സിഎഫ് തോമസ് എംഎല്‍എയുടെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമാവുന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായകരില്‍ ഒരാളെ കൂടിയാണ്. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് എറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എക്കാലത്തും കെഎം മാണിയുടെ അടിയുറച്ച പിന്തുണക്കാരനായിരുന്നു സിഎഫ് തോമസ് എന്ന ചെന്നിക്കര ഫ്രാന്‍സിസ് തോമസ്. എന്നാല്‍ മാണിയുടെ നിര്യാണത്തിന് പിന്നാലെ ജോസഫ് പക്ഷത്തിനോടൊപ്പം നിന്ന് ജോസ് പക്ഷത്തെ ഞെട്ടിക്കുകയായിരുന്നു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം.
1956 ല്‍ കെ എസ് യുവിലൂടെയാണ് സിഎഫ് തോമസ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. പിടി ചാക്കോയായിരുന്നു ആരാധ്യനായ നേതാവ്. വിമോചന സമരത്തിന്‍റെ ഭാഗമായി പിടി ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സിഎഫ് തോമസ് സജീവ പങ്കാളിയായിരുന്നു. പിടി ചാക്കോയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അനുയായികള്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ മുന്‍നിരയില്‍ സിഎഫ് തോമസും ഉണ്ടായിരുന്നു.
കേരള കോണ്‍ഗ്രസിന്‍റെ ആദ്യത്തെ ചങ്ങനാശ്ശേരി നിയോജക മണ്ഡലം സെക്രട്ടിയായിരുന്നു സിഎഫ് തോമസ്. പാര്‍ട്ടി രൂപീകരണം മുതല്‍ കെഎം മാണിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് പല വിഭാഗങ്ങളായി പിളര്‍ന്നപ്പോഴും എക്കാലത്തും സിഎഫ് തോമസ് കെഎം മാണിക്കൊപ്പം ഉറച്ചു നിന്നു. ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവില്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനാണ്
തുടര്‍ച്ചയായി 9 തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1980 ലായിരുന്നു ആദ്യവിജയം. പിന്നീട് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ചങ്ങനാശ്ശേരിയുടെ പ്രതിനിധി സിഎഫ് തോമസ് തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി, എകെ ആന്‍റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.
പലപ്പോഴും കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ അടിയുറച്ച് നിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായതും സിഎഫ് തോമസിന്‍റെ ഇടപെടലുകളായിരുന്നു. കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ മറിച്ചിടാനുള്ള ഇടത് നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തടയിട്ടതില്‍ സിഎഫ് തോമസിന്‍റെ പങ്ക് ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസിന് അകത്തെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് മാണിയെ പിന്തിരിപ്പിച്ച് മാണിയെ യുഡിഎഫില്‍ തന്നെ നിര്‍ത്തുന്നതിലും പ്രധാന സ്വാധീനമായത് തോമസിന്‍റെ ഇടപെടലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വിട്ടെങ്കിലും പിന്നീട് മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിലും സിഎഫ് തോമസിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നു.
മാണിയുടെ നിര്യാണത്തിന് പിന്നാലെ നടന്ന പിളര്‍പ്പില്‍ പിജെ ജോസഫ് പക്ഷത്തേക്ക് നിങ്ങാനുള്ള സിഎഫ് തോമസിന്‍റെ തീരുമാനത്തിന് പിന്നിലേയും പ്രധാന കാരണം യുഡിഎഫ് സ്വാധീനമായിരുന്നു. ജോസഫിനെ വെട്ടാന്‍ സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ആവട്ടെ എന്ന അടവ് ജോസ് മുന്നോട്ട് വെച്ചെങ്കിലും അതിന് വഴങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
പഴയ മാണി ഗ്രൂപ്പില്‍ നിന്നുള്ള പലരേയും ജോസഫിന് കീഴിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് സിഎഫ് തോമസിന്‍റെ കടന്നു വരവായിരുന്നു. ജോസഫുമായുള്ള തര്‍ക്കങ്ങളില്‍ ജോസ് കെ മാണിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയും സിഎഫ് തോമസിന്‍റെ നിലപാടായിരുന്നു. ജോസഫ് പക്ഷത്തേക്ക് കൂറുമാറിയെങ്കിലും ഒരു ഘട്ടത്തിലും സിഎഫ് തോമസിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ജോസ് പക്ഷം തയ്യാറാവാതിരുന്നത് അദ്ദേഹത്തിന് കേരള കോണ്‍ഗ്രസ് അണികളിലുള്ള സ്വാധീനം കണക്കിലെടുത്ത് കൊണ്ടുകൂടിയായിരുന്നു.
അസുഖ ബാധയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ സിഎഫ് തോമസിന് സാധിച്ചിരുന്നില്ല. വിപ്പ് ലംഘനം ആരോപിച്ച് ജോസഫിനും മോന്‍സ് ജോസഫിനും എതിരെ അയോഗ്യതാ നോട്ടീസ് നല്‍കുമ്പോള്‍ സിഎഫ് തോമസിനെ ഒഴിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് ജോസ് വിഭാഗം ആശ്വാസമായി കണ്ടിരുന്നു.
നിയമസഭയില്‍ എത്തിയവരില്‍ സിഎഫ് തോമസും ഉണ്ടായിരുന്നെങ്കില്‍ പതിറ്റാണ്ടുകളായി മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവിനെതിരെ അയോഗ്യത നടപടി സ്വീകരിക്കുന്നതിലെ ധാര്‍മിക പ്രശ്നം ജോസ് വിഭാഗത്തെ അലട്ടുമായിരുന്നു. സിഎഫ് തോമസ് സഭയില്‍ എത്താതിരുന്നതിനാല്‍ മാത്രമാണ് ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവാന്‍ സാധിച്ചത്.
ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നാണ് സിഎഫ് തോമസ് ജനിക്കുന്നത്. എസ്ബി കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ അദ്ദേഹം എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു…
1980 ൽ കേരള കോൺഗ്രസ്സ് (എം) ഇടത് മുന്നണിയിലായിരുന്നത് കൊണ്ട് സാർ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് ആദ്യമായി ചങ്ങനാശേരി എം എൽ എ ആവുന്നത്. പിന്നീട് ഇതുവരെ 40 വർഷം ചങ്ങനാശേരിയുടെ അനിഷേധ്യ ജനപ്രതിനിധിയായി തുടർന്നു. കൂപ്പു കൈകളോടെ സിഎഫ് സാറിന് ആദരാഞ്ജലികൾ
Leave a Reply