നോര്‍ത്ത് യോര്‍ക്ക്ഷയര്‍: കാഴ്ചയും കേള്‍വിയും നശിച്ച വളര്‍ത്തു നായയെ തലയില്‍ ആണിയടിച്ചു കയറ്റി കുഴിച്ചു മൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് നാല് മാസം വീതം തടവ്. റെഡ്കാര്‍ സ്വദേശികളായ മൈക്കിള്‍ ഹീത്ത്‌കോക്ക്, റിച്ചാര്‍ഡ് ഫിഞ്ച് എന്നിവര്‍ക്കാണ് കോടതി ആനിമല്‍ വെല്‍ഫെയര്‍ ആക്ട് പ്രകാരം തടവ് വിധിച്ചത്. പ്രായമായ നായയുടെ ചികിത്സയ്ക്ക് ചെലവാകുന്ന പണം ലാഭിക്കാനാണ് ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് തെളിഞ്ഞത്. സ്‌കാംപ് എന്ന 16 വയസുള്ള ടെറിയര്‍ നായയ്ക്കാണ് ക്രൂരത അനുഭവിക്കേണ്ടി വന്നത്.
മൈക്കിള്‍ ഹീത്ത്‌കോക്കും സുഹൃത്ത് റിച്ചാര്‍ഡ് ഫിഞ്ചും ചേര്‍ന്ന് സ്ംപിനെ നായയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും ആണി തലയില്‍ അടിച്ചു കയറ്റുകയും ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടുകയായിരുന്നുവെന്ന് ആര്‍എസ്പിസിഎയ്ക്കു വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ജോണ്‍ എല്‍വുഡ് കോടതിയില്‍ പറഞ്ഞു. ഹീത്ത്‌കോക്കിന്റെ വളര്‍ത്തുനായയായിരുന്നു സ്‌കാംപ്. കിര്‍ക്കില്‍ആതം വുഡിലാണ് ഇവര്‍ നായയെ കുഴിച്ചു മൂടിയത്. പിന്നീട് അതുവഴി വന്ന ദമ്പതികള്‍ മണ്ണിനടിയില്‍ നിന്ന് നായയുടെ നിലവിളി കേള്‍ക്കുകയും സ്‌കാംപിനെ ജീവനോടെ കണ്ടെത്തുകയുമായിരുന്നു.

1

ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നായയുടെ തലയ്ക്ക് ആറ് അടിയെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് നായെ കൊല്ലാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയ കോടതി ഇരുവര്‍ക്കും നാല് മാസം വീതം തടവ് ശിക്ഷ നല്‍കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവര്‍ക്ക് ശിക്ഷ വിധിക്കുന്നത് കാത്ത് വളര്‍ത്തുനായ്ക്കളുമായി കോടതിക്കു മുന്നില്‍ എത്തിയത്.