മലപ്പുറം: നാടിനെ നടുക്കിയ മേലാറ്റൂര്‍ കൊലപാതകത്തിന് പിന്നില്‍ പിതൃസഹോദരന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് തിരിച്ചറിഞ്ഞു. ഒന്‍പത്കാരനെ തട്ടിക്കൊണ്ട് പോയ ശേഷം കുട്ടിയുടെ പിതാവും തന്റെ സഹോദരനുമായ അബ്ദുല്‍സലാമിന്റെ കൈയ്യിലുള്ള മൂന്ന് കിലോ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ അത്രയും സ്വര്‍ണമോ പണമോ സലാമിന്റെ കൈകളില്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണം തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ കുറ്റകൃത്യം മറച്ചു പിടിക്കാന്‍ കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് താഴെക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തുന്നതിന് മുന്‍പ് ഇയാള്‍ കുട്ടിയുമായി സിനിമാ തീയേറ്ററിലും ബിരിയാണി ഹട്ടിലുമൊക്കെ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടി തട്ടിക്കൊണ്ടു പോകല്‍ തിരിച്ചറിയാതിരിക്കാനാണ് സിനിമാ കാണിക്കാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹിനെ ഈ മാസം പതിമൂന്നിനാണ് കാണാതാവുന്നത്. പിതൃസഹോദരന് കൂടിയായ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് ഷഹീനിനെ സ്കൂളില്‍ നിന്ന് ബൈക്കില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി രാത്രി ഉള്‍പ്പെടെ കറങ്ങിയ ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയിട്ടാണ് മടങ്ങിയതെന്ന് മുഹമ്മദ് പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഷഹീനിന്റെ മൃതദേഹം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Leave a Reply