ന്യൂസ് ഡെസ്ക് മലയാളം യുകെ
ബക്കിംഗ്ഹാം: കൊട്ടാരം ഉദ്യോഗസ്ഥരെ മേഗൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അന്വേഷണം ഉണ്ടാകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം. രാജകീയ പദവിയിൽ ഇരിക്കുമ്പോഴാണ് മേഗന് നേരെ പരാതി ഉയർന്നത്. തനിക്കെതിരായ ആരോപണത്തിൽ മേഗൻ ദുഃഖിതയാണെന്ന് അവളുടെ വക്താവ് അറിയിച്ചു. “ഭീഷണിപ്പെടുത്തലോ ഉപദ്രവമോ സഹിക്കില്ല” എന്ന് കൊട്ടാരം പറഞ്ഞു. ഹാരിയും മേഗനും കെൻസിംഗ്ടൺ കൊട്ടാരത്തിൽ താമസിക്കുന്നതിനിടെയാണ് 2018 ഒക്ടോബറിൽ പരാതി ഉയരുന്നത്. സ്റ്റാഫ് അംഗത്തിൽ നിന്ന് ചോർന്ന ഇമെയിലിൽ രണ്ട് സ്വകാര്യ സഹായികളെ മേഗൻ വീട്ടിൽ നിന്ന് പുറത്താക്കിയതായി ആരോപിക്കുന്നു. ടൈംസ് ദിനപത്രമാണ് ഇത് പുറത്തുവിട്ടത്. മൂന്നാമത്തെ സ്റ്റാഫ് അംഗത്തെ മേഗൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
കൊട്ടാരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ ഇപ്രകാരം പറഞ്ഞു “മേഗനെതിരെ മുൻ സ്റ്റാഫുകൾ നടത്തിയ അവകാശവാദങ്ങളെത്തുടർന്ന് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. അതനുസരിച്ച്, ഞങ്ങളുടെ എച്ച്ആർ ടീം പത്രലേഖനത്തിൽ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങൾ പരിശോധിക്കും. അക്കാലത്ത് ഉൾപ്പെട്ടിരിക്കുന്ന സ്റ്റാഫ് അംഗങ്ങളെ, വീട്ടിൽ നിന്ന് പുറത്തുപോയവരെയടക്കം അവശ്യമെങ്കിൽ തിരികെ വിളിക്കും. ഇന്നലെ പ്രഖ്യാപിച്ച അന്വേഷണം, ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തെ ഗൗരവമായി കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
മാർച്ച് 7 ഞായറാഴ്ച വൈകുന്നേരം യുഎസിലെ സിബിഎസിൽ സംപ്രേഷണം ചെയ്യുന്ന ഓപ്ര വിൻഫ്രെയുമായുള്ള മേഗന്റെയും ഹാരി രാജകുമാരന്റെയും ടിവി അഭിമുഖത്തിന് മുന്നോടിയാണിത്. യുകെയിൽ, മാർച്ച് 8 തിങ്കളാഴ്ച 21:00 ജിഎംടിയിൽ അഭിമുഖം ഐടിവിയിൽ പ്രദർശിപ്പിക്കും. രാജകീയ പദവി, വിവാഹം, മാതൃത്വം എന്നീ നിലകളിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ചും പൊതുജന സമ്മർദ്ദത്തിൽ ജീവിതം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും അഭിമുഖം നടത്തുമെന്ന് സിബിഎസ് അറിയിച്ചു. ഹാരിയും അഭിമുഖത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള അവരുടെ നീക്കത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദമ്പതികൾ സംസാരിക്കും.
Leave a Reply