രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. പുതുമുഖങ്ങളും പ്രമുഖരും മന്ത്രിസഭയില്‍ ഇടംപിടിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. പുതിയ സര്‍ക്കാരിന് 100 ദിന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.

പുതിയ തുടക്കമെന്നാണ് പുതിയ സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരാണ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള കൂടിയാലോചനകള്‍ നടത്തുന്നത്. ആര്‍.എസ്.എസിന്‍റെ താല്‍പര്യങ്ങളും പ്രാദേശിക പരിഗണനകളും കണക്കിലെടുക്കും. ലോക്സഭയില്‍ നിന്നായിരിക്കും ഇത്തവണ കൂടുതല്‍ മന്ത്രിമാര്‍. രാജ്യസഭയില്‍ അംഗങ്ങളായ പ്രമുഖമന്ത്രിമാര്‍ ലോക്സഭയിലേയ്ക്ക് ജയിച്ചുവെന്നതും ലോക്സഭയിലെ അംഗബലം കൂടിയെന്നതും ഇതിന് കാരണമാണ്. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി എന്നിവയ്ക്ക് കാര്യമായ പരിഗണന കിട്ടും.

അമിത് ഷാ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. ആരോഗ്യം മോശമായതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെഡിയുവിന്‍റെ മോഹം. പിഎംഒ ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങി സുപ്രധാന പദവികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ക്ഷണമില്ല. നേരത്തെ നിശ്ചയിച്ച വിദേശ പര്യടനമുള്ളതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞയ്ക്ക് എത്തില്ല. പകരം ജൂണ്‍ 8 ന് ഹസീന നേരിട്ടെത്തി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിക്കും.