മെല്‍ബണില്‍ കാറപടകത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനെ കോടതി രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചു.

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റായ ഡിംപിള്‍ ശിക്ഷാ കാലാവധിക്കു ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തപ്പെട്ടേക്കും. 2016 ഓഗസ്റ്റ് എട്ടിന് മെല്‍ബണിലെ ക്രാന്‍ബേണിലാണ് കേസിനാസ്പദമായ കാറപകടമുണ്ടായത്. സൗത്ത് ഗിപ്സ്ലാന്റ് ഹൈവേയില്‍ റോഡിലെ സൈന്‍ ബോര്‍ഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാന്‍ നോക്കിയപ്പോഴാണ് അപകടകമുണ്ടായത് എന്നാണ് കേസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിര്‍ബന്ധമായും ഇടത്തേക്ക് തിരിയണം എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകള്‍ കടന്ന് ഡിംപിള്‍ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് എതിര്‍ വശത്തു നിന്ന് വന്ന കാര്‍ ഡിംപിളിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. 28 ആഴ്ച ഗര്‍ഭിണിയായ ആഷ്‌ലി അലനായിരുന്നു ഈ കാര്‍ ഓടിച്ചിരുന്നത്. വയറ്റില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, എമര്‍ജന്‍സി സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിന്റെ ആഘാതം മൂലം രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചു.

മരണകാരണമാകുന്ന രീതിയില്‍ അപകടകരമായി വണ്ടിയോടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിന് മെല്‍ബണ്‍ കൗണ്ടി കോടതി രണ്ടര വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കുറ്റം ഡിംപിള്‍ നേരത്തേ സമ്മതിച്ചിരുന്നു. 31കാരിയായ ഡിംപിള്‍ തോമസ്, ആരോഗ്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. സംഭവ സമയത്ത് ഗര്‍ഭിണിയായിരുന്ന ഡിംപിളിന്റെ ഗര്‍ഭം അപകടത്തിനു ശേഷം അലസുകയും ചെയ്തിരുന്നു. പത്തു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെങ്കിലും, ഡിംപിളിന്റെ പേരില്‍ ഇതുവരെ കേസുകളൊന്നും ഇല്ല എന്നതും, കുടുംബത്തിന്റെ സ്ഥിതിയും കൂടി പരിഗണിച്ചാണ് രണ്ടര വര്‍ഷമാക്കി തടവു കുറച്ചത്. അതില്‍ 15 മാസം മാത്രം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.