ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോകമെമ്പാടുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങളുടെയും സമാന കുറ്റകൃത്യങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും, ചിത്രീകരിക്കാൻ കൂട്ടു നിൽക്കുകയും ചെയ്ത 33 പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ഭൂഖണ്ഡങ്ങളിലായി 11 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും 33 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ 17 പേരും സ്പെയിനിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരും അന്വേഷണം നേരിട്ടവരുമായ സ്പെയിൻകാരിൽ അധികംപേരും 18 വയസ്സിൽ താഴെയുള്ളവരാണ്. 15 വയസ്സുകാരനായ ആൺകുട്ടിയും കേസിൽ പ്രതിയാണ്. തീവ്രമായ പല ചിത്രങ്ങളെയും വളരെ നിസ്സാരമായാണ് പ്രതികൾ കണക്കാക്കുന്നത്.
ഉറുഗ്വേയിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇരയായ കുട്ടിയുടെ അമ്മയാണ്. കുട്ടിയെ ഉപദ്രവിച്ചതും ഗ്രൂപ്പിലേക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും ഇവരാണ്. മറ്റൊരു കേസിൽ അറസ്റ്റിലായ 29 കാരൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനോടൊപ്പം മറ്റ് ഗ്രൂപ്പ് അംഗങ്ങളെ പെൺകുട്ടികളുമായി പരിചയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ആയി തെരഞ്ഞെടുത്ത പെൺകുട്ടികൾ പോലീസിനോട് പരാതിപ്പെടാൻ സാധ്യതയില്ലാത്ത അഭയാർഥികൾ ആയിരിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്പെയിൻ നാഷണൽ പോലീസിന് രണ്ട് വർഷം മുൻപ് ഇമെയിൽ സന്ദേശത്തിലൂടെ ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. യൂറോ പോൾ, ഇന്റർപോൾ, ഇക്വഡോർ കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ പോലീസ് സേനയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. യുകെ, ഇക്വഡോർ, കോസ്റ്റാറിക്ക, പെറു, ഇന്ത്യ ഇറ്റലി, ഫ്രാൻസ്, പാകിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അതി തീവ്ര സ്വഭാവം ഉള്ള ക്രൂരമായ പീഡനങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചവയിലധികവും. ഗ്രൂപ്പിലെ ചിലർ വാട്സാപ്പ് സ്റ്റിക്കറുകൾ ആയും ഇവ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ ഇരകളായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
Leave a Reply