ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ് പട്ടണത്തിലെ കോർപ്പറേഷൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ രണ്ട് പിഞ്ചുകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച കുട്ടികളുടെ 43 കാരിയായ അമ്മയെ ആദ്യം കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് മെഡിക്കൽ വിദഗ്ധരുടെ പരിശോധനയിൽ അവർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനസികാരോഗ്യ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.


ഞായറാഴ്ച രാവിലെ 7.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത് . വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസും പോലീസും വീട്ടിലെത്തിയപ്പോഴാണ് രണ്ടും മൂന്നും വയസുള്ള സഹോദരങ്ങളായ മേരാജ് ഉൽ സഹ്‌റയെയും അബ്ദുൽ മൊമിൻ അൽഫാതെയെയും പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയെങ്കിലും, ആശുപത്രിയിലെത്തിച്ചപ്പോൾ അവർ മരിച്ചിരുന്നു. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾക്ക് നേരെ അതിക്രമമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും സംഭവത്തിന്റെ യഥാർത്ഥ കാരണത്തെ കുറിച്ച് വ്യക്തതയില്ല. അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികൾ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇങ്ങനെയൊരു ദുരന്തം ഇവിടെ സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല എന്ന് അയൽവാസിയായ മാഡിസൺ സിംകോക്ക് പറഞ്ഞു. സ്റ്റാഫോർഡ് എം.പി ലീ ഇൻഗ്ഹാം ഈ സംഭവം “പൂർണ്ണമായും ഹൃദയഭേദകമാണ്” എന്ന് ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ അനാവശ്യ അനുമാനങ്ങൾ പരത്തരുതെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സ്റ്റാഫോർഡ്ഷയർ പോലീസ‍് സംഭവത്തെ കുറിച്ച് സ്വതന്ത്ര പോലീസ് മോണിറ്ററിംഗ് ഏജൻസിയായ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ടിന് (IOPC) വിവരം നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പ്രദേശവാസികളുടെ സഹകരണം വിലമതിക്കാനാവാത്തതാണെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു.