വുഡിൽ നിന്നുള്ള എട്ടു പേരുമടങ്ങുന്ന ഗ്രൂപ്പുകൾ ചേർന്ന് മുപ്പത്താറോളം പേരാണ് മെഗാ തിരുവാതിരയിൽ പങ്ക് ചേർന്നത്. ജോയ്സി ലിബിൻ, നീരജ് അക്കു എന്നിവർ ട്രെയിനേഴ്സും സോജി ദിപു, ജിൻ്റു ജോമിഷ്, ജോമോൾ ജ്യോതി എന്നിവർ കോർഡിനേറ്റേഴ്സായി കീത്തിലി ഗ്രൂപ്പിനെ നയിച്ചു. രാഖി ഷിൻസ്, ലിഞ്ചു ടോണി എന്നിവർ സ്റ്റീറ്റൺ ഗ്രൂപ്പിനേയും, മിന്നു സൽജിത്, സരിത ശ്രീജേഷ്, ജിഫ്ന ബിനു രാജ് എന്നിവർ പാർക്കു വുഡ് ഗ്രൂപ്പിനേയും നയിച്ചു.

ചെതും വലുതും ഗ്രൂപ്പുകളിലായി പാർക്കുകളിലും, ജോലി സ്ഥലത്തും, വീടുകളിലും മറ്റുമായി രാത്രി പകൽ വ്യത്യാസമില്ലാതെയായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലനം നടന്നത്. ജീവിതത്തിൽ ഇതുവരെയും ഒരു നൃത്തച്ചുവടുപോലും വെയ്ക്കാത്ത പലരും പരിശീലനത്തിൻ്റെ അവസാന ഭാഗത്തെത്തിയപ്പോൾ അടുക്കും ചിട്ടയോടും ചിലങ്കയണിഞ്ഞവരോടൊപ്പമെത്തി എന്നതും ശ്രദ്ധേയമാണ്. നൈറ്റും ലോഗ് ഡേ ഷിഫ്റ്റ് ജോലിയുമൊക്കെ കഴിഞ്ഞാണ് പലരും പരിശീലനത്തിനെത്തിയിരുന്നത്. ഓപ്പസിറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കുക എന്നതായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലന കാലത്ത് പരിശീലകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് പരിശീലകരിലൊരാളായ ജോയ്സി ലിബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രദേശികരടക്കം മലയാളികൾ സായാഹ്നം ചിലവഴിക്കുന്ന ക്ലിഫ്കാസിൽ ഗ്രൗണ്ടായിരുന്നു മൂന്ന് ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്നുള്ള പരിശീലനത്തിൻ്റെ പ്രധാനയിടം. കുട്ടികളോടൊപ്പം ഉല്ലാസത്തിനെത്തിയ പാക്കിസ്ഥാനികളടക്കമുള്ള പ്രാദേശികർക്ക് മലയാളികളുടെ തിരുവാതിര പരിശീലനം വേറിട്ടൊരു കാഴ്ച്ചയായിരുന്നു. വ്യത്യസ്ത നിറങ്ങളോടെയുള്ള ട്രസ്സിട്ടുകൊണ്ടുള്ള പരിശീലനത്തിൻ്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും ചിലർ മറന്നില്ല.

ലോകത്തിൻ്റെ ഏത് മൂലയിൽ ചെന്നാലും ഗ്രഹാതുരത്വമുളവാക്കുന്ന മലയാളി സംസ്ക്കാരം മലയാളികൾ കാത്ത് സൂക്ഷിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സെപ്റ്റംബർ ഒമ്പതാം തീയതി കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറിയത്.

പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനെ നയിക്കുവർ ഇവരാണ്.
പ്രസിഡൻ്റ് ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ.

കമ്മറ്റിയംഗങ്ങൾ.
രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം എന്നിവരാണ്.

ഫോട്ടോഗ്രാഫി രംഗത്ത് പ്രഗത്ഭരായ ഏയർ വാലി സ്റ്റുഡിയോ, കീത്തിലി പകർത്തിയ മെഗാ തിരുവാതിരയുടെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.