ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ നടി മേനക സുരേഷിന്റെ പേരും. ബിജെപി ഏറെ പ്രതീക്ഷ വയ്‌ക്കുന്ന തിരുവനന്തപുരം സീറ്റിലാണ് മേനകയുടെ പേരും പരിഗണനയിലുള്ളത്. സുരേഷ് ഗോപി, വി.വി.രാജേഷ് എന്നിവരുടെ പേരും തിരുവനന്തപുരത്തെ പട്ടികയിലുണ്ട്. ശോഭ സുരേന്ദ്രന്റെ പേര് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇല്ല.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് കോന്നിയിലാണ് പരിഗണിക്കുന്നത്. നേമത്തെ കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന് അറിഞ്ഞ ശേഷമായിരിക്കും ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കുക. വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, ആറന്മുള, മഞ്ചേശ്വരം, തൃശൂർ എന്നീ സീറ്റുകളിലും കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.
കാട്ടാക്കടയിൽ പി.കെ.കൃഷ്‌ണദാസ്, കോഴിക്കോട് നോർത്തിൽ എം.ടി.രമേശ്, മണലൂരിൽ എ.എൻ.രാധാകൃഷ്‌ണൻ, മലമ്പുഴയിൽ സി.കൃഷ്‌ണകുമാർ, നെടുമങ്ങാട് ജെ.ആർ.പത്മകുമാർ, അരുവിക്കരയിൽ സി.ശിവൻകുട്ടി, പാറശാലയിൽ കരമന ജയൻ, ചാത്തന്നൂരിൽ ഗോപകുമാർ എന്നിവരുടെ പേരാണ് അന്തിമ സാധ്യത പട്ടികയിൽ. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും.
രണ്ട് ദിവസത്തിനുള്ളിൽ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് പോകും. പിന്നീട് കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം ഡൽഹിയിൽ വച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ രാഹുൽ ഗാന്ധിയോ മത്സരിച്ചാലും ബിജെപി ജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
Leave a Reply