പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണയം എന്‍എച്ച്എസില്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ രോഗമുള്ളവരില്‍ പകുതിയാളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി രണ്ട് തവണയെങ്കിലും ജിപിമാരെ കാണേണ്ടി വന്നിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആറ് ശതമാനം പുരുഷന്‍മാര്‍ക്ക് രോഗ സ്ഥിരീകരണത്തിനായി അഞ്ച് തവണയെങ്കിലും ജിപിമാരെ കാണേണ്ടതായി വന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി അപ്പോയിന്റ്‌മെന്റ് പോലുമെടുക്കാതെ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഞ്ചിലൊന്ന് രോഗികളും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
ബ്രെസ്റ്റ് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വെറും 9 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാമത്തെ ജിപി സന്ദര്‍ശനം ആവശ്യമായി വരുന്നുള്ളു എന്നിരിക്കെയാണ് ഇത്. ജിപിമാരും രോഗികളും രോഗലക്ഷണങ്ങളെ അവഗണിക്കുന്ന പ്രവണത പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ കാര്യത്തിലുണ്ടെന്നും ക്യാന്‍സര്‍ ചാരിറ്റിയായ ഓര്‍ക്കിഡ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യുകെയില്‍ ഓരോ വര്‍ഷവും 12,000 പേര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. 47000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യാറുണ്ട്.
അടുത്ത രണ്ട് ദശകങ്ങളില്‍ ഈ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മരണങ്ങള്‍ സ്തനാര്‍ബുദ മരണങ്ങളുടെ എണ്ണത്തെ കവച്ചു വെച്ചു. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മാത്രം കണ്ടെത്തപ്പെടുന്നതാണ് ഇതിന് കാരണം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ 2016ലെ ക്യാന്‍സര്‍ എക്‌സ്പീരിയന്‍സ് സര്‍വേയില്‍ നിന്നുള്ള വിവരങ്ങളാണ് ഓര്‍ക്കിഡ് സര്‍വേ അവലംബിച്ചിരിക്കുന്നത്.
Leave a Reply