ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്തംബർലാൻഡിൽ ലോകപ്രശസ്തമായ സൈക്കമോർ ഗ്യാപ് മരം വെട്ടിമാറ്റിയതിന് രണ്ടു പേർക്ക് ശിക്ഷ വിധിച്ചു. കംബ്രിയയിൽ നിന്നുള്ള 39 വയസ്സുള്ള ഡാനിയൽ മൈക്കൽ ഗ്രഹാമിനും 32 വയസ്സുള്ള ആദം കാരൂത്തേഴ്‌സീനും ആണ് നാല് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ ലഭിച്ചത് . ഡാനിയൽ ഗ്രഹാമും ആദം കാരൂത്തേഴ്‌സും അവരുടെ വിചാരണയിൽ ക്രിമിനൽ നാശനഷ്ടങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു . മദ്യപിച്ച് നടത്തിയ പ്രവർത്തി എന്ന വാദം കോടതി അംഗീകരിച്ചില്ല.
നോർത്തംബർലാൻഡിൽ സ്ഥിതി ചെയ്യുന്ന സിക്കാമോർ ഗ്യാപ്പ് ട്രീ രാജ്യത്തെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള മരങ്ങളിൽ ഒന്നാണ്. ലോകത്തിൽ തന്നെ ഒട്ടേറെ വിനോദ് സഞ്ചാരികളെ ആകർഷിക്കുന്ന റോമൻ നിർമ്മിത ഹാഡ്രിയൻസ് മതിലിന് സമീപം 200 വർഷത്തിലധികം പഴക്കമുള്ള പ്രശസ്ത സൈക്കാമോർ ഗ്യാപ്പ് എന്ന വൻ മരമാണ് ഒറ്റ രാത്രികൊണ്ട് വെട്ടിമാറ്റപ്പെട്ടത്. സംഭവം പ്രാദേശിക സമൂഹത്തിലും പുറത്തും വലിയ ഞെട്ടലും ദേഷ്യവും ഉണ്ടാക്കിയിരുന്നു .റോബിൻ ഹുഡ്‌സ് ട്രീ എന്നറിയപ്പെടുന്ന മരം മനപ്പൂർവ്വം വെട്ടിമാറ്റിയതാണെന്ന് നാഷണൽ പാർക്ക് അതോറിറ്റി അധികൃതർ പ്രതികരിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച ഹാഡ്രിയന്റെ മതിലിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. റോമൻ സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി സംരക്ഷിക്കുന്നതിനായി ഏകദേശം 1,900 വർഷങ്ങൾക്ക് മുമ്പാണ് ഈ മതിൽ നിർമ്മിച്ചത്.1991-ൽ കെവിൻ കോസ്റ്റ്‌നർ അഭിനയിച്ച റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്‌സ് എന്ന സിനിമയിലൂടെയാണ് ഈ മരം ലോക ജനതയ്ക്ക് പരിചിതമായത്. 2016ൽ വുഡ്‌ലാൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച മത്സരത്തിൽ ട്രീ ഓഫ് ദ ഇയർ ആയും സൈക്കാമോർ ഗ്യാപ്പ് തിരഞ്ഞെടുക്കപ്പെട്ടു.
Leave a Reply