ജോൺ കുറിഞ്ഞിരപ്പള്ളി

ജെയിംസ് ബ്രൈറ്റിൻ്റെ വികലവും ക്രൂരവുമായ മനസ്സ് വെളിവാക്കുന്നതായിരുന്നു അയാളുടെ പ്ലാനുകൾ.  “നായർ”.ബ്രൈറ്റ് വിളിച്ചു.

“സാർ”.

“നമ്മൾ നായാട്ടിന് പോയിട്ട് ഒരു മാസം ആകുന്നു.ഈ വീക്ക് എൻഡ് നായാട്ടിന് പോകാം എന്ന് വിചാരിക്കുന്നു.ഞാൻ ഒരു പ്ലാൻ റെഡിയാക്കിയിട്ടുണ്ട്.ഗ്രൂപ്പിലുള്ള എല്ലാവരോടും തയ്യാറായി ഇരിക്കാൻ പറയണം”

“ഇപ്പോൾ കാലാവസ്ഥ നല്ലതല്ല സർ.രണ്ടാഴ്ച കഴിഞ്ഞിട്ടുപോരെ?”നായർ ചോദിച്ചു.

“കുടക് അതിർത്തിയിൽ ഒരു പുതിയ സ്ഥലത്തു് പോകാം.”

“അവിടെ ഇപ്പോൾ മഴയുടെ സമയമാണ്”

“സാരമില്ല മിസ്റ്റർ നായർ.എന്താ നിങ്ങൾക്ക് ഭയമാണോ?എങ്കിൽ നിങ്ങൾ പോരേണ്ട”

ജെയിംസ് ബ്രൈറ്റിന് എന്തായാലും നായാട്ടിന് പോയെ പറ്റൂ.നായർ പിന്നെ എന്തുപറയാനാണ്?.

“കുടക് അതിർത്തിയിൽ പോയാൽ ആ പ്രദേശത്തെക്കുറിച്ചു് മനസ്സിലാക്കുകയും ചെയ്യാം.മൂന്ന് ദിവസത്തേക്ക് തയ്യാറായിക്കോളു. ഇത്തവണ കുഞ്ഞിരാമനേയും കൊണ്ടുപോകാം .”ബ്രൈറ്റ് എല്ലാം തീരുമാനിച്ച മട്ടാണ്.

സാധാരണ നായാട്ടിന് പോകുമ്പോൾ കുഞ്ചുവിനെ കൊണ്ടുപോകാറില്ല.ഇങ്ങനെ ഒരു മാറ്റത്തിന്ന് എന്താണ് കാരണം?

ബ്രൈറ്റിൻ്റെ മനസ്സിലിരിപ്പ് ചതിയാകാനാണ് സാധ്യത.സൂത്രത്തിൽ അവനെ അപായപ്പെടുത്താനായിരിക്കും ജെയിംസ് ബ്രൈറ്റിൻ്റെ പദ്ധതി എന്ന് നായർക്ക് തോന്നി.

കുഞ്ചു ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കുന്നത് ബ്രൈറ്റിന് ഒട്ടും ഇഷ്ടമല്ല. ഇപ്പോൾ ഇങ്ങനെ ഒരു താല്പര്യം കാണിക്കുന്നത് സംശയിക്കണം.

എങ്ങിനെ കുഞ്ചുവിനെ നായാട്ടിന് കൊണ്ടുപോകാതിരിക്കാം?, എന്നതായി നായരുടെ ചിന്ത.

കുഞ്ചുവും ആൻ മരിയയും തമ്മിലുള്ള സൗഹാർദ്ദം ബ്രൈറ്റിൻ്റെറെ ഉള്ളിൽ  സംശയം ആളിക്കത്തിക്കുന്നുണ്ട്.

ഊർജ്വസ്വലനും സമർത്ഥനുമായിരുന്നു കുഞ്ചു.ജെയിംസ് ബ്രൈറ്റിൻ്റെ ക്രൂരമായ പദ്ധതി മനസ്സിലാക്കാനുള്ള വക്രത അവനില്ല.മനസ്സിൽ കളങ്കമില്ലാത്ത ധീരനായ ഒരു ചെറുപ്പക്കാരനാണ് അവൻ

ധീരരായ അങ്ക ചേകവന്മാരുടെ  രക്തത്തിൽ പിറന്നവൻ.

നേരെ നിന്ന് പൊരുതുന്നവൻ.

എത്ര ധൈര്യശാലികളാണെങ്കിലും ചതിയിൽ പരാജയപ്പെടാം.

എങ്ങിനെ  ഈ കാര്യം കുഞ്ചുവിനോട് പറയും?

പറഞ്ഞാലും അവൻ വിശ്വസിക്കണമെന്നില്ല.തൻ്റെ തെറ്റിധാരണകൊണ്ടോ ഭയംകൊണ്ടോ പറയുന്നതാണ് എന്നും ചിന്തിക്കാം.

പുറത്തറിഞ്ഞാൽ തൻ്റെ ജീവനും ആപത്താകും.

പ്ലാൻ ചെയ്തിരുന്ന ദിവസം എല്ലാവരും തയ്യാറായി വന്നു.മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം,താമസിക്കാനുള്ള ടെൻറ്  നായാടികിട്ടുന്ന മൃഗങ്ങളെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ എല്ലാംതയ്യാറാക്കിയിട്ടുണ്ട്

കുഞ്ചവും അതിയായ ഉത്സാഹത്തിലാണ്.

അവൻ ആദ്യമായി സായിപ്പിൻ്റെ കൂടെ നായാട്ടിനു പോകുകയാണ്.

ജെയിംസ് ബ്രൈറ്റിൻ്റെ നായാട്ട് പ്രസിദ്ധമാണ്.

ഇരുപതോളം പേർ, നാല് തോക്കുകാർ ,മൂന്ന് വേട്ട നായ്ക്കൾ അടങ്ങിയതാണ് ആ ഗ്രൂപ്പ്.ഷാർപ്പ് ഷൂട്ടർ ആണ് ബ്രൈറ്റ്.ഇംഗ്ലണ്ടിൽനിന്നുംകൊണ്ടുവന്ന ഇരട്ട ബാരൽ ഉള്ള ഒന്നാന്തരം വിഞ്ചസ്റ്റർ മാർക്ക്  തോക്കാണ് അയാളുടെ കയ്യിലുള്ളത്.

കൂടാതെ ജാക്കറ്റിനടിയിൽ ഒരു കോൾട്ട് റിവോൾവർ എപ്പോഴും കാണും.

മറ്റു മൂന്നു പേരുടേയും കയ്യിലുള്ളത് സിംഗിൾ ബാരൽ തോക്കുകളാണ്.

തലശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള പല കൊല്ലന്മാരും തോക്കു നിർമാണത്തിൽ സമർത്ഥന്മാരായിരുന്നു.പക്ഷെ തോക്കിൽ നിറക്കുന്ന തിരകൾ ലഭ്യമല്ലായിരുന്നു.അതിന് ഇംഗ്ലണ്ടിൽ നിന്നും  കൊണ്ടുവരുന്ന തിരകളെ ആശ്രയിക്കേണ്ടിവന്നു.

ശങ്കരൻ നായർക്കും നന്നായി തോക്ക് ഉപയോഗിക്കാൻ അറിയാം.നായാട്ടിൽ വളരെ  താല്പര്യമുള്ള ആളുമാണ്.

എങ്കിലും ഉള്ളിൽ ഒരു ഭയം,അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഒരു തോന്നൽ.

എല്ലാവരും കെട്ടും ഭാണ്ഡവുമായി ബംഗ്ലാവിൻ്റെ മുൻപിലെ മൈതാനത്തു് കൂടിയിരിക്കുകയാണ്.ഒരു ഉത്സവത്തിൻറെ പ്രതീതിയാണ് എങ്ങും.മൈതാനത്തു് അവർ ആടുകയും പാടുകയും ഗുസ്തിപിടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എല്ലാവരും പുറപ്പെടാൻ തയ്യാറായി.

“പോകാം”.നായർ പറഞ്ഞു.

അവർ പുറത്തേക്കുപോകുമ്പോൾ ആൻ  മരിയ അവിടേക്ക് വന്നു.

“കുഞ്ചു,ആർ  യു ഗോയിങ് ഫോർ ഹണ്ടിങ് ?

“എസ്”.

“നോ.നോ.നിങ്ങൾ പോകുന്നില്ല.ഇന്ന് എനിക്ക് ക്ലാസ്സ് ഉള്ളതാണ്.അത്  മറന്നു പോയോ?”

കുഞ്ചു ഒന്ന് പരുങ്ങി.

“മാഡം ……….”

ശങ്കരൻ നായർ പറഞ്ഞു,”ശരിയാണ്,നീ വരണ്ട,മറ്റൊരു അവസരത്തിൽ ആകട്ടെ.”

നായർ പറഞ്ഞാൽ പിന്നെ അതിനുമാറ്റമില്ല.

മനസ്സില്ലാ  മനസ്സോടെ കുഞ്ചുവിന് അത് സമ്മതിക്കേണ്ടി വന്നു.

കുഞ്ചു വരുന്നില്ല എന്നറിഞ്ഞ ബ്രൈറ്റിന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.അയാൾ കാരണങ്ങൾ ഒന്നും പറയാതെ ബംഗ്ളാവിനു ചുറ്റും അലറിക്കൊണ്ട് നടന്നു.കണ്ണിൽ കണ്ടവരെയെല്ലാം ചീത്ത വിളിച്ചു,തട്ടിക്കയറി.ബ്രൈറ്റ് എന്തുകൊണ്ടാണ് ഇങ്ങനെ ബഹളം കൂട്ടുന്നതെന്ന് ശങ്കരൻ നായർ ഒഴിച്ച് ആർക്കും മനസ്സിലായില്ല.

സാധാരണ നായാട്ട് എന്നുപറഞ്ഞാൽ ഒരു വലിയ ആഘോഷം പോലെ  ആണ്.ബ്രൈറ്റിൻ്റെ താൽപര്യക്കുറവ് നായാട്ട് സംഘത്തേയും ബാധിച്ചു.

ഇത് ആരോ നിർബ്ബന്ധിച്ചു്  നടത്തുന്ന ഒരു ചടങ്ങുപോലെ ആയി മാറി.ഒരു ഉത്സാഹവുമില്ലാതെ അവരുടെ സംഘം നായാട്ടിനുപോയി.

ഏതാനും കാട്ടുപന്നികളുമായി രണ്ടാം ദിവസം അവർ തിരിച്ചുവന്നു.

“ജെയിംസ് ബ്രൈറ്റിന് എന്തുപറ്റി?”, എന്ന് എല്ലാവരും പരസ്പരം ചോദിച്ചു.

ഒരാഴ്ചയോളം ബ്രൈറ്റ് മൗനിയായി കാണപ്പെട്ടു.തൻ്റെ പദ്ധതി പൊളിഞ്ഞുപോയതിൻ്റെവിഷമം ആണ് അത് എന്ന് ശങ്കരൻ നായർക്ക് അറിയാം.

നായർ ആൻ മരിയയെക്കൊണ്ട് കുഞ്ചുവിനെ ഒഴിവാക്കിയതാണ് എന്ന വിവരം ആരും അറിഞ്ഞില്ല.ആൻ മരിയയ്ക്ക് പോലും എന്താണ് കാര്യം എന്ന് മസ്സിലായില്ല.

ശങ്കരൻ നായർ മനസ്സിൽ കരുതി,ഇയാളെ സൂക്ഷിക്കണം,പരമ ദുഷ്ട്ടനാണ്,ചതിയനാണ്..

 

ഇന്ത്യയിലെ ചിലസ്ഥലങ്ങളിൽ ഉൽപാദിപ്പിക്കുന്ന പരുത്തി ഇംഗ്ലണ്ടിലേക്ക് കയറ്റി അയക്കുന്നുണ്ടായിരുന്നു.അത്  തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നാരോ ഗേജ് റെയിൽ ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് ജെയിംസ് ബ്രൈറ്റിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. .

കൂർഗിൽ നിന്നും വനവിഭവങ്ങൾ ട്രാൻസ്‌പോർട്ട് ചെയ്യുന്നതിന്  ഈ മാർഗം പരീക്ഷിക്കുന്നത് നന്നായിരിക്കും എന്ന് അയാൾ റെസിഡൻറിനെ ധരിപ്പിച്ചു.

മുറിക്കുന്ന തടികൾ മൈസൂരിലേക്ക് കൊണ്ടു പോകുന്നതിനു പകരം  മലബാർ പ്രദേശത്തെ തലശ്ശേരി തുറമുഖത്ത് എത്തിച്ചു് അവിടെ നിന്ന് കപ്പലിൽ  ഇംഗ്ലണ്ടിലേക്ക് അയക്കുന്നത് ആണ് ലാഭകരം എന്ന് ജെയിംസ് ബ്രൈറ്റ് മനസ്സിലാക്കി.

വനവിഭവങ്ങൾ നാരോ  റെയിൽ ലൈൻ വഴി കാട്ടിൽ കൂടി കൂട്ടുപുഴ  എത്തിക്കുക. അവിടെനിന്ന് അത് പുഴ വഴി തലശ്ശേരിയിൽ കൊണ്ടുവരിക.ഇതായിരുന്നു ആദ്യത്തെ പ്ലാൻ.

എന്നാൽ നായർ അതിനോട് യോജിച്ചില്ല.

“വേനൽക്കാലത്തു പുഴയിൽ വെള്ളം കുറവും മഴക്കാലത്തു മലവെള്ളത്തിൻ്റെ ഒഴുക്കും മൂലം  രൗദ്രസ്വഭാവവുമുള്ള പുഴയാണ്.അതുകൊണ്ട് പുഴവഴി തടികൾ തുറമുഖത്തു എത്തിക്കുക വളരെ പ്രയാസകരം ആയിരിക്കും”. ഇതായിരുന്നു നായരുടെ അഭിപ്രായം.

അതിനുപുറമെ പുഴയിൽ പലസ്ഥലങ്ങളിലും വലിയ പാറക്കൂട്ടങ്ങൾ ഉയർന്നു നിൽക്കുന്നത് ഇത്  ദുഷ്കരമാക്കും എന്ന് അവർക്ക് അറിയാമായിരുന്നു.

ബ്രൈറ്റിന് നായർ പറയുന്നത് ശരിയാണ് എന്ന് തോന്നി.

തലശ്ശേരിയിൽ നിന്ന് മൈസൂർ വരെ നാരോ റെയിൽവേ ലൈൻ പണിയുന്നതിനുള്ള ഒരു പ്ലാൻ ജെയിംസ് ബ്രൈറ്റ് തയ്യാറാക്കി.എന്നാൽ അതിൻ്റെ സാങ്കേതിക  വശങ്ങളെക്കുറിച്ച് അയാൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.

ഈ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി മൈസൂരിലുള്ള റെസിഡൻറിനെ സന്ദർശിക്കുകയും ചർച്ചകൾ നടത്തേണ്ടതും ആവശ്യമായിരുന്നു.

സാങ്കേതിക വശങ്ങളെക്കുറിച്ചു പഠിക്കുന്നതിനായി  സിഡ്‌നി സ്മിത്ത് എന്ന എഞ്ചിനീയറെ കൽക്കട്ട റെയിൽ വേയിൽ നിന്നും  റസിഡന്റ് കുറച്ചുദിവസത്തേക്ക് വരുത്തി.

റെസിഡൻറിന് ബ്രൈറ്റ്  കൊടുത്തിരിക്കുന്ന പ്ലാനുകൾ വെറും ഉഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നു സിഡ്‌നി സ്മിത്തിന് മനസ്സിലായി .

“ദൂരം, റെയിൽവേ കടന്നുപോകുന്ന പ്രദേശങ്ങൾ തുടങ്ങിയവക്കൊന്നും പ്ലാനിൽ വ്യക്തത ഇല്ല”.സ്മിത്ത് അഭിപ്രായപ്പെട്ടു.

” പ്രൊജക്റ്റ് റിപ്പോർട്ടിൽ  റൂട്ട്,കുറഞ്ഞദൂരം തുടങ്ങിയകാര്യങ്ങൾ പഠന വിധേയമാക്കണം  അടിസ്ഥാനപരമാ യ കാര്യങ്ങളിൽ വ്യക്തത വരുത്തണം.” എന്ന് നിർദ്ദേശിച്ച് സിഡ്നി സ്മിത്ത് തിരിച്ചു പോയി.

ആദ്യം വേണ്ടത് കുറഞ്ഞ ദൂരത്തിൽ ഒരു റോഡ് നിർമ്മിക്കുകയാണ്.എന്നാൽ  മാത്രമേ റെയിൽവേ ലൈൻ നടപ്പിലാക്കാൻ സാധിക്കുകയുള്ളു,എന്ന് ബ്രൈറ്റിന് സമ്മതിക്കേണ്ടിവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോഡില്ലാതെ എങ്ങിനെ റെയിൽവേ ലൈൻ പണിയും?

മൈസൂരിൽ നിന്നും തലശ്ശേരി വരെ എത്ര ദൂരം ഉണ്ട് എന്നുപോലും കൃത്യമായി അറിയില്ല.ഒരു വഴിപോലും നിലവിൽ ഇല്ല..അതിൻ്റെ പ്രധാന കാരണം  ആ റൂട്ടിൽ ആളുകൾ യാത്ര ചെയ്യുന്നില്ല എന്നതായിരുന്നു.

തലശ്ശേരിയിൽനിന്നും മടിക്കേരി വഴി  മൈസൂരിലേക്ക് സർവ്വേ നടത്തി ഒരു വഴി കണ്ടുപിടിക്കുക എന്നത് നിസ്സാരമായ കാര്യമല്ല.അതിൻ്റെ പ്രധാനമായ കാരണം ഭൂമിശാസ്ത്രപരമായിട്ടുള്ള സ്ഥിതി ആയിരുന്നു.

കൊടും കാടും വന്യമൃഗങ്ങളും മാത്രമായിരുന്നില്ല പ്രശ്നങ്ങൾ.

വസൂരിയും  മലമ്പനിയും മൺസൂണും മറ്റുമായി സമയം കടന്നുപോയിക്കൊണ്ടിരുന്നു.

മലമ്പനിയും മറ്റുരോഗങ്ങളുമായും അപകടത്തിൽപെട്ടും ഈ കാലഘട്ടത്തിൽ അവരുടെ സംഘത്തിൽ ഉണ്ടായിരുന്ന എട്ടുപേർ മരിച്ചു..

മലമ്പനിയെ ചെറുക്കുന്നതിന് ആകെ ഉപയോഗിക്കുന്നത് മഞ്ഞനിറത്തിലുള്ള”കൊയ്‌ന ” എന്ന പേരിലുള്ള ഒരു ഗുളിക മാത്രമായിരുന്നു.

ആദിവാസികളും വന്യ മൃഗങ്ങളും നടക്കുന്ന വഴികൾ ആന താരകൾ  ഒക്കെ ഉപയോഗിച്ചായിരുന്നു കാട്ടിൽ കൂടിയുള്ള അവരുടെ യാത്ര.

പലപ്പോഴും കാട്ടിൽ വഴി തെറ്റി അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവന്നു.

“അഗാധമായ ഗർത്തങ്ങളിൽ വീണ് അപകടം ഉണ്ടാകാതിരിക്കുന്നതിനും  വന്യമൃഗങ്ങളിൽ നിന്നും രക്ഷപെടുന്നതിനും കാട്ടിൽ നല്ല പരിചയമുള്ള ആദിവാസികളുടെ സഹായം  തേടുന്നതാണ് നല്ലത് ,”എന്ന അഭിപ്രായം ശങ്കരൻനായർ ജെയിംസ് ബ്രൈറ്റിൻ്റെ മുമ്പിൽ വച്ചു.

അതിന്റെ പ്രധാന കാരണം ഉൾവനങ്ങളിൽ അവർക്ക് നല്ല പരിചയമുണ്ട് എന്നതായിരുന്നു.

വലിയ കുഴികൾ  കരിയിലകളാൽ മൂടി കിടക്കും.അതിൽ ചവിട്ടുന്നവർ അഗാധമായ കുഴികളിലേക്കു വീണുപോകും.

അവിടെ അവരെ കാത്തിരിക്കുന്നത് പെരുമ്പാമ്പുകൾപോലുള്ള ജീവികളും.

കടുവകൾ ആയിരുന്നു മറ്റൊരു വലിയ ആപത്തു്. പെട്ടന്ന് മുൻപിൽ പ്രത്യക്ഷപ്പെടുന്ന കടുവകളെ ഭയപ്പെടുത്താൻ പാടില്ല.നിശ്ചലമായി അവയുടെ കണ്ണുകളിൽ നോക്കി നിൽക്കണം .അല്പം കഴിയുമ്പോൾ അവ തിരിഞ്ഞു പൊയ്ക്കൊള്ളും.സാധാരണയായി കടുവകളെ പ്രകോപിപ്പിച്ചില്ലങ്കിൽ അവ മനുഷ്യരെ ഉപദ്രവിക്കില്ല.

പക്ഷെ നായ്ക്കൾ കൂടെയുണ്ടങ്കിൽ കൂടുതൽ ശ്രദ്ധ വേണം.

പാമ്പുകളായിരുന്നു മറ്റൊരു പ്രധാന പ്രശനം.പെരുമ്പാമ്പുകളിൽ നിന്നും  വിഷപാമ്പുകളിൽ നിന്നും രക്ഷപെടുന്നതിന് ആദിവാസികൾക്ക് അവരുടേതായ പ്രതേക മാർഗങ്ങളുണ്ടായിരുന്നു.

ഇങ്ങനെയുളള കാടിന്റെ ഭാഷ അറിയാവുന്നവർ ആദിവാസികളാണ്.അവരുടെ സഹായം കിട്ടിയാൽ കാര്യങ്ങൾ വേഗത്തിൽ നടത്താം എന്ന് ബ്രൈറ്റിന് ബോധ്യമായി.

നാട്ടുകാരായ തൊഴിലാളികളെ ഇത്തരം ജോലികൾക്ക് കിട്ടില്ല.

പക്ഷെ ആദിവാസികളെ കൂട്ടിന് കിട്ടുക അത്ര എളുപ്പവും അല്ല .

അഥവാആരെയെങ്കിലും കിട്ടിയാലും ബ്രൈറ്റിൻ്റെ പരുക്കൻ പെരുമാറ്റം അവരെ ഭയപ്പെടുത്തും നായർ വിചാരിച്ചു .

കുടക് ഭൂപ്രദേശങ്ങളിൽ പല വിഭാഗങ്ങളിൽപെട്ട ആദിവാസികളെ കാണാമായിരുന്നു.

പണിയകൾ ,കൊറഗകൾ ,ഡോംബാസ് തുടങ്ങിയ പേരുകളിൽ ഇവർ അറിയപ്പെടുന്നു.

പണിയ വിഭാഗത്തിൽപെട്ടവർ കൂട്ടമായി സഞ്ചരിക്കുന്നവരാണ്.നാട്ടുകാരുമായി ഒരുവിധം സമ്പർക്കം ഉള്ള ഗ്രൂപ്പാണ് ഇത്.അവരുടെ ഭാഷ പണിയ എന്നറിയപ്പെടുന്നു.

കൊറഗ വിഭാഗത്തിൽപെടുന്നവർ ചെറിയ കൂട്ടങ്ങളും സാധുക്കളും ആണ്.അവരുടെ ഭാഷ പ്രാകൃതമായ കന്നഡ തമിഴ് ഭാഷകളുടെ സങ്കലനമാണ് എന്നുതോന്നും.എന്നാൽ ആ ഭാഷകളുമായി അതൊരു ബന്ധവും ഇല്ല താനും .

ഓരോ ആദിവാസി സമൂഹവും വ്യത്യസ്ത സ്വഭാവവും ജീവിതരീതികളും ആചാരങ്ങളും പിന്തുടരുന്നവരാണ്.

അവസാനം ആദിവാസികളുടെ സഹായം തേടാൻ  ബ്രൈറ്റിന് സമ്മതിക്കേണ്ടി വന്നു.

എന്നാൽ അത് അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ല.അവരുടെ വിശ്വാസം നേടി അവരെ വരുതിയിലാക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല.

ഏറ്റവും വലിയ പ്രശനം പലരും അക്രമ സ്വഭാവമുള്ള കാടിൻ്റെ മക്കൾ ആയിരുന്നു എന്നതാണ്.

ആദിവാസികളുമായി എങ്ങിനെ ബന്ധപ്പെടും എന്നത് ആർക്കും അറിഞ്ഞുകൂട.

മലബാർ പ്രദേശങ്ങളായ ഇരിട്ടി, കൂട്ടുപുഴ,വളവുപാറ ആറളം,ചരൽ,കിളിയന്തറ തുടങ്ങിയ സ്ഥലങ്ങങ്ങളിൽ ചുരുക്കമായി നാട്ടുകാർ താമസ്സിക്കുന്നുണ്ട്.ആദിവാസികൾ ആ പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടുകാരുമായി ബന്ധപ്പെടാറുണ്ട്  എന്ന് കേൾക്കുന്നുണ്ട്.

“എങ്ങിനെയെങ്കിലും അവരുമായി സമ്പർക്കം സ്ഥാപിച്ചു അവരുടെ വിശ്വാസം  നേടിയെടുക്കണം”, എന്ന് നായർ അഭിപ്രായപ്പെട്ടു…

ശങ്കരൻ നായർക്ക് ഈ ജോലികളിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല.അതിന്റെ കാരണം അത് നായരുടെ ജോലിയിൽ പെട്ടത് ആയിരുന്നില്ല എന്നതുതന്നെ.ഇപ്പോൾത്തന്നെ ആവശ്യത്തിലധികം തിരക്കുണ്ട് .എങ്കിലും ജെയിംസ് ബ്രൈറ്റിനെ മുഷിപ്പിക്കണ്ട എന്നു വിചാരിച്ചു സഹകരിക്കുകയായിരുന്നു.

 

ഇതിനിടയിൽ ആൻ മരിയയും ബ്രൈറ്റും തമ്മിലുള്ള വഴക്കും ചീത്തവിളിയും കൂടിക്കൂടി വന്നു..

ബ്രൈറ്റ് ശരിക്കും വിഷാദരോഗത്തിന് അടിപ്പെട്ടതുപോലെ കാണപ്പെട്ടു.

ഇത്തരം അവസരങ്ങളിൽ തൻ്റെ ഓവർ കോട്ടിനടിയിൽ എപ്പോഴും സൂക്ഷിക്കുന്ന റിവോൾവർ ബ്രൈറ്റ് പുറത്തെടുക്കും.അത് വൃത്തിയാക്കുക തിരകൾ മാറ്റിയിടുക മാറ്റിയ തിരകൾ വീണ്ടും വീണ്ടും മാറ്റിയിടുക ഇങ്ങനെ  വീണ്ടും വീണ്ടും ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കും.

കാണുന്നവരിൽ ഭയം ജനിപ്പിക്കുന്നതായിരുന്നു ബ്രൈറ്റിൻ്റെ ഇത്തരം വേലകൾ.

ഒരു ദിവസം കാലത്തു് പതിവുപോലെ കുഞ്ചു ആൻ മരിയയെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രൈറ്റ് അവിടേക്കു ചെന്നു.ഒരു പൂച്ചയെപ്പോലെ പതുങ്ങി അയാൾ വരുന്നത് ആൻ മരിയ കാണുന്നുണ്ടായിരുന്നു..

അയാളുടെ കൈകൾ കോട്ടിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന റിവോൾവറിൽ അമർന്നു.ബ്രൈറ്റിൻ്റെ വരവ് ആൻ മരിയക്ക് ഇഷ്ടപ്പെട്ടില്ല.

 “വാട്ട്?”ആൻ മരിയ ചോദിച്ചു.

 “സ്റ്റോപ്പ് ദിസ്നോൺ സെൻസ് ” ‘

“വാട്ട് ടു യു മീൻ? വാട്ട് നോൺസെൻസ്?”.

ബ്രൈറ്റ് ഒന്നു പരുങ്ങി. “എനിക്ക് ഇത് ഇഷ്ടമല്ല “.

“എനിക്ക് ഇഷ്ടമാണ് “

“നിൻറെ ഇഷ്ടം എനിക്ക് പ്രശനമല്ല.”

“എനിക്കും “

അവരുടെ വഴക്കിനിടയിൽ കുഞ്ചു വിഷമത്തിലായി.

“യു, ഗെറ്റ് ലോസ്റ്റ് “.ബ്രൈറ്റ് കുഞ്ചുവിനെ നോക്കി അലറി. ബ്രൈറ്റ് പോക്കറ്റിൽ നിന്നു റിവോൾവർ പുറത്തെടുത്തു. കഞ്ചു അക്ഷോഭ്യനായി അവിടെ തന്നെ നിന്നു.

ജെയിംസ് ബ്രൈറ്റ് അത് പ്രതീക്ഷിച്ചിരുന്നില്ല.തോക്ക് കാണുമ്പോൾ അവൻ പേടിച്ചു് സ്ഥലം വിടുമെന്നാണ്  അയാൾ വിചാരിച്ചത്.

അപ്പോൾ ശങ്കരൻ നായർ അവിടേക്ക് വന്നു.

നായരെ കണ്ട്  ബ്രൈറ്റ് പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു.

“ക്യാരി ഓൺ .  ഞാൻ ഒരു തമാശ കാണിച്ചതല്ലേ. തുടർന്നോളൂ. എന്താ നിങ്ങൾ എല്ലാവരും പേടിച്ചുപോയോ?എന്താ നായർ? “.ബ്രൈറ്റ് പൊട്ടിച്ചിരിച്ചു.

വീണ്ടും വീണ്ടും അയാൾ ചിരിച്ചുകൊണ്ടിരുന്നു.

അഭിനയം നന്നാകുന്നുണ്ട്,നായർ മനസ്സിൽ വിചാരിച്ചു.

നായർ പോക്കറ്റിൽ കയ്യിട്ടു.

“എന്താ നായർ?വാട്ട് ഈസ് ദാറ്റ്?”നായർ പോക്കറ്റിൽ കയ്യിടുമ്പോൾ ധരിച്ചിരുന്ന ഷർട്ട് അല്പം സൈഡിലേക്ക് മാറി.നായരുടെ അരയിൽ ഒരു റിവോൾവർ ഒളിപ്പിച്ചുവച്ചിരിക്കുന്നു.ബ്രൈറ്റ് ഞെട്ടിപ്പോയി.ശങ്കരൻ നായർക്ക് എവിടെനിന്നുകിട്ടി ഒരു റിവോൾവർ?നാട്ടുകാരായ ബ്ലാക്ക് സ്മിത്ത് കൾ റിവോൾവർ നിർമ്മിക്കുന്നതായി കേട്ടിട്ടുണ്ട്.എങ്കിലും ജെയിംസ് ബ്രൈറ്റ് അത് കണ്ടതായി ഭാവിച്ചില്ല.

ഒന്നും പറയാതെ നായർ ബ്രൈറ്റിനെ നോക്കി.

ആൻ മരിയയും അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

അവരുടെ നോട്ടങ്ങളിൽ  ജെയിംസ് ബ്രൈറ്റ് അസ്വസ്ഥനായി കാണപ്പെട്ടു.

ജെയിംസ്  ബ്രൈറ്റ് കുഞ്ചുവിനോട് പറഞ്ഞു,”കമോൺ,എൻ്റെ കൂടെ വരൂ”.

“നോ,കുഞ്ചു ഇപ്പോൾ വരുന്നില്ല”നായർ പറഞ്ഞു.

ബ്രൈറ്റ് നായരെ തുറിച്ചുനോക്കി.തന്നെ ചോദ്യം ചെയ്യാൻ മാത്രം നായർ വളർന്നിരിക്കുന്നു?

നായരുടെ മുഖഭാവം ജെയിംസ് ബ്രൈറ്റിനെ വല്ലാതെ അസ്വസ്ഥനാക്കി.

ജെയിംസ് ബ്രൈറ്റ് കയ്യിലിരുന്ന  തൻ്റെ റിവോൾവർ ചൂണ്ടുവിരലിൽ കൊളുത്തി വേഗത്തിൽ  കറക്കിക്കൊണ്ടിരുന്നു.

ബ്രൈറ്റിൻ്റെ അപകടകരമായ ഈ അഭ്യാസം എല്ലാവരുടേയും ഉള്ളിൽ ഭയം ജനിപ്പിച്ചു.എന്ത് കഥയില്ലായ്മയാണ് ഈ മനുഷ്യൻ കാണിക്കുന്നത്?

ശങ്കരൻ നായർ ബ്രൈറ്റിൻ്റെ അടുത്തേക്ക് ചെന്നു.പോക്കറ്റിൽ നിന്നും ഒരു ലെറ്റർ പുറത്തെടുത്തു് അയാളുടെ നേരെ നീട്ടി.

ബ്രൈറ്റ് അതുവാങ്ങി വായിക്കുവാൻ  തുടങ്ങുമ്പോൾ ആൻ മരിയയും കുഞ്ചുവും ഒന്നിച്ചു പുറത്തേക്കുപോയി.

കത്ത് വായിക്കുന്നത് നിറുത്തി ജെയിംസ് ബ്രൈറ്റ് ആൻ മരിയ  പോകുന്നതും നോക്കി നിന്നു.ഒരു പരാജിതൻ്റെ പകയുടെ നോട്ടമാണത് ശങ്കരൻ നായർ വിചാരിച്ചു.

ജോൺ കുറിഞ്ഞിരപ്പള്ളി